തിരുവനന്തപുരം: വിജിലന്‍സിനെ കൊണ്ട് ലൈഫ് മിഷന് അഴിമതിയിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കവും പാളി. വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം കൂടി ഉള്ളതിനാല്‍ വിജിലന്‍സിനും എല്ലാം വഴിവിട്ട് ചെയ്യാനാകില്ല. കേന്ദ്രഏജന്‍സികളുടെ അന്വേഷണ വഴിയെ സഞ്ചരിക്കാനെ വിജിലന്‍സിനും ഇപ്പോള്‍ നിര്‍വാഹമുള്ളൂ.
സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. സിബിഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്കിയ കോടതി വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നുമുള്ള നിര്‍ദ്ദേശം കൂടി മുന്നോട്ടുവച്ചു. അതിനാല്‍ അന്വേഷണത്തില്‍ ഉരുണ്ടുകളിക്കാന്‍ വിജിലന്‍സിന് ആകില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കോടതി നിര്‍ദ്ദേശം വന്നതിന് പിന്നാലെ വിജിലന്‍സിന് അന്വേഷണം ഊര്‍ജ്ജിതമാക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സരിത്തിനെ ചോദ്യം ചെയ്തു. തിങ്കളാഴ്ച സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരെ ചോദ്യം ചെയ്യും. എന്‍ഐഎ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ചോദ്യം ചെയ്യല്‍.
അതിനിടെ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന് കൈക്കൂലിയായി നല്കിയ അഞ്ച് ഐ ഫോണുകളില്‍ ഒരെണ്ണം ശിവശങ്കറാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. എന്‍ഫോഴ്സ്മെന്റിന് നല്കിയ മൊഴിയില്‍ രേഖപ്പെടുത്തിയ ഫോണിന്റെ ഐഎംഎ നമ്പറും യുണിടാക് ഉടമ നല്കിയ ഫോണ്‍ബില്ലും പരിശോധിച്ചതോടെയാണ് ഒരു ഫോണ്‍ ശിവശങ്കറിന്റെ കൈയിലാണെന്ന് തിരിച്ചറിഞ്ഞത്. ഫോണ്‍ ലഭിച്ചുവെന്ന് തെളിഞ്ഞതോടെ സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യും. അതേ കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് ശിവശങ്കറിനെ ചോദ്യം ചെയ്യാതെ നിര്‍വാഹവുമില്ല.
അഞ്ച്ഫോണില് ഒരു ഫോണ്‍ അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവിന് ലഭിച്ചു. അത് സര്‍ക്കാരില്‍ ഏല്‍പ്പിച്ചു. പൊതുഭരണ സെക്രട്ടറിക്ക് മുന്നിലാണ് ഫോണ്‍ ഹാജരാക്കിയത്. ഒരെണ്ണം എയര്‍ അറേബ്യ ജീവനക്കാരനും ഒരെണ്ണം യുഎഇ കോണ്‍സുലേറ്റിലെ ഡിസൈന്‍ ജോലികള്‍ ചെയ്യുന്ന ആള്‍ക്കുമാണ് നല്‍കിയിട്ടുള്ളത്. ഒരെണ്ണം ആരുടെ കൈയിലാണെന്ന് കണ്ടെത്താനായിട്ടില്ല. ഈഫോണ്‍ 353829104894386 എന്ന ഐഎംഇഐ നമ്പറിലുള്ളതാണ്.
സന്തോഷ് ഈപ്പന്റെ മൊഴി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനാല്‍ ഈ ഫോണിനു പിറകെയും അന്വേഷണം ഉണ്ടാകും. അതിനാല്‍ത്തന്നെ വിജിലന്‍സിനും ആ ഫോണിനെ കുറിച്ച് അന്വേഷിക്കാതെ മാറി നില്‍ക്കാനാകില്ല. അതേസമയം ഈ ഫോണ്‍ ക്ലിഫ് ഹൗസില്‍ ഉപയോഗത്തിലിരുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് തന്നെ നീങ്ങേണ്ടി വന്നേക്കുമെന്നും സൂചനയുണ്ട്. അങ്ങനെ ഉണ്ടായാല്‍ വിജിലന്‍സിനും ക്ലിഫ്ഹൗസില്‍ എത്തി അന്വേഷിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: