തൃശൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥലമില്ല. സ്വകാര്യ ആശുപത്രികളില്‍ കഴുത്തറപ്പന്‍ ബില്ലും. നട്ടം തിരിഞ്ഞ് രോഗികള്‍. ജില്ലയില്‍ കൊറോണ സ്ഥിരീകരിക്കുന്നവരില്‍ കൂടുതല്‍ പേരും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് മെഡിക്കല്‍ കോളേജിനെയാണ്. എന്നാല്‍ ആശുപത്രിയില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ ഇപ്പോള്‍ വിസമ്മതിക്കുകയാണ്. വീടുകളില്‍ ഇരുന്ന് ചികിത്സ തേടിയാല്‍ മതിയെന്നാണ് അധികൃതരുടെ നിര്‍ദ്ദേശമെന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ പറയുന്നു. ഗുരുതരമായി രോഗം ബാധിച്ചവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും പക്ഷേ ആശുപത്രികളില്‍ അഭയം തേടേണ്ടി വരുന്നു.
ഇതുമൂലം സ്വകാര്യ ആശുപത്രികളിലേക്ക് പോകാന്‍ രോഗികള്‍ നിര്‍ബന്ധിതരാകുകയാണ്. അവസരം മുതലെടുത്ത് കൊള്ളയടിക്കൊരുങ്ങുകയാണ് സ്വകാര്യ ആശുപത്രികള്‍. വന്‍ തോതിലുള്ള ഫീസാണ് സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്ന് ഈടാക്കുന്നത്. രോഗി ഐസിയുവിലാണെങ്കില്‍ തുക കുത്തനെ ഉയരും. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഈ പകല്‍ക്കൊള്ള. നിയന്ത്രിക്കാന്‍ ആളില്ലാതായതോടെ തോന്നിയപോലെ ചികിത്സാ ഫീസ് നിശ്ചയിക്കുകയാണ്. കാര്യമായ മരുന്നൊന്നും കൊറോണ രോഗികള്‍ക്ക് നല്‍കുന്നില്ല. എന്തടിസ്ഥാനത്തിലാണ് ഇത്രയും ഉയര്‍ന്ന ചികിത്സാ ഫീസ് എന്ന ചോദ്യത്തിന് ഉത്തരമില്ല.
മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവില്ലാത്തത് ചികിത്സയെ ബാധിക്കുന്നുണ്ട്. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 473 ബെഡുകളാണ് കൊറോണ രോഗികള്‍ക്കായി സജ്ജമാക്കിയിട്ടുള്ളത്. 39 ഐസിയു ബെഡുകളും ഒരുക്കിയിട്ടുണ്ട്. കൃത്യമായ സമയങ്ങളില്‍ ഭക്ഷണവും പരിചരണവും ലഭിക്കുന്നില്ലെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ പരാതിപ്പെടുന്നു.
67 കിടക്കകള്‍ മാത്രമുള്ള വാര്‍ഡില്‍ 117 രോഗികളുണ്ട്. ബെഡുകളില്ലാത്തതിനാല്‍ നിരവധി പേര് നിലത്താണ് കിടക്കുന്നത്. ഇവരെ പരിചരിക്കാന്‍ ആവശ്യമായ ജിവനക്കാരില്ലാത്തത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഒരു പിജി ഡോക്ടര്‍, രണ്ട് സ്റ്റാഫ് നഴ്സ്, രണ്ട് നേഴ്സിങ് അസിസ്റ്റന്റ്, രണ്ട് ക്ലീനിങ് സ്റ്റാഫ് എന്നിവരാണ് കൊറോണ വാര്‍ഡിലുള്ളത്. ഇത്രയും ജീവനക്കാര്‍ക്ക് രോഗികളുടെ കാര്യങ്ങള്‍ കൃത്യമായി നോക്കാനാകുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.
മുളങ്കുന്നത്തുകാവ് ഇഎസ്ഐ ആശുപത്രി, ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും കൊറോണ രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ട്. ഡോക്ടര്‍മാരും നേഴ്സുമാരുടമടക്കമുള്ള ഓരോ ടീമുകളും 10 ദിവസം വീതം മാറി മാറിയാണ് കൊറോണ ബ്ലോക്കില്‍ ഡ്യൂട്ടി ചെയ്യുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എ ആന്‍ഡ്രൂസ് പറഞ്ഞു.
10 ശതമാനം ബെഡുകളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രികള്‍ കൊറോണ രോഗികള്‍ക്കായി മാറ്റിവച്ചിട്ടുള്ളത്. എന്നാല്‍ ഇതിനപ്പുറം ഫാമിലി പാക്കേജായും മറ്റും ചികിത്സ ഓഫര്‍ ചെയ്യുന്ന ആശുപത്രികളുമുണ്ട്. കുടുംബത്തിന് ഒരുമുറി എന്നതാണ് കണക്ക്. പതിനായിരം മുതല്‍ വാടക ഈടാക്കും. എസിയും നോണ്‍ എസിയുമുണ്ട്. ആശുപത്രികളില്‍ മറ്റ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ട് ഇപ്പോള്‍. അതിനാല്‍ കൊറോണ ചികിത്സ വരുമാനത്തിനുള്ള മാര്‍ഗമാക്കി മാറ്റുകയാണ് സ്വകാര്യ ആശുപത്രികള്‍. നട്ടംതിരിയുന്നതാകട്ടെ സാധാരണക്കാരായ രോഗികളും.
പരാതിപ്പെട്ടിട്ടും സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പിപിഇ കിറ്റിനുള്ള ചാര്‍ജ് ഉള്‍പ്പെടെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്നുണ്ടെന്ന് ചികിത്സയിലുള്ള രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നു.
രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം ബെഡുകള്‍ കൊറോണ ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. സ്ഥിരം ചികിത്സ തേടുന്നവര്‍, ഒപിയില്‍ എത്തി ആന്റിജെന്‍ പരിശോധന പോസിറ്റീവ് ആകുന്നവര്‍ എന്നിവരെയെങ്കിലും അതത് സ്വകാര്യ ആശുപത്രികള്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. സ്വകാര്യ ആശുപത്രിയില്‍ ഇപ്പോള്‍ അഡ്മിറ്റായിട്ടുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിരക്ക് പ്രകാരമുള്ള തുകയല്ല വാങ്ങുന്നതെന്നും കനത്ത ബില്ലിനെ തുടര്‍ന്ന് ചികിത്സ തുടരാന്‍ സാധിക്കാത്ത അവസ്ഥയാണെന്നുമാണ് രോഗികളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: