ലിയോൺ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡിസംബറിൽ യു.എ.ഇയിൽ നടക്കുമെന്നറിയിച്ച 89-ാമത് ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവെച്ചു. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചരിത്രത്തിൽ ആദ്യമായാണ് ജനറൽ അസംബ്ലി മാറ്റിവയ്‌ക്കുന്നത്.
ഈ വർഷം ലോകത്തവിടെയും 89-ാമത് ജനറൽ അസംബ്ലി നത്തുന്നത് അഭികാമ്യമല്ലെന്നും അത് അസാധ്യമാണെന്നുമാണ് ഇന്റർപോൾ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നിഗമനം. നിയമപരവും സാങ്കേതികവും ആയ കാരണങ്ങളാൽ വെർച്വൽ ജനറൽ അസംബ്ലി നടക്കാനുളള സാഹചര്യമില്ലെന്നും പ്രസ്താവനയിൽ ഇന്റർപോൾ വ്യക്തമാക്കുന്നു.
ഭീകരവാദത്തിനെതിരായ സഹകരണം,സംഘടിത കുറ്റകൃത്യങ്ങൾ, പോലീസിങ്ങിന്റെ ഇടയിലുളള ക്രിമിനൽ നെറ്റ് വർക്കുകൾ എന്നിവയാണ് 194 അംഗങ്ങൾ പങ്കെടുക്കുന്ന വാർഷിക സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.
‘കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി യുഎഇ അധികൃതർ കിണഞ്ഞുപരിശ്രമിച്ചിരുന്നു. നിർഭാഗ്യവശാൻ മുൻകൂട്ടി തീരുമാനിച്ചിരുന്ന പ്രകാരം ഈ വർഷം ജനറൽ അസംബ്ലി നടത്തുന്നത് പ്രായോഗികമല്ല.’ ഇന്റർപോൾ സെക്രട്ടറി ജനറൽ ജുർഗെൻ സ്റ്റോക്ക് പറഞ്ഞു.
2022ൽ 91-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിക്ക് ഇന്ത്യയെയാണ് ആതിഥേയത്വം വഹിക്കുന്നതിനായി നിർദേശിച്ചിരുന്നത്. എന്നാൽ നിലവിൽ ഈ വർഷത്തെ ജനറൽ അസംബ്ലി മാറ്റിവെച്ചത് ഭാവി അസംബ്ലികൾ സംബന്ധിച്ച തീരുമാനത്തെ എങ്ങനെയാണ് ബാധിക്കുക എന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: