കൊച്ചി: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായി വിലയിരുത്തല്‍. രണ്ടുവര്‍ഷത്തിനിടെ സംഭവിച്ച മാന്ദ്യം സംബന്ധിച്ച് കേന്ദ്ര ധനകാര്യവകുപ്പ് പ്രത്യേക വിലയിരുത്തല്‍ നടത്തുന്നതായി അറിയുന്നു. വിമാനത്താവളത്തില്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ)യാണ് വിമാനത്താവളത്തിലൂടെയുള്ള നിയമലംഘനങ്ങള്‍ അധികവും കണ്ടെത്തുന്നത്.
കസ്റ്റംസിന്റെ കേരളത്തിലെ മുന്‍കാല പ്രവര്‍ത്തനങ്ങളുള്‍പ്പെടെ സൂക്ഷ്മമായ വിശകലനത്തിലാണ്. പ്രതിവര്‍ഷം കേരളത്തില്‍ വിദേശത്തുനിന്ന് വിമാനമാര്‍ഗം വരുന്ന സ്വര്‍ണത്തിന്റെ നല്ലൊരു പങ്ക് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. അവിടത്തെ സ്‌കാനിങ് യന്ത്രങ്ങള്‍ അടിയ്‌ക്കടി തകരാറാകുന്നത്, ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടുന്നത്, ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്ത് സംഘം ‘ആക്രമി’ക്കുന്നത് തുടങ്ങിയ സംഭവങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അടക്കം ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ധനവകുപ്പ് പഠിക്കുന്നുണ്ട്.
കോഴിക്കോട്ടെ ഉദ്യോഗസ്ഥര്‍ ഒന്നര വര്‍ഷത്തോളമായി സ്വര്‍ണക്കടത്ത് പോലുള്ളവയുടെ സാധ്യതാ പരിശോധനയില്‍ വിമുഖത കാണിക്കാന്‍ കാരണം മേലുദ്യോഗസ്ഥരില്‍ ചിലരുടെ നിര്‍ദ്ദേശമോ നിലപാടോ മൂലമാണെന്നും വിവരമുണ്ട്. സ്വര്‍ണക്കടത്ത് പിടികൂടിയാല്‍, അത് കണ്ടെത്തുന്ന ഉദേ്യാഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സമ്മാനമുണ്ട്. പിടിക്കപ്പെടുന്ന വസ്തുവിന്റെ വിലയ്‌ക്ക് ആനുപാതികമായ ശതമാനം തുക പ്രതിഫലമായി കിട്ടും. ഇത്തരത്തില്‍ നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ കേന്ദ്രധനവകുപ്പിന് ശുപാര്‍ശ ചെയ്യാത്തതുണ്ട്. ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കലാണെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന നിലയില്‍ ചെയ്യേണ്ട ജോലിയാണ്, അതിന് പ്രത്യേക പ്രതിഫലം വാങ്ങേണ്ടതില്ല എന്ന നിലപാടിലാണത്രേ മേലുദ്യോഗസ്ഥര്‍.
കസ്റ്റംസിന്റെ പരിശോധനയും റവന്യൂ ഇന്റലിജന്‍സിന്റെ പരിശോധനയും വ്യത്യസ്തമാണ്. ഡിആര്‍ഐ അവരുടെ ചട്ടവും നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് കസ്റ്റംസിനാണ് എന്നിരിക്കെ പ്രവൃത്തിയിലെ മാന്ദ്യം കള്ളക്കടത്തതുകാര്‍ക്ക് സഹായകമാവുകയാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: