ശ്ലോകം 248
സ ദേവദത്തോളയമിതീഹ ചൈകതാ
വിരുദ്ധ ധര്മ്മാംശമപാസ്യ കഥ്യതേ
യഥാ തഥാ തത്ത്വമസീതി വാക്യേ
വിരുദ്ധ ധര്മ്മാനുഭയത്ര ഹിത്വാ
249
സംലക്ഷ്യ ചിന്മാത്രതയാ സദാത്മനോഃ
അഖണ്ഡഭാവഃ പരിചീയതേ ബുധൈഃ
ഏവം മഹാവാക്യശതേന കഥ്യതേ
ബ്രഹ്മാത്മനോരൈക്യമഖണ്ഡ ഭാവഃ
ആ ദേവദത്തനാണ് ഇവന് എന്ന വാക്യത്തില്‍ വിരുദ്ധധര്മങ്ങളെ സൂചിപ്പിക്കുന്ന വാക്കുകളെ വെടിയുമ്പോള്‍ ഏകത്വത്തെ കിട്ടും. അതുപോലെയാണ് തത്ത്വമസി മഹാവാക്യത്തിലും. ഈശ്വരന്റെയും ജീവന്റെയും സത്ത ശുദ്ധ ചിന്മാത്രമാണെന്ന് കണ്ട് രണ്ടിലുമുള്ള വിരുദ്ധ ധര്‍മങ്ങളെ തള്ളി രണ്ടും വേറെയല്ല ഒന്ന് തന്നെയെന്ന് ജ്ഞാനികള്‍ അറിയുന്നു. ഇത്തരത്തില്‍ നൂറ് കണക്കിന് ശ്രുതിവാക്യങ്ങളിലൂടെ ബ്രഹ്മത്തിന്റെയും ജീവന്റെയും ഐക്യത്തെ വ്യക്തമാക്കുന്നുണ്ട്.
സോയം ദേവദത്തഃ ആ ദേവദത്തനാണിവന്‍ എന്ന വാക്യത്തില്‍ ആ എന്നും ഇവന് എന്നതും രണ്ട് വിരുദ്ധ ധര്‍മങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആ എന്ന വാക്ക് മുന്‍പ് അവിടെ എവിടെയോ വച്ച് കണ്ട ആളേയും ഇവന് എന്ന വാക്കു കൊണ്ട് ഇന്ന് ഇപ്പോള്‍ ഇവിടെ കാണുന്ന ആളേയും സൂചിപ്പിക്കുന്നു.
അവിടെ, ഇവിടെ എന്നതില്‍ കാലദേശങ്ങളില്‍ വ്യത്യാസമുണ്ട്. രണ്ടും ഒന്നല്ല വേറെ തന്നെയാണ് പക്ഷേ ആള് ഒന്നാണ്. അതിനാല്‍ വിരുദ്ധധര്മങ്ങളെ തള്ളിക്കളഞ്ഞ് ആ ആളും ഈ ആളും ഒന്ന് തന്നെയെന്ന് മനസ്സിലാക്കണം.
ആ ദേവദത്തനാണിവന്‍ എന്ന ഉദാഹരണത്തില്‍ വിരുദ്ധ ധര്‍മങ്ങളെ തള്ളി ശരിയായ അര്‍ഥത്തെ ഗ്രഹിക്കുന്നതു പോലെ തത്ത്വമസി മഹാവാക്യത്തിലെ വിരുദ്ധ ഉപാധികളേയും തള്ളിക്കളഞ്ഞ് ജീവന്റെയും ഈശ്വരന്റെയും ഐക്യത്തെ അറിയണം.
സച്ചിദാനന്ദവും അനന്തവും സര്‍വവ്യാപിയുമാണ് ഈശ്വരന്. എന്നാല്‍ ജീവന് ഇതിന് നേരെ വിപരീതവുമാണ്. ഈ വിരുദ്ധ ധര്‍മങ്ങളെ തള്ളി ഇവ രണ്ടിലും കുടികൊള്ളുന്ന ശുദ്ധചൈതന്യത്തെ സ്വീകരിക്കണം. അപ്പോള്‍ ജീവേശ്വരന്മാരുടെ ഏകത്വമാവും. തത്ത്വമസി മഹാവാക്യത്തിലെ തത്പദം കുറിക്കുന്നത് ഈശ്വരനെയാണ്. ത്വം പദം ജീവനേയും .
ഈശ്വരന് സമഷ്ടിയില്‍ മായോപാധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവന് വ്യഷ്ടിയില്‍ അവിദ്യോപാധിയില്‍ കുടുങ്ങി കിടപ്പാണ്. ശരീരമനോബുദ്ധികളാകുന്ന ഉപാധികളില്‍ പെട്ടുഴലുന്ന ചൈതന്യമാണ് ജീവന്. രണ്ടിലുമുള്ള വിരുദ്ധങ്ങളായ ഈ ഉപാധികളെ തള്ളിക്കളയണം.
ഇവ രണ്ടിലേയും ഉപാധികളെ നീക്കിയാല്‍ രണ്ടും വേറെയല്ല ഒന്ന് തന്നെയെന്ന് ബോധ്യമാകും. രണ്ടും ചിന്മാത്ര അഥവാ ശുദ്ധ ചൈതന്യം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: