Categories: Idukki

ആട് മോഷ്ടാക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയില്‍

ശനിയാഴ്ച ഉച്ചയോടെ പഴയരിക്കണ്ടത്ത് വീട്ടുകാര്‍ തൊഴിലുറപ്പിന് പോയിരുന്ന സമയത്ത് ആട്ടിന്‍കൂട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെയാണ് സംഘം മോഷ്ടിച്ചത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെറുതോണി: ആടുകളെ വാങ്ങാനെത്തി മോഷ്ടിച്ചുകൊണ്ടുപോകുന്ന സംഘം അറസ്റ്റില്‍. എറണാകുളം ഏറാനല്ലൂര്‍ വില്ലേജില്‍ കാലാംപൂര് ചിറപ്പടി കണ്ടത്തില്‍ മുഹമ്മദ് കൊന്താലം(50), സുഹൃത്തുക്കളായ വലിയപറമ്പില്‍ അനസ് അലിയാര്‍(36), മുളവൂര്‍ വില്ലേജില്‍ വാഴപ്പിള്ളി നിരപ്പ് വട്ടാളയില്‍ ഷൈജന്‍ ഹസന്‍(34)എന്നിവരെയാണ് കഞ്ഞിക്കുഴി പോലീസ് സാഹസികമായി പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെ പഴയരിക്കണ്ടത്ത് വീട്ടുകാര്‍ തൊഴിലുറപ്പിന് പോയിരുന്ന സമയത്ത് ആട്ടിന്‍കൂട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെയാണ് സംഘം മോഷ്ടിച്ചത്.

രണ്ട് ആടുകളെ ഇവര്‍ പഴയരിക്കണ്ടത്ത് നിന്ന് 50,000 രൂപയ്‌ക്കു വാങ്ങി. ഇതേ വലിപ്പമുള്ള രണ്ട് ആടുകളെയാണ് ഇവര്‍ മോഷ്ടിച്ചത്. വാനില്‍ കയറ്റിക്കൊണ്ടുപോയ ആടുകളെ  പരാതിയെത്തുടര്‍ന്ന് മുള്ളരിങ്ങാട് ചാത്തമറ്റത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാട്ടുകാരെ കൂട്ടി സ്റ്റേഷനിലെ സ്ഥലത്ത് താമസിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ പ്രതികളെ തടഞ്ഞുവെച്ചു. വൈകിട്ടോടെ പോലീസെത്തിയപ്പോള്‍ ഒന്നാം പ്രതിയായ മുഹമ്മദ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മല്‍പ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഞ്ഞിക്കുഴി എസ്ഐ കെ.ജി. തങ്കച്ചന്‍, ഉദ്യോഗസ്ഥരായ എ.ജെ ജയന്‍, എം. ജോബി, രമണന്‍, പി.കെ ജനില്‍, ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Recent Posts