കൊച്ചി: പോലീസിലുള്‍പ്പെടെ സംസ്ഥാനത്ത് ശക്തമായ സിപിഎം രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികളില്‍ പോലും സജീവം. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രാലയങ്ങളുടെ വിവിധ വകുപ്പുകള്‍ നടപടികള്‍ക്ക് സാധ്യത ആരായുന്നു. മുമ്പ് കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രിയെ കൊച്ചിയിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞതു മുതലുള്ള സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി.
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പോലും തടയുന്ന തരത്തില്‍ ഓഫീസുകളില്‍ കക്ഷിരാഷ്ട്രീയം പരസ്യമായി നടത്തുകയാണ് സിപിഎം പ്രവര്‍ത്തകര്‍. കസ്റ്റംസിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യവും സ്വാധീനവും പ്രവര്‍ത്തനവും ശക്തമാണ്. ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റമെന്ന് വ്യക്തമായിക്കഴിഞ്ഞ സ്വര്‍ണക്കടത്തു കേസിന്റെ തുടക്കത്തില്‍ത്തന്നെ സിപിഎം പ്രവര്‍ത്തകര്‍ കേസന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
സ്വപ്ന സുരേഷ് കസ്റ്റംസിന്റെ അറസ്റ്റിലായപ്പോള്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചോ മുഖ്യമന്ത്രിയെക്കുറിച്ചോ സ്വപ്ന മൊഴി നല്‍കിയിട്ടില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്തി ഒരു ഉദ്യോഗസ്ഥന് പാര്‍ട്ടിയോട് കൂറുകാണിച്ചിരുന്നു. അനീഷ്.പി. രാജന് കസ്റ്റംസിലെ ജോയിന്റ് കമ്മീഷണര്‍ ആയിരുന്നു. അതുള്‍പ്പെടെ ചോദ്യം ചെയ്യല്‍ സംഘത്തില്‍ ചിലരും ഓഫീസ് ഉദ്യോഗസ്ഥരുമടക്കം ചിലര്‍ പ്രതികള്‍ക്കും സിപിഎം നേതാക്കള്‍ക്കും അന്വേഷണ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് കൂറു കാട്ടിയതായി അതത് ഏജന്‍സികളില്‍നിന്നുതന്നെ ഉന്നത അധികൃതര്‍ക്ക് റിപ്പോര്‍ട്ടു പോയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് ബാഗേജ് തടഞ്ഞുവച്ചതു മുതല്‍ സ്വപ്നയ്ക്കും, കെ.ടി. റമീസിനും വിവരങ്ങള്‍ ചിലര്‍ നല്‍കിയിരുന്നെന്നാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയിരിക്കുന്ന രഹസ്യ റിപ്പോര്‍ട്ട്. കേസില്‍ കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്ത സരിത്തും, ഒരു കസ്റ്റംസ് ഓഫീസറും തമ്മില്‍ ജൂലൈ രണ്ടിന് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. കള്ളക്കടത്ത് പിടിച്ച ഓഫീസറെ സ്ഥലം മാറ്റാനുള്ള നീക്കങ്ങള്‍ വരെ ഇതിന്റെ അടിസ്ഥാനത്തില്‍ നടന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രതികളുടെ മൊഴിയില്‍നിന്ന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശരിയെന്ന് തെളിഞ്ഞു.
കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച സ്വപ്ന സുരേഷിന്റെ മൊഴിയിലെ ചില പേജുകള്‍ പുറത്ത് വിട്ട് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. ഇടക്കാല കേസ്ഡയറി കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതിലുള്ള മൊഴികളും മറ്റു പ്രതികള്‍ക്ക് നിയമപരമായി ലഭ്യമായ മൊഴികളും അല്ലാതെ പുറത്തുവന്ന വിവരങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകരായ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതാണ്.
എം. ശിവശങ്കറിന് കസ്റ്റംസ് നോട്ടീസ് നല്കാന് ചെന്നപ്പോള്‍ നടത്തിയ നാടകങ്ങളും ചിലര്‍ മുന്‍കൂട്ടി വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു. ജീവനക്കാര്‍ക്ക് സംഘടിക്കാനും സര്‍വീസ് സംഘടനാ പ്രവര്‍ത്തനം നടത്താനുമുള്ള അവകാശങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് മാറുന്നത് അനാരോഗ്യ പ്രവണതയാണെന്നാണ് പൊതുവേ ജീവനക്കാര്‍ക്കിടയിലും അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: