കൊല്ലം: ജില്ലയിലുടനീളം മണ്ഡലതലത്തില്‍ മഹിളാ മഹാസംഗമങ്ങള്‍ സംഘടിപ്പിച്ച് മഹിളാമോര്‍ച്ച. സംസ്ഥാന പ്രസിഡന്റ് അഡ്വ: നിവേദിതാ സുബ്രഹ്മണ്യനാണ് കഴിഞ്ഞ ദിവസം പത്തനാപുരം, കൊട്ടാരക്കര, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തത്. പത്തനാപുരത്ത് പാര്‍ട്ടിയിലേക്കെത്തിയ നിരവധി പേരെ സംസ്ഥാന പ്രസിഡന്റ് സ്വീകരിച്ചു. കൊല്ലം, ചവറ, പണ്ടുനലൂര്‍ മണ്ഡലങ്ങളിലും മഹിളാസംഗമങ്ങള് നടന്നു.
കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് ദിശ നണ്ടിര്ണയിക്കുന്ന കരുത്തായി മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സ്ത്രീശക്തി മാറുകയാണെന്ന് പത്തനാപുരത്ത് നടന്ന സമ്മേളനത്തില്‍ നിവേദിത പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സ്ത്രീപക്ഷനടപടികള് ജനങ്ങളിലേക്കെത്തിക്കുകയാണ് സംഘടനയുടെ മുന്നിലെ ദൗത്യം. മുത്തലാഖ് നിരോധനവും സുകന്യസമൃദ്ധിയോജനയും മുതല്‍ സുവിധ സാനിറ്ററി നാപ്കിന് വരെ മോദിസര്‍ക്കാരിന്റെ സ്ത്രീക്ഷേമ നടപടികള്‍ സമഗ്രമാണെന്ന് അവര്‍ ഓര്‍മിപ്പിച്ചു.
സൈന്യമടക്കം രാഷ്ട്രത്തിന്റെ നിര്‍ണായക മേഖലകളിലെല്ലാം സ്ത്രീശക്തിക്ക് ഇടം നല്കിയ സര്‍ക്കാരാണ് മോദിയുടേത്. അമ്മമാരും സോദരിമാരും അപമാനിക്കപ്പെടുന്ന കേരളത്തിന്റെ മണ്ണില്‍ താക്കീതിന്റെ ശക്തിയായി മഹിളാമോര്‍ച്ച മാറണമെന്ന് നിവേദിത സുബ്രഹ്മണ്യന് ആഹ്വാനം ചെയ്തു.
മഹിളാമോര്‍ച്ച പത്തനാപുരം മണ്ഡലം പ്രസിഡന്റ് രമ്യശ്രീയുടെ അധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ സംസ്ഥാന ഉപാധ്യക്ഷ അഡ്വ: രൂപ ബാബു, ജില്ല പ്രസിഡന്റ് അഡ്വ: ബിറ്റി സുധീര്‍, ജനറല്‍ സെക്രട്ടറി ദീപ സഹദേവന്, വൈസ് പ്രഡിഡന്റ് ലളിതാംബിക, സെക്രട്ടറി പുഷ്പകുമാരി, ബിജെപി മണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂര്‍ സതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: