തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നേരിട്ടു മേല്‍നോട്ടം വഹിച്ച നാലു പദ്ധതികള്‍ സംശയത്തിന്റെ നിഴലിലാവുന്നതിന് കാരണങ്ങള്‍ ഏറെയാണ്.
ഇ-മൊബിലിറ്റി
4500 കോടിരൂപ ചെലവില്‍ കെഎസ്ആര്‍ടിസിക്ക് 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള പദ്ധതി.സ്വിറ്റ്സര്‍ലന്‍ഡിലെ ഹെസ്സുമായി 2019 ജൂണ്‍ 29ന് ധാരണാപത്രം ഒപ്പിട്ടു. സാധ്യതാ പഠനം പോലും നടത്താതെ ആയിരുന്നു ഒപ്പിടല്‍. ചീഫ്സെക്രട്ടറി വിയോജനകുറിപ്പ് രേഖപ്പെടുത്തി. കരാര്‍ നിയമവിരുദ്ധമെന്ന് വകുപ്പ് സെക്രട്ടറിമാരും വ്യക്തമാക്കിയതോടെ സാധ്യതാ പഠനത്തിന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ചുമതലപ്പെടുത്തി. ഇതില്‍ കോടികളുടെ അഴിമതി ആരോപണം നിലനില്ക്കുന്നു. വിട്ടുനല്‍കുന്ന സ്ഥലത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടന്നതായും സൂചന.
കെ ഫോണ്‍
ചുരുങ്ങിയ ചെലവില്‍ അതിവേഗ ഇന്റനെറ്റ് കണക്ഷന് നല്കുന്ന പദ്ധതി. കെഎസ്ഇബി, കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ലിമിറ്റഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവ ചേര്‍ന്നുള്ള കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ ലിമിറ്റഡിനാണ് ചുമതല. 1611 കോടിയുടെ അടങ്കല്‍തുക. കിഫ്ബി 823 കോടി അനുവദിച്ചു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കിയതിലും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് കണ്‍സള്‍ട്ടന്‍സി നല്‍കിയതിലും 500 കോടിയുടെ അഴിമതിയെന്ന് സംശയം.
ഡൗണ്ടൗണ്
ഐടിയോടൊപ്പം വിനോദകേന്ദ്രം കൂടിയുള്ള പദ്ധതി. ടെക്നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ പ്രത്യേക സാമ്പത്തിക മേഖലയുള്‍പ്പെടെയുള്ള സ്ഥലം മാറ്റിവച്ചു. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് ഇന്‍വെസ്റ്റ്മെന്റാണ് നടപ്പിലാക്കുന്നത്. പാട്ടക്കരാര്‍ 90 വര്‍ഷത്തേക്ക്. ഐടി ആവശ്യത്തിന് 10 ഏക്കര്‍ പ്രത്യേക സാമ്പത്തിക മേഖലയും വിനോദ മേഖലയ്ക്ക് 9.7 ഏക്കറുമാണ് നല്‍കുന്നത്. 13,000 കോടി കമ്പനി നിക്ഷേപം. ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സും ഇന്ത്യയിലെ എംബസി പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നടപ്പിലാക്കല്‍. കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടും അഴിമതിയും നടന്നുവെന്ന് ആരോപണം.
സ്മാര്‍ട് സിറ്റി
മുടങ്ങിക്കിടക്കുന്ന പദ്ധതി പുനരാരംഭിക്കാന്‍ സ്വര്‍ണക്കടത്ത്കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സഹായം 2017 ല്‍ ശിവശങ്കര്‍ തേടി. ഇതിലും വന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടും അഴിമതി നടന്നുവെന്നും കമ്മീഷന് ഇടപാടുകള്‍ ഉണ്ടായി എന്നും സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: