കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് ഉത്തരവ്. ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. വിചാരണക്കോടതി മാറ്റണമെന്ന് സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും കോടതിയില്‍ സത്യവാങ്മൂലം ഹൈക്കോടതി പരിഗണിക്കവേയാണ് ഉത്തരവ്. നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം. കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയെന്നതടക്കമുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിയ്ക്ക് വീഴ്ച പറ്റിയതായാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മകളെ ഉപയോഗിച്ച് എട്ടാം പ്രതി ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു മൊഴി നല്‍കിയിരുന്നു. മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്പ് മകള്‍ ഫോണില്‍ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നല്കിയ മൊഴി. എന്നാല്‍ ഈ സുപ്രധാന മൊഴി രേഖപ്പെടുത്താന്‍ വിചാരണക്കോടതി തയാറായില്ല. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് പിഴവുപറ്റി. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: