മുക്കം: തദ്ദേശതെരഞ്ഞെടുപ്പില്‍ മുക്കം നഗരസഭയില്‍ ഉള്‍പ്പെടെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ സിപിഐ ഇടത് മുന്നണിക്ക് പുറത്തേക്ക്. സീറ്റിനെ ചൊല്ലി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
മുക്കം നഗരസഭയിലും കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലുമാണ് രണ്ടു പാര്‍ട്ടികളും തമ്മില്‍ സീറ്റിനെചൊല്ലി കലഹം തുടരുന്നത്. മുക്കത്ത് ഇരു പാര്‍ട്ടികളുടെയും നേതൃത്വം ചര്‍ച്ച ചെയ്ത് നല്‍കിയ സീറ്റില്‍ സിപിഐ ജില്ല നേതാവ് മത്സരത്തിനൊരുങ്ങിയപ്പോള്‍ സിപിഎം പ്രാദേശിക നേതാക്കള്‍ എതിര്‍പ്പുയര്‍ത്തുകയും ഡിവൈഎഫ്‌ഐക്കാരനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു സീറ്റ് നല്‍കിയപ്പോള്‍ സിപിഐ അവിടെ എഐടിയുസി നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ സിപിഎം ഒരു സിറ്റിങ് കൗണ്‍സിലറെ തന്നെ രംഗത്തിറക്കുകയായിരുന്നു. സിപിഎം നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ സിപിഐക്കാരെ അനുനയിപ്പിക്കാന്‍ സിപിഎം നടത്തിയ അവസാന ശ്രമവുമാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്. ഏരിയ കമ്മറ്റി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ മുക്കത്ത് നേരത്തെ അനുവദിച്ച സീറ്റിലല്ലാതെ മത്സരത്തിനില്ലെന്നാണ് സിപിഐ വ്യക്തമാക്കിയത്.
അനുരഞ്ജനശ്രമം പരാജയപ്പെട്ടതോടെ സിപിഐ മുന്നണിയില്‍ നിന്നു പുറത്താവുന്ന സ്ഥിതിയാണ്. ആകെ പ്രതികൂല രാഷ്‌ട്രീയ കലാവസ്ഥ നേരിടുന്ന സിപിഎമ്മിന് സിപിഐയുടെ എതിര്‍പ്പ് മറ്റൊരു പ്രഹരമായിരിക്കുകയാണ്. മുക്കത്ത് ഏറെ കാലമായി മുന്നണിയുടെ ചെയര്‍മാന്‍ പദവി വഹിക്കുന്നത് സിപിഐ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക