കാഞ്ഞാര്‍: ദൃശ്യം രണ്ടിന്റെ സെറ്റ് ഒരുക്കി കുടിയേറ്റ മേഖലയെ കാഞ്ഞാറിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് സംവിധായകന്. സിനിമാക്കാരുടെ പ്രിയ ലൊക്കേഷനായ കാഞ്ഞാര്‍ കൈപ്പ കവലയെ ബിഗ് സ്ക്രീനിലെത്തിക്കാന്‍ ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീം വീണ്ടും ചിത്രീകരണത്തിന് എത്തി.
കാഞ്ഞാര്‍ കൈപ്പ കവലയില്‍ എത്തിയാല്‍ ഹൈറേഞ്ചില്‍ ചെന്ന പ്രതീതിയാണിപ്പോള്‍, മലങ്കര ജലാശയത്തിന് സമീപത്തായുള്ള മേഖല മുമ്പും അനവധി സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. അതേ സ്ഥലത്ത് തന്നെയാണ് രണ്ടാം പതിപ്പിന്റെയും ലൊക്കേഷന്‍ സെറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാലും കൈപ്പ കവലയില്‍ എത്തിയതോടെ ഷൂട്ടിങിന് തുടക്കമായി.
ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. റേഷന്‍കട, പോലീസ് സ്റ്റേഷന്, തുണിക്കട, വളക്കട, കുരിശ് പള്ളി, ചായക്കട, വെയിറ്റിങ് ഷെഡ് തുടങ്ങിയവയാണ് കലാവിരുതിന്റെ വിസ്മയം തീര്‍ത്ത് കൈപ്പകവലയില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഓരോ ചെറിയ കാര്യങ്ങളിലും വളരെ കൃത്യമായി ശ്രദ്ധിച്ചിരിക്കുന്നുവെന്നത് ഇവിടെ എത്തിയാല്‍ ബോധ്യമാകും.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള് മുനയില്‍ നിര്‍ത്തുന്നതാണ് ദൃശ്യം 2 എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന വിവരം. സിനിമയ്ക്കായ് സെറ്റിട്ടിരിക്കുന്ന പ്രദേശം കാണുവാന്‍ നിരവധി പേരാണ് കാഞ്ഞാറില്‍ എത്തുന്നത്. കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഷൂട്ടിങ് നടക്കുന്നയിടത്തേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്.
അന്യഭാഷകളിലടക്കം നിരവധി ചലച്ചിത്രങ്ങള്‍ക്ക് ലൊക്കേഷനായി മാറിയ കാഞ്ഞാര്‍, കുടയത്തൂര്‍ പ്രദേശം ഇന്ന് സിനിമാക്കാരുടെ ഭാഗ്യലൊക്കേഷനാണ്. മലങ്കര ജലാശയത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളുടെ ദൃശ്യഭംഗി ആരേയും വിസ്മയിപ്പിക്കും.
മമ്മൂട്ടിയുടെ പുറപ്പാട് എന്ന സിനിമയില്‍ തുടങ്ങി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്, കുഞ്ഞിക്കൂനന്, രസതന്ത്രം, വെറുതെ ഒരു ഭാര്യ, പാപ്പി അപ്പച്ച, കഥ പറയുമ്പോള്‍, ഇവിടം സ്വര്‍ഗമാണ്, വാത്സല്യം, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, വെള്ളിമൂങ്ങ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, ജവാന് ഓഫ് വെള്ളിമല, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അരയന്നങ്ങളുടെ വീട്, മനസിനക്കരെ, സ്വപ്ന സഞ്ചാരി, സ്വലെ, മേരിക്കുണ്ടൊരു കുഞ്ഞാട്, എത്സമ്മ എന്ന ആണ്‍കുട്ടി, പളുങ്ക്, ദ്യശ്യം, തുടങ്ങി ദ്യശ്യം2 വരെ ഏത്തി നില്ക്കുന്ന നൂറോളം സിനിമകളില്‍ കുടയത്തൂര്‍, കാഞ്ഞാര്‍, പ്രദേശങ്ങളുടേ ദ്യശ്യ ഭംഗി അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത് കഴിഞ്ഞു.
കഴിഞ്ഞ ഏതാനം വര്‍ഷങ്ങളിലായി മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നൂറ് കണക്കിന് സിനിമകളാണ് ഇവിടം കേന്ദ്രീകരിച്ച് ചിത്രീകരിച്ചത്. പച്ചപ്പ് നിറഞ്ഞ മലയും തൊട്ട് താഴെയായുള്ള മരങ്ങളുടെ കൂട്ടവും എപ്പോഴും നിറഞ്ഞ് കിടക്കുന്ന മലങ്കര ജലാശയവുമാണ് ഇവിടെ ദൃശ്യഭംഗിയൊരുക്കുന്നത്.
സിനിമയ്ക്കൊപ്പം ടൂറിസത്തിലും കുടയത്തൂര്‍- കാഞ്ഞാര്‍ മേഖലയ്ക്ക് അനന്തസാധ്യതകളാണ് ഉള്ളത്. പ്രദേശത്തെ അടിസ്ഥന സൗകര്യങ്ങളുടെ കുറവ് ഈ അവസരത്തില്‍ പ്രതിസന്ധിയാകുന്നുണ്ട്. പരിമിത സൗകര്യങ്ങളിലും സിനിമയുടെ പറുദീസയായി മാറുകയാണ് പ്രകൃതി ഒരുക്കിയ മനോഹരമായ കാഞ്ഞാര്‍-കുടയത്തൂര്‍ പ്രദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: