തിരുവനന്തപുരം: കൊറോണ വ്യാപനം തുടരുമ്പോഴും സ്വകാര്യ ആശുപത്രികളുടെ കൊള്ളയടി തടയാതെ സര്‍ക്കാര്‍. ജൂലൈ അവസാന വാരത്തോടെയാണ് കൊറോണ പരിശോധനാ നിരക്ക് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് പുല്ലുവില നല്കി സ്വകാര്യ ആശുപത്രികള്‍ ഇപ്പോഴും തോന്നും പടിയാണ് ജനങ്ങളില്‍ നിന്ന് പണം ഈടാക്കുന്നത്. ജനറല്‍ വാര്‍ഡിന് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയൂ 6500 രൂപ, ഐസിയു വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന നിരക്കുകള്‍. പിപിഇ കിറ്റിനുള്ള ചാര്‍ജ്ജും ഈടാക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം ആശുപത്രികളിലും ഈ നിരക്കല്ല ഈടാക്കുന്നത്.
ഒരു ജില്ലയിലെ തന്നെ പല സ്വകാര്യ ആശുപത്രികളിലും പല നിരക്കാണ്. ചില ആശുപത്രികള്‍ കൊറോണ രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോള്‍ത്തന്നെ 50,000 രൂപ വരെ മുന്‍കൂട്ടി അടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള രോഗിയാണെങ്കില്‍ തോന്നുംപടിയാണ് ആശുപത്രി അധികൃതര്‍ ബില്ലിടുന്നത്. ഇത് പ്രത്യക്ഷത്തില്‍ രോഗിക്കു നഷ്ടമുണ്ടാക്കില്ലെങ്കിലും ഇരട്ടിലാഭമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിക്കു പുറത്തേക്കു തുക പോയാല്‍ അതുകൂടി രോഗിയുടെ കുടുംബം നല്‍കേണ്ട അവസ്ഥയാണ് നിലവില്‍.
നല്കിയ ചികിത്സയ്ക്കു മാത്രമല്ല ഇല്ലാത്ത ചികിത്സയുടെ പേരിലും പണം കൊള്ളയടിക്കുകയാണ് ചില സ്വകാര്യ ആശുപത്രികള്‍. ഓക്സിജന്‍ സഹായം ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലാത്ത ഒരാളുടെ ബില്ലില്‍ പ്രതിദിനം 1400 രൂപ വരെ അധികമായി ഓക്സിജന്‍ ചാര്‍ജ്ജായി ചേര്‍ക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. ഇത്തരം കാര്യങ്ങള്‍ ബന്ധുക്കള്‍ക്കു പരിശോധിക്കാന്‍ കഴിയില്ലെന്ന സാധ്യതയാണ് ആശുപത്രി അധികൃതര്‍ മുതലെടുക്കുന്നത്. രോഗിക്ക് നല്‍കാത്ത മരുന്നിന് വരെ ഇത്തരത്തില്‍ ബില്ലിടുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2300 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചതെങ്കിലും മിക്ക ആശുപത്രികളും 3500 രൂപയ്ക്ക് മുകളിലാണ് ഈടാക്കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ മിക്ക ആശുപത്രികളിലും രോഗികളുടെ തിരക്ക് നന്നേ കുറവ്. എന്തായാലും, എന്തിനും ഏതിനും ഡോക്ടറുടെ കണ്സള്ട്ടേഷന് കൂടിയേ തീരൂ എന്ന വാശിയും സ്വകാര്യ ആശുപത്രികള്‍ക്കുണ്ട്. ഡോക്ടറുടെ കണ്സള്ട്ടേഷന് ഫീസ് 200ല്‍ നിന്നും പല ആശുപത്രികളും 400 ആക്കിയിട്ടുണ്ട്. ഇതോടൊപ്പം മൂന്നു ദിവസം കഴിഞ്ഞ് വീണ്ടും ഡോക്ടറെ കാണാന്‍ വന്നാല്‍ രോഗി വീണ്ടും ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശവും പല ആശുപത്രികളും ഇതിനോടകം നടപ്പാക്കി.
അഡ്മിറ്റായ രോഗിയുടെ ബില്ലിനെക്കുറിച്ച് ബന്ധുക്കള്‍ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപം ഉന്നയിച്ചാലോ, സര്‍ക്കാര്‍ നിരക്ക് ചൂണ്ടിക്കാട്ടുകയോ ചെയ്താല്‍ ബില്‍ അടയ്ക്കാതെ രോഗിയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റില്ലെന്ന നിലപാടായിരിക്കും സ്വീകരിക്കുക. ചില ആശുപത്രികളാണെങ്കില്‍ ഇടയ്ക്കു താല്‍ക്കാലിക ബില്‍ നല്കി തുക അടയ്ക്കാന്‍ നിര്‍ദേശിക്കും. വൈകിയാല്‍, മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറണം എന്നതടക്കമുള്ള ഭീഷണിയായിരിക്കും മുഴക്കുക. കൊറോണ പരിശോധനാ നിരക്കും ഇരട്ടിയാണ് പല ആശുപത്രികളും ഈടാക്കുന്നത്. എല്ലാത്തരത്തിലും കൊറോണയെ പണമുണ്ടാക്കാനുള്ള വഴിയാക്കുകയാണ് സ്വകാര്യ ആശുപത്രികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: