തൃശൂര്‍: കൊറോണയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സമൂഹ അടുക്കളയും ജനകീയ ഹോട്ടലുകളും അടച്ചുപൂട്ടിയതോടെ ദുരിതത്തിലായി തെരുവിന്റെ മക്കള്‍. വിശക്കുന്നവര്‍ക്ക് അന്നം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ഡൗണ്‍ കാലത്ത് സമൂഹ അടുക്കളയും ജനകീയ ഹോട്ടലുകളും തുറന്നത്.
നിലാരംബരയാവര്ക്ക് ഭക്ഷണം സൗജന്യമായി നല്‍കാനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മാസം മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമൂഹ അടുക്കളയും ജനകീയ ഹോട്ടലുകളും ആരംഭിച്ചത്. എന്നാല്‍ കൊട്ടിഘോഷിച്ച് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയ സമൂഹ അടുക്കള പ്രവര്‍ത്തിച്ചത് 20 ദിവസം മാത്രം. ജില്ലയില്‍ 104 സമൂഹ അടുക്കളകളാണ് പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്തുകളില്‍ 88ഉം കോര്‍പ്പറേഷനിലും നഗരസഭകളിലുമായി 16 എന്നിങ്ങനെയായിരുന്നു പ്രവര്‍ത്തനം.
ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം വിജയകരമായെങ്കിലും പിന്നീട് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സമൂഹ അടുക്കളകള്‍ അവസാനിപ്പിക്കുകയായിരുന്നു. ൃഅഗതികള്, അന്യ സംസ്ഥാന തൊഴിലാളികള്‍, വയോജനങ്ങള്‍, ആദിവാസികള്‍, ഭിക്ഷാടകര്‍, കെയര്‍ഹോമുകളിലെ താമസക്കാര്‍, കിടപ്പു രോഗികള്‍ തുടങ്ങിയവര്‍ക്കാണ് സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണം വിതരണം ചെയ്തിരുന്നത്.
തെരുവില്‍ കഴിയുന്നവര്‍ക്ക് സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണം കൃത്യമായി എത്തിച്ച് നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒരു പരിധിവരെ അലച്ചിലില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഇവ അടച്ചു പൂട്ടിയതോടെ ഇന്ന് പലരും പട്ടിണിയിലാണ്.
പിന്നീട് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനായി കുടുംബശ്രീകളുടെ നേതൃത്വത്തില്‍ ജനകീയ ഭക്ഷണശാല ആരംഭിച്ചെങ്കിലും ഇതും വിജയം കണ്ടില്ല.
ആരംഭിച്ച ഭക്ഷണശാലകളില്‍ പലതും ഒരു മാസത്തിലേറെ നീണ്ടുനിന്നില്ല. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 62 ജനകീയ ഭക്ഷണശാലകളാണ് ആരംഭിച്ചത്. എന്നാല്‍ ഇന്ന് ഇവയില്‍ പലതും പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലാണ്.
ലോക്ഡൗണ്‍ ഘട്ടംഘട്ടമായി മാറ്റിയെങ്കിലും ജില്ലയിലെ പല ഹോട്ടലുകളും സാധാരണ നിലയിലേക്കായിട്ടില്ല. ഇതേ തുടര്‍ന്ന് തെരുവില്‍ അലയുന്ന നിരവധി പേരാണ് പട്ടിണിയിലായിരിക്കുന്നത്. ഭക്ഷണം ഹോട്ടലുകളില്‍ നിന്ന് വാങ്ങികഴിക്കാന്‍ പണം കൈയിലില്ലാത്തതിനെ തുടര്‍ന്ന് പലരും പട്ടിണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: