തിരുവനന്തപുരം: ലൈഫ് മിഷന് കരാര്‍ കമ്മിഷന്റെ ഭാഗമായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് വാങ്ങി നല്കിയ ഐ.ഫോണുകളില്‍ ഒരെണ്ണം കൈമനത്ത്.അഞ്ചു ഫോണുകള്‍ വാങ്ങി നല്‍കിയതില്‍ വില കൂടിയ ഫോണ്‍ ഉപയോഗിക്കുന്നത് ശിവശങ്കറാണെന്നു ഇ.ഡി കണ്ടെത്തിയിരുന്നു. യൂണിടാക് ഹൈക്കോടതിയില്‍ ആറ് ഐഫോണുകളുടെ ഇന്‍വോയിസ് നല്‍കിയിട്ടുണ്ട്. ആറാമത്തേത് തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകയ്ക്കാണ് സമ്മാനമായി നല്‍കിയത്.
യു.എ.ഇ. ദേശീയ ദിനാഘോഷത്തിന് കോണ്‍സുലേറ്റില്‍ എത്തുന്ന അതിഥികള്‍ക്ക് സമ്മാനിക്കാന്‍ സ്വപ്നാ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് സന്തോഷ് ഈപ്പന് കൊച്ചിയില്‍നിന്ന് ആറു ഐ ഫോണുകള്‍ വാങ്ങിനല്‍കിയത്.
താന്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ശിവശങ്കര്‍ എഴുതി നല്കിയ വിവരത്തിലൂടെയാണ് യൂണിടാക് നല്കിയ ഫോണാണ് ഇതിലൊന്നെന്ന് വ്യക്തമായത്.ഉപയോഗിക്കുന്ന രണ്ടു ഫോണുകളുടെ ഐഎംഇഐ നമ്പറുകളാണ് ശിവശങ്കര്‍ ഇ.ഡിക്ക് നല്‍കിയത്. അതിലൊരു ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ യൂണിടാക്ക് കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളുടെ വിവരത്തിലുമുണ്ട്.
അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ രാജീവനാണ് മറ്റൊരു ഫോണ്‍ ഉപയോഗിച്ചത്.ഫോണ്‍ വിവാദം കടുത്തതോടെ സിം മാറ്റി, രേഖകളെല്ലാം മായ്ച്ചുകളഞ്ഞ് രാജീവന് ഫോണ്‍ പൊതുഭരണ വകുപ്പില്‍ തിരികെ ഏല്പിച്ചു. വിമാനക്കമ്പനി മാനേജര്‍,പരസ്യ ഏജന്‍സി ഉടമ എന്നിവരാണ് മറ്റു ഫോണുകള്‍ ഉപയോഗിക്കുന്നതെന്നു തെളിഞ്ഞിരുന്നു. അഞ്ചാമത്തെ ഫോണ്‍ കൈമനത്ത് താമസിക്കുന്ന പ്രമുഖന്റെ കൈവശമുണ്ടെന്നാണ് സൂചന.
ഫോണ്‍ ആരുടെ കൈകളില്‍ എന്നത് അന്വേഷിച്ച് കണ്ടെത്തണമെന്ന് കേന്ദ്ര ഏജന്‍സികള്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതിലൊരു ഫോണ്‍ ലഭിച്ചിട്ടുണ്ടെന്ന സന്തോഷ് ഈപ്പന്റെ സത്യവാങ്മൂലത്തിലെ പരാമര്‍ശം വിവാദമായിരുന്നു.വാര്‍ത്ത വന്നപ്പോള്‍ തനിക്ക് കിട്ടിയിട്ടില്ലെന്നും ആരുടെ കൈവശമാണെന്നു കണ്ടു പിടിക്കണമെന്നു കാട്ടി ചെന്നിത്തല ഡിജിപിക്ക് കത്തും എഴുതി. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അന്വേഷിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു മറുപടി.
കൊച്ചിയില്‍നിന്ന് വാങ്ങിയതിനു പുറമെ തിരുവനന്തപുരത്തുനിന്ന് ഒരു ഫോണ്‍ വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: