വയനാട്: ബാണാസുര വനമേഖലയില്‍ വച്ച് പെട്രോളിങ്ങിനിടെ മാനന്തവാടി എസ്ഐ ബിജു ആന്റണിക്കും തണ്ടര്‍ബോള്‍ട്ട് സംഘത്തിനുമെതിരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നെന്ന് എഫ്ഐആര്‍. സുരക്ഷാ സംഘം പരിശോധന നടത്തുന്നതിനിടെ യൂണിഫോം ധരിച്ച് ആയുധധാരികളായ അഞ്ച് പേരില്‍ കൂടുതലുള്ള സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ 9.15 ഓടുകൂടിയാണ് സംഭവം നടക്കുന്നത്.
അതേസമയം പോലീസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിയായ മാവോയിസ്റ്റ് ആണോയെന്നും സംശയിക്കുന്നുണ്ട്. ഇതുസംബനധിച്ച് അന്വേഷണം നടന്നുവരികയാണ്. ഇയാള്‍ക്ക് 35 വയസ് പ്രായം തോന്നിക്കുന്നുണ്ടെന്നാണ് വിലയിരുത്തില്‍. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് ആരംഭിച്ചു. ഇതിനായി സബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തിയത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് വനത്തിലുള്ളിലെ പെട്രോളിങ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അടുത്തിടെ അത് വീണ്ടും പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറത്തറ, ബാണാസുര വനമേഖലയില്‍ മീന്മുട്ടി വെള്ളച്ചാട്ടത്തിന് അടുത്തായി തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ മാവോയിസ്റ്റുകളുടെ സംഘത്തിലുള്ള മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് സംശയിക്കുന്നുണ്ട്. അതിനാല്‍ ഇയാള്‍ക്ക് കൂടുതല്‍ ദൂരത്തേയ്ക്ക് പോകാന്‍ ആവില്ലെന്ന നിഗമനത്തില്‍ വനത്തില്‍ തെരച്ചില്‍ നടത്തി വരികയാണ്. പ്രദേശത്തു നിന്നും മാവോയിസ്റ്റുകളുടേതെന്ന് സംശയിക്കുന്ന ഒരു തോക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: