തിരുവനന്തപുരം: അടച്ചിടലില്‍ നിന്ന് ഇനിയും മോചിതമാകാത്ത വിദ്യാലയങ്ങള്‍ അടച്ചിടാന്‍ കഴിയാത്ത മനസ്സുകളുടെ ആഗമനത്തിനായ് കാത്തിരിക്കുന്നു. അടഞ്ഞുകിടക്കുന്നത് ഭൗതികമായ സൗകര്യങ്ങളാണെന്നും ക്രിയാത്മകമായ മനസ്സില്‍ നിന്നും പൊടിതട്ടി ഉയരുന്ന ചിന്തകളെ ഒരു മഹാമാരിക്കും തടയാന്‍ കഴിയില്ലെന്നും തെളിയിക്കുന്ന ചില വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കാലം കൂടിയാണ് കൊവിഡ് കാലം.
വഌത്താങ്കര വൃന്ദാവന്‍ ഹൈസ്കൂളിലെ പത്താംതരം വിദ്യാര്‍ഥിയായ ആദര്‍ശ് ആര്.എ. പുറ്റിങ്കല്‍ വെടിക്കെട്ട് അപകടം നല്കിയ ചിന്തകളില്‍ നിന്നും കേരളം അഭിമുഖീകരിച്ച രണ്ട് പ്രളയകാലത്തിലും കൈത്താങ്ങിനായ് കേണ ജനതയ്ക്ക് ആശാവഹമായ പദ്ധതിയായിരുന്നു തന്റെ കുഞ്ഞു മനസ്സില്‍ നിന്നും പരുവപ്പെടുത്തി നല്‍കിയത്. മണി ബോക്സ് എന്ന വിദ്യാലയ ധനസമാഹരണ പദ്ധതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിക്ക് വലിയ ആവേശവും ആശ്വാസവും നല്കി. ബെസ്റ്റ് ഇന്ത്യന്‍ റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച മാസ്റ്റര്‍ ആദര്‍ശ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എ, എംപി,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറ്റ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ പ്രശംസയ്ക്ക് അര്‍ഹനായി.
ബഹുമതികളിലും അംഗീകാരങ്ങളിലും സ്വയം മറക്കാതെ നാട്ടിലെ സാമൂഹിക രംഗങ്ങളില്‍ തന്റേതായ സംഭാവനകള്‍ തുടര്‍ന്നും നല്‍കണമെന്ന ചിന്തയിലാണ് ആദര്‍ശ്. വയനാട്ടിലെ ഒരു വിദ്യാലയത്തില്‍ വച്ച് പാമ്പുകടിയേറ്റ ഷെഹലയുടെ മരണവും തന്റെ വീടിനടുത്തുള്ള പെണ്‍കുട്ടി രാത്രി ഉറങ്ങുമ്പോള്‍ പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവവും ആദര്‍ശിനെ കൊണ്ടെത്തിച്ചത് പുതിയ രണ്ട് പദ്ധതികളിലേക്കാണ്. എല്ലാ വിദ്യാലയങ്ങളിലും ഒരു ജനറല്‍ മെഡിസിന് നഴ്സിനെ സ്ഥിരമായി നിയമിക്കുക, എല്ലാ ഗവണ്മെന്റ് പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ആന്റിവെനം സൂക്ഷിക്കുക. ഈ രണ്ട് പദ്ധതികള്‍ക്കും ആസൂത്രണ രേഖ തയാറാക്കി സര്‍ക്കാരിന് നല്‍കാനൊരുങ്ങുകയാണ് ആദര്‍ശ്.
അധ്യാപകരുടെ പിന്തുണയോടെ ഓണ്‍ലൈന്‍ പഠനത്തില്‍ മുഴുകുമ്പോഴും നാടിനുതകുന്ന ചിന്തകളോടൊപ്പമാണ് പ്രവാസിയായ രമേശന് നായരുടെയും ആശയുേടയും മകന് ആദര്‍ശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: