കല്‍പ്പറ്റ: പ്രായാധിക്യവും പരിക്കും മൂലം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരതേടുന്നതിനിടെ പിടിയിലാകുന്ന കടുവകള്‍ക്ക് അഭയവും പരിചരണവും നല്‍കുന്നതിന് വനം വന്യജീവി വകുപ്പ് സംസ്ഥാനത്ത് ആദ്യമായി കേന്ദ്രം തുടങ്ങുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍പ്പെട്ട പച്ചാടിയില്‍ അഞ്ച് ഏക്കറാണ് അഭയ പരിചരണ കേന്ദ്രത്തിനായി ഉപയോഗപ്പെടുത്തുന്നത്.
വനം വന്യജീവി വകുപ്പ് ദീര്‍ഘകാലം നടത്തി ഉപേക്ഷിച്ച വനലക്ഷ്മി കുരുമുളക് തോട്ടത്തിന്റെ ഭാഗമാണ് ഈ സ്ഥലം. 78 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം യാഥാര്‍ഥ്യമാക്കുന്നത്. മൂന്നു മാസത്തിനകം പ്രവര്‍ത്തനം ആരഭിക്കുന്ന കേന്ദ്രത്തില്‍ ഒരേ സമയം നാലു കടുവകളെ സംരക്ഷിക്കാനാകുമെന്നു വനം വന്യജീവി വകുപ്പധികൃതര്‍ പറഞ്ഞു.
കേന്ദ്രത്തില്‍ നല്കുന്ന പരിചരണത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന കടുവകളെ അവയുടെ യഥാര്‍ഥ ആവാസകേന്ദ്രത്തില്‍ തുറന്നുവിടുകയോ മൃഗശാലയിലേക്കു മാറ്റുകയോ ചെയ്യും. വനത്തോടു ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളില്‍ കുറച്ചു കാലമായി കടുവാശല്യം വര്‍ധിച്ചിരിക്കയാണ്. കാടിറങ്ങുന്ന കടുവകളില്‍ കര്‍ണാടകയിലെ ബന്ദിപ്പുര, നാഗരഹോള വനങ്ങളിലേതും ഉള്‍പ്പെടും ഇവയെയും പിടികൂടി ഈ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: