തൊടുപുഴ: അഞ്ചുവയസുകാരനെ അച്ഛന്റെ ബന്ധു ക്രൂരമര്‍ദ്ദനത്തിനിരയാക്കി, തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അസം സ്വദേശിയായ ഇംദാദുല്‍ ഹക്കിനെ(25) തൊടുപുഴ പോലീസ് പിടികൂടി. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കാരിക്കോട് ഉണ്ടപ്ലാവില്‍ വാടകയ്ക്ക് താമസിക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളിയുടെ മകനെ ഇവരുടെ വീട്ടിലെത്തിയ ബന്ധു മര്‍ദ്ദിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ കുട്ടി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞെങ്കില്‍ മാത്രമെ കൃത്യമായി കാര്യങ്ങള്‍ പറയാനാകൂവെന്നും തലയില്‍ മൂന്നിടത്ത് പൊട്ടലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് കേസിന് ആസ്പദമായ സംഭവം. ഭക്ഷണം കഴിക്കാന്‍ ഇദാംദുള് കുട്ടിയെ വിളിച്ചെങ്കിലും വന്നില്ല, ഇതില്‍ ദേഷ്യം വന്ന ഇയാള്‍ കുട്ടിയെവഴക്ക് പറഞ്ഞ് മുന്‍വശത്തെ തിണ്ണയിലേക്ക് തള്ളി വിടുകയായിരുന്നു. തലയിടിച്ച് വീണ കുട്ടി രാത്രിയോടെ ഛര്‍ദ്ദിച്ചു. പിതാവും അടുത്തുള്ള ഓട്ടോറിക്ഷ ഡ്രൈവറും കൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇന്നലെ രാവിലെ പോലീസ് ആശുപത്രിയിലെത്തുേമ്പാള്‍ കുട്ടിക്കൊപ്പം ഇംദാദുല്‍ ഹക്ക് മാത്രമാണുണ്ടായിരുന്നത്. അച്ഛന് ജോലിക്ക് പൊയിരുന്നു, അമ്മ ഒന്നരവയസുള്ള ഇളയ കുട്ടിക്കൊപ്പം വീട്ടിലുമായിരുന്നു.
കേസില്‍ വിശദ അന്വേഷണം നടത്തി വരികയാണെന്ന് തൊടുപുഴ സിഐ സുധീര്‍ മനോഹര്‍ പറഞ്ഞു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തതായി ഡിവൈഎസ്പി സദനും പറഞ്ഞു.
പ്രതി പലപ്പോഴായി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ആവര്‍ത്തിക്കരുതെന്ന് ആശാ പ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നാട്ടുകാരും പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനത്തിന് ഇരയായി കുമാരമംഗലത്ത് ഏഴ് വയസുകാരന് മരിച്ചിരുന്നു. ഇവിടെ നിന്ന് എട്ട് കിലോ മീറ്റര്‍ അകലെയാണ് വീണ്ടും സമാന സംഭവം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: