കൊല്ലം: കോര്‍പ്പറേഷനില്‍ ഈ-ഗവേണന്‍സ്-ഓഫീസ് ഡിജിറ്റലൈസേഷന് പദ്ധതിയുടെ ഭാഗമായി പ്രോപ്പര്‍ട്ടി ടാക്സ് സര്‍വേയുടെ പേരില്‍ നടക്കുന്ന വിവരശേഖരണത്തില്‍ ദുരൂഹത. ഐപിഎംഎസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ഐറ്റി വിഭാഗം നടത്തുന്ന ഡേറ്റാ ശേഖരണം നിയമവിരുദ്ധവും അനധികൃതവുമെന്ന ആക്ഷേപമാണ് ഉയരുന്നത്.
കോഴിക്കോട് ആസ്ഥാനമായ യുഎല്‍ ടെക്നോളജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സ്വന്തം സോഫ്റ്റ്വെയര് ഉപയോഗിച്ച് ഇന്റലിജെന്റ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സിസ്റ്റം വഴി കോര്പ്പറേഷന് പരിധിയിലെ നാലുലക്ഷം പേരില്‍ നിന്നും വിവരശേഖരണം നടത്തുന്നത്. ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ കമ്പനി സ്വകാര്യ സെല്വറിലാണ് സൂക്ഷിക്കുക. ഇത് ഭരണഘടനാലംഘനവും പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന് വിരുദ്ധവുമാണ്.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് നടത്തുന്നതും പ്രോപ്പര്‍ട്ടി ടാക്സ് ഫിക്സ് ചെയ്യുന്നതും സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാ(ഐകെഎം)ണ്. ഐകെഎം ശേഖരിക്കുന്ന ഡേറ്റ മുഴുവന്‍ സൂക്ഷിക്കുന്നതാകട്ടെ സര്‍ക്കാര്‍ സെര്‍വറിലും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഐകെഎമ്മിനെ ഒഴിവാക്കിയാണ് യുഎല്‍ ടെക്നോളജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനി അവരുടെ സ്വന്തം സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കൊല്ലം നഗരപരിധിയിലെ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത്. 60 ചോദ്യങ്ങള്‍ നേരിട്ടും 140 ചോദ്യങ്ങള്‍ പരോക്ഷമായും ആകെ 200 ചോദ്യങ്ങളിലൂടെയാണ് ഒരു വ്യക്തിയുടെ സമ്പൂര്‍ണ വിവരം ശേഖരിക്കുന്നത്. പ്രോപ്പര്‍ട്ടി ടാക്സ് സര്‍വേ ചെയ്യുന്നതിന് എന്തിനാണ് 200 ചോദ്യങ്ങള്‍. വ്യക്തിയുടെ ആരോഗ്യപരമായ ചോദ്യങ്ങളും ഉപചോദ്യങ്ങളും നിരവധിയാണ്. ഇതാണ് ദുരൂഹത ഉയര്‍ത്തുന്നതും.
വ്യക്തിയുടെ മെഡിക്കല്‍ ചരിത്രവും രേഖകളും നിയമപ്രകാരം വളരെ സെന്‍സിറ്റീവാണ്. ഇവയുടെ അനധികൃത ശേഖരണത്തിനും അനധികൃത ഉപയോഗത്തിനും എതിരെ ശക്തമായ നിയമം നിലനില്‍ക്കുന്നുണ്ട്. സെന്‍സിറ്റീവായ ഡേറ്റ നിര്‍ദ്ദിഷ്ട ലക്ഷ്യവും ഉപയോഗവും ദാതാവിന് വിശദീകരിച്ച ശേഷം കൃത്യമായി ദാതാവിന്റെ അനുമതി രേഖാമൂലം വാങ്ങി മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്ന് നിയമം അനുശാസിക്കുന്നു.
ഡേറ്റായിലെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ പുറത്തുവന്നാല്‍ അത് വ്യക്തിക്ക് സാമൂഹികവും മാനസികവുമായ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഭരണഘടന ഡേറ്റായ്ക്ക് സംരക്ഷണം നല്കിയതും വിവരശേഖരണം മൗലികാവകാശങ്ങളുടെ ഭാഗമാക്കിയതും. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് പ്രോപ്പര്‍ട്ടി ടാക്സ് സര്‍വേ നടത്തുന്നത്.
സ്വകാര്യ കമ്പനി ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ഫോണിലോ ഐപാഡിലോ ആണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ചോദ്യങ്ങള്‍ ഒന്നും ദാതാവിന് നല്‍കുകയോ പുറത്തുവിടുകയോ ചെയ്യുന്നില്ല. വിവരശേഖരണം നടത്തുന്നവരില്‍ ഭൂരിഭാഗവും മലബാര്‍പ്രദേശങ്ങളില്‍ നിന്നും എത്തിയവരാണ്. അവരെ സഹായിക്കാന്‍ ഭരണകക്ഷിയുടെ യുവജനവിഭാഗത്തിന്റെ വിശ്വസ്തരായ ചുരുക്കം ചിലരെ ചുമതലപ്പെടുത്തിയിരിക്കുന്നു. ചോദ്യങ്ങളുടെ രഹസ്യസ്വഭാവവും ഇടപടലും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: