ന്യൂദല്‍ഹി: കരസേനാ മേധാവി ജനറല്‍ എം.എം.നരവനെയുടെ മൂന്ന് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനം നാളെ ആരംഭിക്കും. ഇന്ത്യയും നേപ്പാളും തമ്മില്‍ അതിര്‍ത്തിയെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് സേനാ മേധാവിയുടെ നിര്‍ണായക നേപ്പാള്‍ സന്ദര്‍ശനം. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി ഉള്‍പ്പെടെയുള്ള നേപ്പാളിലെ പ്രധാന നേതാക്കളുമായെല്ലാം നരവനെ ചര്‍ച്ച നടത്തുന്നുണ്ട്. ഉന്നത തല ചര്‍ച്ചകള്‍ക്കു ശേഷമാണ് കരസേനാ മേധാവിയുടെ നേപ്പാള്‍ സന്ദര്‍ശനം.
ഹിമാലയത്തിലെ കാലാപാനിയില്‍ നിന്നും ഉത്ഭവിക്കുന്ന ശാരദ നദിയില്‍ ഇന്ത്യയും നേപ്പാളും ചേര്‍ന്ന് നിര്‍മിക്കാന്‍ ആലോചിക്കുന്ന വിവിധോദ്ദേശ ജലപദ്ധതിയായ പഞ്ചേശ്വര്‍ ഹൈഡ്രോ പ്രോജക്റ്റ് പുനരാരംഭിക്കണമെന്ന ആവശ്യമാണ് നേപ്പാള്‍ മുന്നോട്ടുവയ്‌ക്കുന്ന പ്രധാന ആവശ്യമെന്നാണ് സൂചന. ടിബറ്റിലെ മാനസ സരോവരത്തിലേക്ക് ലിപുലേക്കിലൂടെ നിര്‍മിക്കുന്ന പുതിയ പാതയാണ് ഇന്ത്യക്ക് പ്രധാനം. അയല്‍ രാജ്യമായ നേപ്പാളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നേപ്പാളിലെ ജനങ്ങളുടെ സ്ഥാനം ഇന്ത്യക്കാരുടെ ഹൃദയത്തിലാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
കാലാപാനിയെ ചുറ്റിപ്പറ്റി ഇന്ത്യക്കെതിരെ നീങ്ങാന്‍ തുനിഞ്ഞ നേപ്പാളിന് നയതന്ത്ര നീക്കത്തിലൂടെ മറുപടി നല്‍കിയ ശേഷമാണ് ഇന്ത്യ സൗഹൃദഹസ്തം നീട്ടുന്നത്. ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കാന്‍ കടുത്ത ഇന്ത്യാ വിരോധിയായ നേപ്പാള്‍ ഉപപ്രധാന മന്ത്രിയില്‍ നിന്നും പ്രതിരോധ വകുപ്പ് എടുത്തുമാറ്റിയ ശേഷമാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി നയതന്ത്ര ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: