കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നഗരത്തില്‍ നിര്‍മ്മിച്ച ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കം എസ്കലേറ്റര്‍ കോര്‍പ്പറേഷന്റെ ഭരണനേട്ടമായി ചിത്രീകരിച്ച് ഉദ്ഘാടന മാമാങ്കം. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത മേയറും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയത് രാഷ്ട്രീയപ്രസംഗം.
സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും പദ്ധതിയെന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു ഇരുവരും. കോര്‍പറേഷന്റെ അഞ്ചു വര്‍ഷത്തെ ഭരണം മികച്ചതാണെന്ന് പറയുകയായിരുന്നു എംഎല്‍എ. പദ്ധതിയെകുറിച്ച് വായിച്ച റിപ്പോര്‍ട്ടിലും കേന്ദ്രപദ്ധതിയാണെന്നോ കേന്ദ്രവിഹിതം എത്രയാണെന്നോ പരാമര്‍ശം ഉണ്ടായിരുന്നില്ല. പദ്ധതി നഗരസഭ നടപ്പിലാക്കുന്നു എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്. അമൃത് പദ്ധതിയെകുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കിലും ഈ റിപ്പോര്‍ട്ട് വായിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ഉദ്ഘാടന ശിലാഫലകത്തില്‍ ആശംസാ സന്ദേശം നല്കിയ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ പേരില്ല. കേന്ദ്രപദ്ധതിയാണെന്ന പരാമര്‍ശവും ഇല്ല. അമൃത് പ്രൊജക്റ്റിന്റെ ലോഗോ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. പദ്ധതിയുടെ നിര്‍മ്മാണം നടത്തിയവര്‍ക്കും കരാറുകാര്‍ക്കും നന്ദി പറഞ്ഞെങ്കിലും നിര്‍മ്മാണത്തിനായി പകുതി തുക നല്കിയ കേന്ദ്രത്തെക്കുറിച്ച് നിശബ്ദരാവുകയായിരുന്നു കോര്പേറഷന് ഭരണാധികാരികള്‍
മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രിയും കോര്‍പ്പറേഷന്റെ പദ്ധതിയാണ് ഇതെന്ന വിധത്തിലാണ് സംസാരിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ചടങ്ങില്‍ അദ്ധ്യക്ഷനായി. കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സന്ദേശം കോര്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ് ചടങ്ങില്‍ വായിച്ചു. എം.കെ. രാഘവന് എംപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസ അറിയിച്ചു. എ. പ്രദീപ് കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ബിജെപി കോര്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കാന്‍ ഉതകുന്ന തരത്തിലാണ് 11.35 കോടി രൂപ ചെലവില്‍ എസ്കലേറ്ററും ലിഫ്റ്റും നടപ്പാലവും നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 50% തുകയായ 5.675 കോടി രൂപ കേന്ദ്രസര്‍ക്കാരാണ് നല്‍കിയത്. 30% തുകയായ 3.405 കോടി സംസ്ഥാന സര്‍ക്കാരും 20% തുകയായ 2.27 കോടി കോഴിക്കോട് കോര്‍പറേഷനുമാണ് വഹിച്ചത്. സംസ്ഥാനത്ത് ഒരു പൊതുറോഡില്‍ ഒരുങ്ങുന്ന ആദ്യ സംവിധാനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: