പീരുമേട്: ഏലപ്പാറ-കൊച്ചുകരുന്തരുവി പൊതുമരാമത്ത് റോഡ് നിര്‍മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറപൊട്ടിച്ച് വില്‍ക്കുന്നതായി പരാതി. തണ്ണിക്കാനം പുതുവലിന് സമീപമാണ് അനധികൃത പാറപൊട്ടിക്കല്‍ സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്നത്. സംഭവത്തില്‍ കളക്ടര്‍ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികള്‍.
അഞ്ച് മാസത്തോളമായി റോഡ് വീതി കൂട്ടുന്നതിന്റെ മറവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പാറപൊട്ടിച്ച് വില്‍പ്പന നടത്തുകയാണ്. ഈ ഭാഗത്ത് 2018ലെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് മണ്ണെടുക്കാന്‍ സ്റ്റേ നല്‍കിയിരുന്നു. പാറഖനനം നടക്കുന്ന പ്രദേശത്തിനു സമീപം 25ഓളം വീടുകളുണ്ട്. ഇലക്ട്രിക് ഗ്യാപ്പ് ഉപയോഗിച്ച് പൊട്ടിക്കുമ്പോള്‍ ചലനം മൂലം ഭിത്തികള്‍ വിണ്ടുകീറുകയും ചില വീടുകളുടെ തറപോലും പൊട്ടുന്ന അവസ്ഥയുമുണ്ട്. കിടപ്പുരോഗികള്‍ ഉള്‍പ്പടെയുള്ള നിര്‍ധന തോട്ടം തൊഴിലാളികളുടെ വാസ സ്ഥലങ്ങളാണിത്.
ബാങ്കില്‍ നിന്ന് പണം കടമെടുത്ത് നിര്‍മിച്ച വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായം നല്‍കണമെന്നും പരാതിയില്‍ പറയുന്നു. ജൂലൈ 22നാണ് കളക്ടര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും തണ്ണിക്കര നിവാസികള്‍ ഒപ്പിട്ട പരാതി കൈമാറിയത്. നേരത്തെ പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ പൊതുപ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു നിജസ്ഥിതി അറിയാന്‍ സ്ഥലത്തെത്തിയ ഏലപ്പാറ കുറ്റിക്കല്‍ ആര്. നഹാസിനെ സ്ഥല ഉടമയോട് സംസാരിക്കുന്നതിനിടെ ജോലിക്കാരിലൊരാള്‍ വധിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് പീരുമേട് സിഐയ്ക്ക് നഹാസ് പരാതി നല്‍കിയിട്ടുണ്ട്. റോഡ് നിര്‍മ്മിക്കുന്നതില്‍ തടസമില്ലെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും പ്രദേശവാസികള്‍.അതേസമയം പരാതി ലഭിച്ചതായി ഓര്‍ക്കുന്നില്ലെന്നും ലഭിച്ചവയെല്ലാം അതാത് തഹസില്‍ദാര്‍മാര്‍ക്ക് റിപ്പോര്‍ട്ടിനായി കൈമാറുകയാണ് പതിവെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു. സംഭവം പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: