കൊച്ചി: സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണന്-പിണറായി വിജയന് അച്ചുതണ്ടിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തു വരുന്നു. സര്‍ക്കാരിലും പാര്‍ട്ടി നേതൃത്വത്തിലും ഇല്ലാത്തവരും പാര്‍ട്ടിയുടെ പോക്കില്‍ അസംതൃപ്തരായവരും ആസൂത്രിതമായ നീക്കങ്ങളിലാണ്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലും അഴിമതി-ക്രിമിനല്‍ ഇടപാടുകളിലും കടുത്ത വിയോജിപ്പുള്ള നിരവധി നേതാക്കള്‍ വിഷമവൃത്തത്തിലാണ്.
പാര്‍ട്ടി മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ നടത്തിയത്. ”പാര്‍ട്ടി നയം എല്ലാവര്ക്കും ബാധകമാണ്. ബിനീഷ് കോടിയേരി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ചെറിയ സംഭവമല്ല. കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മാത്രമല്ല, പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്,” എം.എം. ലോറന്‍സ് പ്രതികരിച്ചു.
എം.എ. ബേബി നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: ”ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്കു പുറത്തുള്ള ഏതെങ്കിലും വ്യക്തികളോ തെറ്റായ കൂട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണം. അത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റ ബന്ധുക്കള്‍ക്കും ബാധകമാണ് ”പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും എം.എ. ബേബി പ്രഖ്യാപിച്ചിരുന്നു. ഇതും കോടിയേരി-പിണറായി കൂട്ടുകെട്ടിനോടുള്ള നിലപാടു പ്രഖ്യാപനമായിരുന്നു. കോണ്‍ഗ്രസ് സഖ്യക്കാര്യത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ കേന്ദ്ര നിലപാടിനെതിരേ വോട്ടുചെയ്ത പി.കെ. ശ്രീമതിയും ബിനീഷ് കോടിയേരിക്കേസില്‍ പാര്‍ട്ടി നിലപാട് പരോക്ഷമായി ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്ന്, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ അന്വേഷണം തിരിഞ്ഞപ്പോള്‍ ശുഷ്കാന്തിയോടെ പ്രതികരിച്ചിരുന്നു കോടിയേരി. ഏതന്വേഷണവും സ്വാഗതം ചെയ്ത് പ്രധാനമന്ത്രിക്ക് പിണറായി എഴുതിയ കത്തും കോടിയേരി ആയുധമാക്കിയിരുന്നു. അണിയറയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ബിനീഷ് കോടിയേരി കേസില്‍ പെട്ടത്. ഇതോടെ പിണറായി-കോടിയേരി സഹകരണത്തിലായി.
അതിനിടെ മക്കളുടെ ചെയ്തികള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ ഉത്തരവാദികളാണെന്ന പ്രചാരണം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി. കണ്ണൂരില്‍ മറ്റു നേതാക്കള്‍ ചേര്‍ന്ന് മൂലയ്ക്കൊതുക്കിയ പി. ജയരാജന് ഈ പ്രചാരണങ്ങള്‍ക്കു പിന്നിലുണ്ടെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: