ഇടുക്കി: അമ്മയെ നഷ്ടപ്പെട്ട ദുഖത്തിനിടയില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് പീരുമേട് സ്വദേശി ഗുരുസ്വാമിയും കുടുംബവും. അമ്മയെ അനാഥയാക്കി പേരെടുക്കാന്‍ സിപിഎം നടത്തിയ നാടകമാണ് ഈ കുടുംബത്തെ സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെടുത്തിയത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് തൊമ്മന്‍കോളനി മേലേപ്പറമ്പില്‍ ഗോമതി(90) കഴിഞ്ഞ 26ന് പുലര്‍ച്ചെയാണ് മരിച്ചത്. കൊറോണ ഭീതിമൂലം ബന്ധുക്കളും നാട്ടുകാരും ഉപേക്ഷിച്ച മൃതദേഹം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് സംസ്കരിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വീണ് കാലൊടിഞ്ഞതിനെത്തുടര്‍ന്ന് ഏറെക്കാലമായി ഗോമതി കിടപ്പിലായിരുന്നു.
കുടുംബത്തിലെ രണ്ടു പേര് കൊറോണ ബാധിതരായെങ്കിലും ഒരാള്‍ സ്ഥലത്തേക്ക് വന്നിട്ടില്ല. മറ്റൊരാള്‍ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഗോമതി കൊറോണ ബാധിച്ച് മരിച്ചെന്ന് സി പി എമ്മിന്റെ നേതൃത്വത്തില്‍ പ്രചരണം നടത്തിയത്. ബന്ധുക്കളേയും നാട്ടുകാരേയും വീട്ടിലേക്ക് അടുപ്പിക്കാതെ മനപൂര്‍വം മാറ്റി നിര്‍ത്തിയെന്നും ഗുരുസ്വാമി പറയുന്നു. പിന്നീട് ഡിവൈഎഫ്ഐ നേതാക്കള്‍ ഇടപെട്ട് സംസ്കാരവും നടത്തി. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത് പാര്‍ട്ടി ചാനലിലും ചില പത്രങ്ങളിലും വാര്‍ത്തയായി നല്കി. പ്രമുഖ നേതാക്കളും മന്ത്രിമാരും ചിത്രം സഹിതം വിഷയം പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയിലും വൈറലായി. വണ്ടിപ്പെരിയാറിലെ ആരോഗ്യപ്രവര്‍ത്തകരും ഇതിന് കൂട്ട് നിന്നതായി ഗുരുസ്വാമി ആരോപിക്കുന്നു.
സോഷ്യല്‍ മീഡിയയിലും വിവിധ മാധ്യമങ്ങളിലും വന്ന വാര്‍ത്ത വന്നതോടെ വീടിന് പുറത്തിറങ്ങാനാകാതെ അവസ്ഥയിലാണിവര്‍.
പാര്‍ട്ടി കുടംബത്തെയും ചതിച്ചു
താനും കുടുംബവും കാലങ്ങളായി വിശ്വസിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്ന് ഗുരുസ്വാമി പറയുന്നു. രണ്ടര ആഴ്ച മുമ്പ് കുടുംബത്തിലെ രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിതോടെ എല്ലാവരും നിരീക്ഷത്തില്‍ പോയെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അമ്മയെ പരിചരിച്ചിരുന്നവര്ക്കടക്കം മറ്റാര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.
ഗോമതിയുടെ മരണം കൊറോണ മൂലമല്ലെന്നും പ്രായാധിക്യം മൂലമാണെന്നും ഇതോടെ തെളിഞ്ഞു. എന്നാല്‍ വീണു കിട്ടിയ അവസരം സിപിഎം മുതലാക്കുകയായിരുന്നുവെന്ന് കുടുംബം അറിഞ്ഞില്ല. വീട്ടിലേക്ക് എത്തിയവരെ വഴിയില്‍ തടഞ്ഞ് മടക്കി അയച്ചു. ബന്ധുക്കള്‍ക്ക് പോലും വീട്ടിലേക്കെത്താനോ ഗോമതിയെ അവസാനമായി ഒരു നോക്ക് കാണാനോ കഴിഞ്ഞില്ലെന്നും ഗുരു സ്വാമി പറഞ്ഞു.
സിപിഎം മാപ്പു പറയണം
മൃതദേഹം സംസ്കരിക്കാന്‍ സഹായവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തിയത് കുടുംബം വലിയ സഹായമായാണ് കണ്ടത്. എന്നാല്‍ പിന്നീടാണ് ചതി മനസിലായത്. അമ്മ അനാഥയല്ലെന്നും മക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളും ഉള്‍പ്പെടെ വലിയൊരു ബന്ധുബലം തന്നെ പിന്നിലുണ്ടെന്നും ഗുരുസ്വാമി പറയുന്നു. മക്കളേപ്പോലും ഇട്ടിട്ടാണ് അമ്മയേ നോക്കിയതെന്നും ഇപ്പോള്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാവുന്നില്ലെന്നും ഒരു മകള്‍ കണ്ണീരോടെ വിവരിച്ചു. സംഭവത്തില്‍ സിപിഎം നേതൃത്വം മാപ്പുപറയണമെന്നും സത്യാവസ്ഥ പുറം ലോകത്തോട് പറയണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
സഹായവുമായി എത്തിയത് ബിജെപി
വീട്ടിലേക്കാവശ്യമുള്ള സാധനം പോലും വാങ്ങിക്കൊടുക്കാന്‍ സംഭവത്തോടെ ആരും തയ്യാറായില്ല. ബന്ധുക്കള്‍ പോലും മാറി നിന്നു. ഇവരുടെ ബുദ്ധിമുട്ട് അറിഞ്ഞ് പിന്നീട് ബിജെപി നേതാക്കളാണ് സഹായമായെത്തിയതെന്നും ഗുരുസ്വാമി ജന്മഭൂമിയോട് പറഞ്ഞു. വീട്ടിലെത്തിയ ബിജെപി നേതാക്കള്‍ എല്ലാ സഹായവുമായി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: