സിപിഐ നേതാവ് എന്‍.ഇ. ബാലറാം വെറും കമ്യൂണിസ്റ്റായിരുന്നില്ല. കമ്യൂണിസ്റ്റാണെങ്കിലും ചിന്തിക്കാന്‍ ശേഷിയുള്ള സത്യം വിളിച്ചു പറയുന്നയാളായിരുന്നു. കണ്ണുകെട്ടിയ കമ്യൂണിസ്റ്റ്, ഇന്നത്തെ ശൈലിയില്‍ പറഞ്ഞാല്‍ അന്തം കമ്മി, ആയിരുന്നില്ല. അതുകൊണ്ടുതന്നെ, 33 വര്‍ഷം മുമ്പ് അദ്ദേഹം നടത്തിയ ആ പ്രവചനം ശരിയാകുന്നു.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി താഷ്‌കന്റില്‍ രൂപീകരിച്ചതിന്റെ നൂറാം വാര്‍ഷികം സിപിഎം ആഘോഷിക്കുന്ന യുക്തിയില്ലായ്മ അവിടെ നില്‍ക്കട്ടെ. അത് ആഘോഷിക്കാന്‍ സിപിഐയ്‌ക്കേ അവകാശമുള്ളുവെന്നതും മാറ്റിവെക്കാം. സിപിഐയില്‍ നിന്ന് പൊട്ടിയടര്‍ന്നു പോയി രൂപപ്പെട്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെപ്പറ്റി, സിപിഐ നേതാവ്, പിണറായി സ്വദേശി ബലറാം 1987 ല്‍ പറഞ്ഞതിനെക്കുറിച്ച് പറയാം.
കാലം 1987. സ്ഥലം തിരുവനന്തപുരത്ത് എം. സുഗതന്‍ സ്മാരകം. സിപിഐയുടെ സംസ്ഥാനതല പ്രവര്‍ത്തകര്‍ക്ക് മാര്‍ക്സിസത്തെക്കുറിച്ച് 25 ദിവസത്തെ പഠന ശിബിരം നടക്കുകയാണ്. എന്‍.ഇ. ബാലറാം ശിബിരാര്‍ഥികളോട് മറുപടി പറയുന്നു: ”ഇഎംഎസ് എന്ന ജാലവിദ്യക്കാരന്റെ കാലം കഴിഞ്ഞ് ഏറിയാല്‍ പത്തിരുപതു വര്‍ഷമേ സിപിഎം നിലനില്‍ക്കൂ. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല, പാരലല്‍ മാര്‍ക്കറ്റിങ് പാര്‍ട്ടി മാത്രമാണ്. മൂലധന സമാഹരണമാണ് അവരുടെ മുഖ്യ അജണ്ട. ബ്രാഞ്ച് തുടങ്ങിയാല്‍ ആദ്യം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് പണം സ്വരൂപിക്കുന്നു, സ്ഥലം വാങ്ങുന്നു. ഭൂസ്വത്ത് കൈവശപ്പെടുത്തുന്നു. ഒരു പരിധിക്കപ്പുറം സ്വത്ത് ആര്‍ജിക്കരുതെന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. ഇത് മാര്‍ക്കറ്റിങ് പാര്‍ട്ടിയായി മാറി. ആര്‍.കെ. മലയത്ത് പ്രശസ്ത ജാലവിദ്യക്കാരനാണ്. അതിനേക്കാള്‍ വലിയ രാഷ്‌ട്രീയ ജാലവിദ്യക്കാരനും ജ്യോതിഷിയും മന്ത്രവാദിയുമാണ് ഇഎംഎസ്.” അന്നത്തെ നോട്ടുകുറിച്ചു സൂക്ഷിച്ചിരുന്ന സിപിഐക്കാര്‍പോലും കമ്യൂണിസം വിട്ടു തുടങ്ങിയ കാലത്ത് ബാലറാമിന്റെ പ്രവചനം കൃത്യമാകുകയാണ്.
മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സ്വര്‍ണക്കടത്തുകാര്‍ക്ക് താവളമാകുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ലഹരിക്കടത്തു സംഘത്തില്‍ കൂടിയതിനും കള്ളപ്പണമിടപാട് നടത്തിയതിനും കേസില്‍ പ്രതിയാകുന്നു. മാര്‍ക്സിസ്റ്റ് മന്ത്രിസഭയിലെ പലരും കള്ളപ്പണം-കള്ളക്കടത്ത് ഇടപാടുകളില്‍ സംശയ നിഴലിലാകുന്നു. ഒരു സംസ്ഥാനത്തെ ആകെ കളങ്കപ്പെടുത്തുന്നു. ബലറാം പറഞ്ഞതുപോലെ ഇഎംഎസ് മരിച്ച് 22 വര്‍ഷം കഴിഞ്ഞപ്പോഴാണിതെല്ലാം. സി. ഉണ്ണിരാജ, പികെവി, കണിയാപുരം രാമചന്ദ്രന്‍, ഒഎന്‍വി, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവര്‍ ക്ലാസുകളെടുത്ത ശിബിരങ്ങളിലൊന്നിലാണ് ബാലറാം പ്രവചനം നടത്തിയത്.
കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് നേതാവ് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിനെക്കുറിച്ച്, അവാസ്തവമെങ്കിലും, പാര്‍ട്ടി നേതാക്കളും അണികളും പറഞ്ഞു നടന്നിരുന്നതെന്താണ്. സ്വന്തം ഇല്ലത്തെ സ്വത്തുക്കള്‍ പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സമ്മാനിച്ച മനുഷ്യ സ്നേഹി എന്നായിരുന്നു. പൂര്‍ണമായും ശരിയല്ലെങ്കിലും ശരിയാണ്. പട്ടാമ്പി മണ്ഡലത്തില്‍ നിന്ന് വിജയിച്ച എംഎല്‍എയായ ഇഎംഎസിന്റെ ഓങ്ങല്ലൂര്‍ പ്രസംഗവും മറ്റും വിവാദവും ചര്‍ച്ചാ വിഷയങ്ങളുമായിട്ടുള്ളത് അവിടെ നില്‍ക്കട്ടെ. ‘ഇല്ലത്തുനിന്ന് പാര്‍ട്ടിയിലേക്കും’ നാട്ടിലേക്കും സ്വത്തുകൊണ്ടുവന്നതില്‍ ഊറ്റം കൊണ്ടിരുന്ന സഖാക്കളുടെ നേതാക്കള്‍ ഇപ്പോള്‍ ‘സര്‍ക്കാരിലിരുന്ന് ജനങ്ങളില്‍നിന്ന് നടത്തുന്ന പകല്‍ക്കൊള്ള’കള്‍ക്ക് വാസ്തവത്തില്‍ വിശദീകരണമില്ല. അതുകൊണ്ടുതന്നെ ഇഎംഎസ് എന്ന രാഷ്‌ട്രീയ ജാലവിദ്യക്കാരന്റെ പ്രഭാവം രണ്ടു പതിറ്റാണ്ടുകഴിഞ്ഞതോടെ അപ്പാടേ ഇല്ലാതായി.
ഏതു വിധേനയും തുടര്‍ഭരണം പിടിക്കാന്‍ സിപിഎം ദേശീയ നേതൃത്വവും സ്വതന്ത്ര അനുമതി കൊടുത്തിരിക്കെ, പിണറായി വിജയനും സംഘവും കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ കുപ്പയില്‍തള്ളി. സ്വര്‍ണക്കടത്ത്, ലഹരി മരുന്നു കടത്ത്, കോണ്‍ട്രാക്ട് മാഫിയ, അഴിമതിക്കൂമ്പാരം, ഭരണം അടിമുടി അപമാനം മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കൃത്രിമ മുഖം അഴിഞ്ഞു വീഴുകയാണ്. പിണറായിയില്‍ തുടങ്ങിയ കേരളത്തിലെ കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് പ്രസ്ഥാനം പിണറായി വിജയന്റെ കാലംകൊണ്ട് അവസാനിക്കാന്‍ ഒരുങ്ങുകയാണ്. കൂറ്റന്‍ ചെങ്കൊടി പൊങ്ങാന്‍ കൂട്ടിക്കെട്ടുന്ന മുന്നണിക്കു വേണ്ടി സര്‍വ നയവും ആദര്‍ശവും അടവു നയങ്ങളില്‍ അടിയറവെക്കുന്നത് കണ്ട് അന്തിച്ച് നില്‍ക്കുകയാണ് അണികള്‍.
സംവരണനയത്തില്‍ പതിനഞ്ചാം പാര്‍ട്ടികോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് കേരളത്തിലെ സിപിഎം ആരുടെയും അനുമതിക്ക് കാത്തു നില്‍ക്കാതെ തിരുത്തുന്നു. പാര്‍ട്ടിയുടെ തുടക്കക്കാരായ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും വി.എസ്. അച്യുതാനന്ദനും മറ്റും ഉച്ചത്തില്‍ വാദിച്ച സംവരണ നയം തെറ്റെന്ന് സ്ഥാപിച്ച് കേരളത്തില്‍ സിപിഐഎം (കെ) വേറിട്ടു പോകുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു.
വയലാര്‍ രാമവര്‍മ അവാര്‍ഡ് ഈ വര്‍ഷം നേടിയ കവി ഏഴാച്ചേരി രാമചന്ദ്രന്‍ സിപിഎം നേതാവാണ്. പാര്‍ട്ടി പത്രത്തിലെ മുതിര്‍ന്ന പദവിയിലെത്തിയാണ് വിരമിച്ചത്. കവിതകളുടെ കൂട്ടത്തില്‍ ഏഴാച്ചേരി എഴുതിയ പാര്‍ട്ടിപ്പാട്ടു പ്രസിദ്ധമാണ്. അതിങ്ങനെ:
”ചോരനീരാക്കാന്‍ മാളോരും
ആ ചോറുണ്ണാന്‍ തമ്പ്രാന്മാരും
അക്കാലം കാടുകേറി പോയെടി
കൊച്ചേ പെണ്ണാളേ പട്ടാമ്പി-
ത്തമ്പ്രാന്മാര്‍ നമ്മുടെ
കൂടെയുണ്ടെടി പെണ്ണാളേ”
പട്ടാമ്പി തമ്പ്രാന്‍ എന്നാല്‍ പത്തു വര്‍ഷം പട്ടാമ്പി മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇഎംഎസ് തന്നെ. ആ തമ്പ്രാന്‍
പോയതോടെ ഇന്നത്തെ തമ്പ്രാന്‍മാരുടെ കാലം വന്നു. അവര്‍ ചോര നീരാക്കുന്നവരെ പുച്ഛത്തോടെയാണ് നോക്കുന്നത്. അവര്‍ക്ക് സ്വപ്നമാരുടെയും ശിവശങ്കര്‍മാരുടെയും ബിനീഷുമാരുടെയും കൂടെയാണ്.
പുന്നപ്രയും വയലാറും കാവുമ്പായിലും കയ്യൂരുമൊക്കെയാണ് ഇപ്പോഴും പാവം സഖാക്കളെ കബളിപ്പിക്കാന്‍ നേതാക്കള്‍ ഉണര്‍ത്തു പാട്ടായി പാടുന്നത്. പുന്നപ്ര- വയലാര്‍ രക്തസാക്ഷിത്വ വരാചരണം കഴിഞ്ഞത് മൂന്നു ദിവസം മുമ്പാണ്, ഒക്ടോബര്‍ 28 ന്. സിപിഎമ്മിന് ഒരുകാലത്ത് കള്ളുകവിയായിരുന്ന വയലാര്‍ രാമവര്‍മ, കമ്യൂണിസ്റ്റായി തുടങ്ങി ഒടുവില്‍ ശബരിമലയിലേക്ക് കെട്ടുനിറയ്‌ക്കാന്‍ മുഹൂര്‍ത്തം കാത്തിരുന്ന കവിയാണ്. ശബരിമലയില്‍ അയ്യപ്പനല്ല, ബുദ്ധനാണെന്ന് സ്ഥാപിച്ചും ദുഃസാഹസം കാട്ടിയും വിശ്വാസികളുടെ വികാരത്തെ നോവിച്ച കമ്യൂണിസ്റ്റ്- മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ക്രിസ്ത്യന്‍ പക്ഷം പറഞ്ഞ് കൂടെ നിര്‍ത്തി അവരുടെ വോട്ടു തട്ടാന്‍ ശ്രമിക്കുകയാണ്. മുസ്ലിം രാഷ്‌ട്രീയം പറഞ്ഞ് വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജാലവിദ്യക്കാരന്‍ മലയത്തിനും രാഷ്‌ട്രീയ ജാലക്കാരന്‍ ഇഎംഎസിനും കഴിയാത്തത് ആര്‍ക്കു സാധിക്കാനാവും.
പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തിന് വയലാര്‍ എഴുതിയ ഗാനം മറ്റൊരു പ്രവചനമാണ്; അതിങ്ങനെ:
”കൃഷ്ണനെ ചതിച്ചു
ബുദ്ധനെ ചതിച്ചു
ക്രിസ്തുദേവനെ ചതിച്ചു
നബിയെ ചതിച്ചു
മാര്‍ക്സിനെ ചതിച്ചു
നല്ലവരെന്നു നടിച്ചു –
നിങ്ങള്‍ നല്ലവരെന്നു നടിച്ചു”
അതെ സിപിഎമ്മും പിണറായി വിജയന്‍ സര്‍ക്കാരും എല്ലാവരേയും ചതിക്കുകതന്നെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: