തിരുവനന്തപുരം: സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ഓരോന്നായി നിഷേധിക്കുമ്പോഴും മുഖ്യമന്ത്രിയും ഓഫീസും ഊരാക്കുടുക്കിലേക്ക്. സ്വര്‍ണക്കടത്തു മുതല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് വരെ എത്തിനില്‍ക്കുമ്പോള്‍ ചോദ്യങ്ങളെല്ലാം ചെന്നെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ എല്ലാം ഒതുങ്ങിയെന്നു കരുതിയിരുന്നു. എന്നാല്‍, ശിവശങ്കര്‍ മാത്രമല്ല മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരുമെല്ലാം കേസിലേക്ക് വന്നുപെട്ടുകൊണ്ടിരിക്കുകയാണ്.
ശിവശങ്കര്‍ അറസ്റ്റിലായപ്പോഴും സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സ്വര്‍ണക്കടത്തില്‍ ശിവശങ്കര്‍ ഉള്‍പ്പെട്ട് പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവിയിലിരുന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ എല്ലാമായിരുന്ന ശിവശങ്കറിന്റെ കൈയിലായിരുന്നു കള്ളക്കടത്ത് സംഘത്തിന്റെ കടിഞ്ഞാണെന്ന് അന്വേഷണസംഘവും പറയുന്നു. അതിനാല്‍, മുഖ്യമന്ത്രിക്ക് നിയമപരമായും ധാര്‍മികമായും പങ്കുണ്ടെന്ന ആരോപണം നിഷേധിക്കാനാകില്ല.
ലാവ്‌ലിന്‍ കേസ് മുതല്‍ എം. ശിവശങ്കറെ മുഖ്യമന്ത്രിക്കറിയാം. ഇരുവരേയും കൂട്ടിയിണക്കിയത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌സെക്രട്ടറിയും സിഎം എന്ന അപരനാമത്തിലും അറിയപ്പെടുന്ന സി.എം. രവീന്ദ്രനും. സി.എം. രവീന്ദ്രനാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുവാദത്തോടെ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരം, ടൂറിസം മന്ത്രി ആയിരുന്നപ്പോള്‍ എം. ശിവശങ്കറെ ടൂറിസം ഡയറക്ടറായി നിയമിച്ചത്. എം. ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ രവീന്ദ്രന്‍ അവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ബോര്‍ഡില്‍ നിന്നു നഷ്ടപ്പെട്ടതിനു പിന്നില്‍ ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള അടുപ്പമാണെന്ന വിവരങ്ങളും പുറത്തുവരുന്നു.
ബിനീഷ് കോടിയേരിയുടെ പണമിടപാടും മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് നടിക്കാന്‍ പറ്റില്ല. ബിനീഷിന്റെ അവിഹിത ഇടപെടലുകള്‍ പലവട്ടം സ്‌പെഷ്യല്‍ ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. അപ്പോഴെല്ലാം കണ്ണടച്ചു. ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുമ്പോള്‍ മയക്കുമരുന്നു കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പുറത്തുവരാനിരിക്കുന്നതേയുള്ളു.
സ്പ്രിങ്ക്‌ളര്‍, പമ്പാ മണല്‍ക്കടത്ത്, ബെവ് ക്യൂ ആപ്പ്, ലൈഫ് മിഷന്‍, ഇ മൊബിലിറ്റി പദ്ധതി, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ തുടങ്ങിയ അഴിമതികളിലെല്ലാം മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: