കുന്നത്തൂര്‍: കല്ലടയാറിനോട് ചേര്‍ന്നുള്ള ഉപരികുന്ന് ഇടിച്ച് നിരത്താനുള്ള അധികൃതരുടെ നീക്കം പ്രദേശത്തെ പരിസ്ഥിതി സന്തുലനത്തിന് ദോഷമുണ്ടാക്കുമെന്ന് തപസ്യ കുന്നത്തൂര്‍ താലൂക്ക് സമിതി. പത്തടി വീതിയില്‍ കുന്നിന്റെ തെക്കുഭാഗം ഇടിച്ചുകളയുന്നത് ഭാവിയില്‍ അവിടെ നിലനണ്ടില്ക്കുന്ന ക്ഷേത്രവും സമീപത്തുള്ള വാസഗൃഹവും അടക്കം അവശേഷിച്ച ഭാഗം കൂടി നിലപൊത്താന്‍ ഇടയാകും.
റോഡ് വികസനത്തിനായി റോഡിന് തെക്കുഭാഗത്ത് പുറമ്പോക്ക് ഉള്‍പ്പെടെ മതിയായ സ്ഥലം ലഭ്യമാകുന്ന സാഹചര്യം ഉള്ളപ്പോഴാണ് കുന്നിടിച്ച് വന്‍തോതില്‍ മണ്ണ് കടത്താന്‍ മണ്ണ് മാഫിയകള്‍ക്ക് സഹായകമാംവിധമുള്ള ഏകപക്ഷീയ തീരുമാനം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നിലവില്‍ കുന്നത്തൂര്‍ താലൂക്കിന്റെ വിവിധഭാഗങ്ങളിലായി കുന്നുകള്‍ പലതും ഇടിച്ചുനിരത്തുകയും അനധികൃതമായി മണ്ണ് കടത്തുകയും മണലൂറ്റുകയും നീര്‍ത്തടങ്ങള്‍ നികത്തുകയും ശാസ്താംകോട്ട കായലിന് ദോഷം വരുത്തുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നതിന് ഇടയിലാണ് ഉപരികുന്ന് നിരപ്പാക്കാനുള്ള പുതിയ നീക്കം.
ദൂരവ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയാക്കുന്ന നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പണ്ടിന്തിരിയണമെന്നും പ്രദേശവാസികളോടാലോചിച്ച് റോഡ് വികസനത്തിന് ആവശ്യമുള്ള ഉചിതമായ സാദ്ധ്യതകള്‍ തേടുകയും വേണമെന്ന് തപസ്യ താലൂക്ക് സമിതി അഭിപ്രായപ്പെട്ടു. താലൂക്ക് പ്രസിഡന്റ് കെ. ദാനകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി. രവീന്ദ്രന്‍പിള്ള, കെ.വി. രാമാനുജന്‍തമ്പി, കെ. തുളസീധരന്‍, എം. സജീവ്, കെ. ജയകുമാര്‍, രാധാകൃഷ്ണപിള്ള, ചന്ദ്രബാബു റലവന്റ്, അനീഷ്, കല്ലട അനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: