ബംഗാളിന്റെ നവോത്ഥാന ചക്രവാളത്തില്‍ വൈഷ്ണവകാവ്യങ്ങളുടെ തനത് അനുഭൂതിയും സംസ്ക്കാര ചിഹ്നങ്ങളുമുള്ക്കൊണ്ട മഹാകവികളുടെ നിത്യസാന്നിധ്യം ദര്‍ശനീയമാണ്. ശ്രീചൈതന്യന്റെ വിലോഭനീയമായ വിശ്രുത കാലഘട്ടം പിന്നിടുമ്പോള്‍ ദര്‍ശനീയമാവുക ഹരിനാമ കല്ലോലിനിയില്‍ ആണ്ടുമുങ്ങിയ യോഗാത്മക പ്രതിഭ ജ്ഞാനദാസിനെയാണ്.
ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന കവിയുടെ ജനനവും ജന്മസ്ഥാനവും മറ്റു വിവരവും ഗവേഷകര്‍ക്ക് അവ്യക്തമാണെങ്കിലും ജീവതകാലം 16 ാം നൂറ്റാണ്ടാണെന്ന് വിശ്വസിക്കപ്പെടുന്നു. മംഗള്‍ ഠാക്കൂര്‍, ശ്രീമംഗള്, മദന്മംഗള് തുടങ്ങിയ വിവിധ നാമധേയങ്ങളില്‍ ജ്ഞാനദാസ് പ്രസിദ്ധിയുടെ പ്രഭാപൂരമണിഞ്ഞു. ചൈതന്യ മഹാപ്രഭുവിന്റെ ഗൗഡിയ പദ്ധതിയുടെ പ്രചാരകനായി സഞ്ചരിച്ച നിത്യാനന്ദന്റെ ശ്രേഷ്ഠഭക്തിയുടെ ദിവ്യാമൃതം ജ്ഞാനദാസിന്റെ കര്‍മമാര്‍ഗങ്ങളില്‍ തെളിയുന്നു. നിത്യാനന്ദയുടെ ശിഷ്യ പത്നിയായ ജാഹ്നവീദേവി തുറന്നു കൊടുത്ത ആത്മീയ പ്രചരണയത്നങ്ങള് ജ്ഞാനദാസിനെ പ്രചോദിപ്പിച്ചു. തീര്‍ഥാടനങ്ങളും ക്ഷേത്രായനങ്ങളുമായി, സേവനോത്സുകമായ നാളുകളില്‍ വൈഷ്ണവ വിഭൂതിയുടെ മഹാശയങ്ങളാണ് കവി പകര്‍ന്നു നല്‍കിയത്. ജ്ഞാനസമ്പാദനത്തിനായി തീര്‍ഥ പുരികളിലൂടെയുള്ള യാത്രാപഥത്തിലായിരുന്നു വൃന്ദാവന ദര്‍ശനം. ശ്രീജീവ ഗോസ്വാമി, കൃഷ്ണദാസ് കവിരാജ്, രഘുനാഥദാസ്, ഗോപാല്ഭട്ട തുടങ്ങിയ വൈഷ്ണവ പണ്ഡിതരുമായി നടത്തിയ ആശയചര്‍ച്ചയും സദ്സംഗവും ജ്ഞാനദാസിന് അറിവിന്റെ അതീതമായ പ്രത്യയങ്ങള്‍ സ്വാംശീകരിക്കാനുള്ള അവസരങ്ങളായിരുന്നു.
മഹാജ്ഞാനവും യോഗാത്മകവൈഭവവും ചേര്‍ന്ന് ജ്ഞാനദാസില് നിന്ന് ഉദാത്തമായ കവനങ്ങള്‍ ഉറന്നൊഴുകി. കൃഷ്ണാവബോധത്തില്‍ വിടരുകയായിരുന്നു ശ്രീകൃഷ്ണന്റെ കേശാദിപാദവര്‍ണനയുടെ അപൂര്‍വാനുഭൂതി പകര്‍ന്ന ഈ മഹാകാവ്യം. പ്രണയഭക്തിയുടെ ആ നിലാവില് രാധാകൃഷ്ണ പ്രേമത്തിന്റെ വൃന്ദാവന കേളികളാടിയ ഇരുനൂറോളം കൃതികളാണ് ജ്ഞാനദാസിന്റെ ഭക്തമാനസത്തില്‍
പൂത്തുലഞ്ഞത്. ബംഗാളിയിലും വ്രജഭാഷയിലും മുന്നേറിയ ആ കവനങ്ങള്‍ സാംസ്കാരികാന്തരീക്ഷത്തില്‍ സ്വത്വമുദ്ര ചാര്‍ത്തി. പ്രശാന്തിമൗനമാണ് ജ്ഞാനദാസിന്റെ രചനകളുടെ ആന്തരശ്രുതി. ‘മഥുര്‍, ‘മുരളീശിക്ഷ’ എന്നീ സമ്പൂര്‍ണ സമാഹാരം ‘ഞാന്‍ കൃഷ്ണനാകുന്നു’ (കൃഷ്ണോഹം) എന്ന അദൈ്വത പൂര്‍ണിമയില്‍ വിലയിക്കുന്നു. ആ ‘ജ്ഞാനപ്പാനകള്‍’ കാലം വായിച്ചുകൊണ്ടേയിരിക്കും. കീര്‍ത്തന പ്രസ്ഥാനത്തിന്റെ ആലാപന വഴികളില്‍ പരീക്ഷിച്ചറിഞ്ഞ നൂതന പദ്ധതികള്‍ മഹാകവിയുടെ നാന്മുഖ പ്രതിഭ വെളിപ്പെടുത്തുന്നതായിരുന്നു. സാധാരണ മനുഷ്യന്റെ സഹൃദയത്വത്തെ തരളിതമാക്കിയ ആ രചനകള്‍ ഭക്തിയുടെ വിശുദ്ധി പത്രങ്ങളായി. ഭാഗവത പ്രസിദ്ധമായ പ്രേമരസ ഭക്തിയുടെ ആന്ദോളനങ്ങളും യോഗാത്മക സൗന്ദര്യത്തിന്റെ ശാന്തിലയനവുമാണ് ജ്ഞാനദാസിന്റെ കാവ്യജീവിതത്തെ പ്രബുദ്ധമാക്കുന്നത്. അറിവിന്റെ അജ്ഞേയമായ വീഥിയില്‍ നിന്ന് ജ്ഞാനബോധിയുടെ വിശുദ്ധിഛായകളിലേക്കായിരുന്നു ജ്ഞാനദാസിന്റെ കൃഷ്ണമാര്ഗം. ആ നീലനിലാവലയുടെ സൗരഭം ഇന്നും പൈതൃക പ്രത്യയങ്ങളുടെ പ്രചോദകശക്തിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: