‘സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ വിഘടിക്കുകയും, മധ്യയുഗത്തിലേയ്ക്ക് പിന്‍വാങ്ങുകയും ചെയ്യും’ ഇന്ത്യക്ക് സ്വാതന്ത്യം നല്കുന്നതിനു തൊട്ടു മുന്‍പും ശേഷവുമായി 10 വര്‍ഷം ബ്രിട്ടന്റെ് പ്രധാനമന്ത്രി ആയിരുന്ന വിന്സ്റ്റന് ചര്‍ച്ചിലിന്റെ പ്രവചനം. അധികാരം നഷ്ടപ്പെടുന്നതിന്റെ വേദനയില്‍ നിന്നുള്ള ഒരു തരം ശാപവും കൂടിയാണ് ചര്‍ച്ചിലിന്റെ വാക്കുകളില്‍ നിഴലിച്ചത്.
ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്ത്യ ശിഥിലമായില്ല. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, അഠോക്ക് മുതല്‍ കട്ടക്ക് വരെ, ഹിമാലയം മുതല്‍ ഇന്ത്യന്‍ സമുദ്രം വരെ ത്രിവര്‍ണ പതാക പാറിക്കളിക്കുന്നു. ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍ സ്ഥാനമുള്ള രാജ്യമായി ഇന്ത്യ. എന്നാല്‍ സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്തിനുടമയായിരുന്ന ബ്രിട്ടന്, ലോകക്രമത്തില്‍ സ്വാധിന ശക്തിയല്ലാതായി.
‘സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയെ ഏകോപിപ്പിച്ചതു നിമിത്തമാണ് വന്‍ സാമ്പത്തികവും തന്ത്രപ്രധാനവുമായ ശക്തിയായി മാറാന്‍ ഇന്ത്യക്ക് സാധിച്ചത്. ഇന്ത്യന്‍ നാഗരികതയുടെ പുനര്‍ നിര്‍മ്മണത്തില്‍ ധീരോദാത്തമായ പങ്കാണ് പട്ടേല്‍ വഹിച്ചത്’ എന്ന് ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിമാനത്തോടെ പറയുമ്പോള്‍ ചര്‍ച്ചില്‍ സ്മരണ പറയാന്‍ ബ്രിട്ടനില്‍ ആളില്ലാതായിട്ട് പതിറ്റാണ്ടായി.
വിഭജനത്തിലേക്ക്
1947 ജൂണ്‍ 1 ഞായറാഴ്ച വൈസ്ളോയി മൗണ്ട് ബാറ്റന് പത്രക്കുറിപ്പ് ഇറക്കി. ‘നാളെ രാവിലെ 10 മണിക്ക് വൈസ്രോയി ഹൗസില്‍ നേതാക്കളുടെ യോഗം ചേരുന്നതിന് കോണ്‍ഗ്രസില്‍ നി്ന്ന് ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ജെ ബി കൃപാലിനി, മുസ്ളീം ലീഗില്‍ നിന്ന് എം എ ജിന്ന, ലിയാഖത്ത് അലി ഖാന്, അബ്ദുര്‍ റബ് നിസാര്‍, സിഖ് കാരെ പ്രതിനിധീകരിച്ച് സര്‍ദാര്‍ ബെല്‍ദേവ് സിംഗ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്’ ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിച്ച തീരുമാനത്തിനുള്ള തീട്ടൂരമായിരുന്നു ഈ കുറിപ്പ്.
പിറ്റേന്നു ചേര്‍ന്ന യോഗത്തില്‍ വിഭജനത്തെ കോണ്‍ഗ്രസ് അംഗീകരിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ രേഖ നേതാക്കള്‍ക്ക് കൈമാറി. യോഗം കഴിഞ്ഞ ഉടന്‍ മൗണ്ട് ബാറ്റനുമായി ജിന്നയുടെ പ്രത്യേക കൂടിക്കാഴ്ച. 12.30 മുതല്‍ 1.15 വരെ മഹാത്മ ഗാന്ധിയുമായി കൂടിക്കാഴ്ച. വൈകിട്ട് 4 ന് 14 സംസ്ഥാനങ്ങളുടേയും പ്രതിനിധികളുമായി യോഗം. വൈകിട്ട് 7 മണിക്ക്, ‘നാളെ വൈസ്ളോയി സര്‍ക്കാറിന്റെ തീരുമാനം ആകാശവാണിയിലൂടെ പ്രഖ്യാപിക്കുമെന്നും തുടര്‍ന്ന് നെഹ്റുവും ജിന്നയും ബല്‍ദേവ് സിംഗും റേഡിയോയിലൂടെ സംസാരിക്കുമെന്നുമുള്ള അറിയിപ്പ് വരുന്നു. കാര്യങ്ങള്‍ നിശ്ചയിച്ചതുപോലെ തന്നെ നടന്നു. ജൂണ്‍ 3 ന് വൈകിട്ട് 7 മണിക്ക് വൈസ്ളോയി മൗണ്ട് ബാറ്റന് രാജ്യത്തിന്റെ ഭരണം ബ്രിട്ടന്, ഇന്ത്യക്കാരുടെ കരങ്ങളിലേക്ക് കൈമാറുന്നതായി പ്രഖ്യാപനം നടത്തി.
ബ്രിട്ടീഷുകാര്‍ നാടുവിടുമ്പോള്‍ രണ്ടു രാജ്യങ്ങള്‍ ഉണ്ടാവുമോ? അതോ 565 വ്യത്യസ്ത രാഷ്ട്രങ്ങള്‍ ഉണ്ടാവുമോ? എന്നതായിരുന്നു മഹാത്മ ഗാന്ധിയെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ മുന്നിലുണ്ടായിരുന്ന വലിയ ചോദ്യം. ഈ സന്ദര്‍ഭത്തിലാണ് ഇന്ത്യയെ പുനസൃഷ്ടിക്കുക എന്ന ഉത്തരവാദിത്തം സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ എന്ന ഉരുക്കു മനുഷ്യന്റെ ശക്തമായ കരങ്ങളില്‍ വന്നു ചേരുന്നത്.
നാട്ടുരാജ്യങ്ങളെ ചേര്‍ത്തുനിര്‍ത്തി
ബ്രിട്ടീഷ് അധിനിവേശ മേഖലയുടെയും 565 നാട്ടു രാജ്യങ്ങളുടെയും കൂട്ടമായിരുന്നു അപ്പോള്‍ ഇന്ത്യ. ഈ രണ്ടു രാജ്യങ്ങളില്‍ ഏതിലെങ്കിലും ചേരുക അല്ലെങ്കില്‍ സ്വതന്ത്രമായി നില്ക്കുക എന്നതായിരുന്നു നാട്ടുരാജ്യങ്ങള്‍ക്കുമുന്നിലുണ്ടായിരുന്ന ഏക ഉപാധി. തിരുവിതാംകൂര്‍, ഹൈദരാബാദ്, ജുനഗഡ്, കാശ്മീര്‍ തുടങ്ങി ഏതാനും നാട്ടു രാജ്യങ്ങള്‍ ആദ്യം ഇന്ത്യയില്‍ ചേരാന്‍ വിസമ്മതിച്ചു. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ചേരാന്‍ ഏതെങ്കിലും നാട്ടു രാജ്യം വിസമ്മതിച്ചാല്‍ ആ രാജ്യത്തെ ഇന്ത്യ ശത്രുവായി കണക്കാക്കും എന്ന് 1947 മെയ് മാസത്തില്‍ പണ്ഡിറ്റ് നെഹ്റു പ്രസ്താവിച്ചു. ജൂലൈ 5ന് പുറപ്പെടുവിച്ച ഔദ്യോഗിക നയപ്രഖ്യാപനത്തില്‍ ഇത്തരം ഭീഷണികള്‍ ഒന്നും ഉണ്ടായിരുന്നില്ല, കാരണം അത് നടത്തിയത് സര്‍ദാര്‍ പട്ടേലായിരുന്നു.
നാട്ടുരാജ്യങ്ങളെ അഭിസംബോധന ചെയ്ത് പട്ടേല്‍ പറഞ്ഞു, ‘വിദേശ അധിനിവേശക്കാര്‍ക്കെതിരായ നമ്മുടെ മുന്‍കാല പരാജയങ്ങള്‍ക്കു പ്രധാന കാരണം നമ്മുടെ ആഭ്യന്തര പോരുകളും പരസ്പര ശത്രുതയുമാണ്. ഇനിയും ആരുടെയും അടിമയാകാതിരിക്കണമെങ്കില് അതേ തെറ്റുകള്‍ നാം ആവര്ത്തിക്കിതിരിക്കണം.’
അന്നു പട്ടേല്‍ നാട്ടുരാജ്യങ്ങള്‍ക്ക് എഴുതിയ കത്തിലെ വാക്കുകള്‍. ‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലാണ് നാം ഇപ്പോള്‍. പൊതുവായ പരിശ്രമത്തിലൂടെ ഈ രാജ്യത്തെ പുതിയ മഹത്വത്തിലേയ്ക്ക് ഉയര്‍ത്താന്‍ നമുക്കു സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ നാം ഒന്നിച്ചു നിന്നില്ലെങ്കില്‍ അപ്രതീക്ഷിത ദുരന്തങ്ങളാകും സംഭവിക്കുക. പൊതുതാല്പര്യത്തോടെ നാം സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ അരാജകത്വവും അവ്യവസ്ഥയുമായിരിക്കും വലിപ്പ ചെറുപ്പ വ്യത്യാസമന്യേ നമ്മെ കീഴടക്കാന്‍ പോകുന്നത്, അതു നമ്മെ തള്ളിയിടുന്നത് പൂര്‍ണമായ നാശത്തിലേയ്ക്കും. അതുകൊണ്ട് നമുക്കുഗുണപരമായ പരസ്പര ബന്ധത്തിനായി അഭിമാനപൂര്‍വം നമ്മുടെ പൈതൃകംകാത്തു സൂക്ഷിക്കാം, ഈ ലോകത്തില്‍ മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഈ വിശുദ്ധ ഭൂമിയുടെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്താം, അങ്ങനെ ഈ രാജ്യത്തെ ശാന്തിയുടെയും അഭിവൃദ്ധിയുടെയും വാസസ്ഥാനമായി മാറ്റാം’.
സ്വതന്ത്ര ഇന്ത്യയില്‍ ചേരാനും, വിദേശരാജ്യങ്ങളെ പോലെ കരാറുകള്‍ ഉണ്ടാക്കുന്നതിനുപരി സുഹൃത്തുക്കളെ പോലെ ഒരുമിച്ചിരുന്ന നിയമങ്ങള്‍ രൂപീകരിക്കാന്‍ അദ്ദേഹം നാട്ടുരാജ്യങ്ങളെ ക്ഷണിച്ചു. വിശാലമായി ചിന്തിക്കാനും ശക്തരാകാനും പട്ടേല്‍ ജനങ്ങളെ ആഹ്വാനം ചെയ്തപ്പോള്‍ പ്രാദേശികത്വം ദേശീയതയ്ക്കു വഴിമാറി. ബ്രിട്ടീഷ് ഇന്ത്യന്‍ ഭൂപ്രദേശവുമായി എല്ലാ നാട്ടുരാജ്യങ്ങളെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ ശിഥിലീകരണത്തെ തടഞ്ഞു.
ജുനാഗഡിലെ ചതിയും സോമനാഥ ക്ഷേത്രവും
കാശ്മീര്‍ ഇന്ത്യക്ക വിട്ടു തരാതിരിക്കാന്‍ ജിന്ന സൂക്ഷിച്ച ഒളിയമ്പായിരുന്നു ജുനാഗഡ്. ഗുജറാത്തിന്റെ സമുദ്രതീരത്തെ നാട്ടുരാജ്യം. കശ്മീരിലെ ഭൂരിപക്ഷം വരുന്ന മുസ്ലിം ജനതയെ ഭരിച്ചിരുന്നത് ഹിന്ദു രാജാവായ ഹരിസിങ്ങ്. ജൂനാഗഡിലെ ഭൂരിഭാഗം വരുന്ന ഹിന്ദുജനതയുടെ രാജാവ് നവാബ് മഹാബത് ഖാന് എന്ന മുസ്ളീം. സോമനാഥ് ക്ഷേത്രം ജൂനാഗഡിന്റെ പരിധിക്കുള്ളില്‍. അധികാരം കയ്യാളിയിരുന്നത് ഷാനവാസ് ഭൂട്ടോ എന്ന ഒരു മുസ്ലിം ലീഗ് നേതാവായിരുന്നു. മുഹമ്മദ് അലി ജിന്നയുടെ സ്വന്തക്കാരന്. ഭൂട്ടോയ്ക്ക് ജിന്ന ബുദ്ധി ഉപദേശിച്ചു. ഓഗസ്റ്റ് പതിനഞ്ചു വരെ മിണ്ടാതെ ഇരിക്കുക. സ്വാതന്ത്ര്യം പ്രഖ്യാപിച്ച അന്ന് തന്നെ തങ്ങള്‍ പാകിസ്താന്റെയൊപ്പം പോകുന്നതായി ജുനാഗഡ് പരസ്യമായി പ്രഖ്യാപിച്ചു.
പ്രഖ്യാപനം ജിന്നയുടെ തന്നെ ദ്വിരാഷ്ട്ര സങ്കല്പത്തിന് എതിരായിരുന്നു. എണ്‍പതുശതമാനം ഹിന്ദുക്കളുള്ള ജൂനാഗഡ്, ദ്വിരാഷ്ട്ര സങ്കല്പപ്രകാരം തീര്‍ച്ചയായും ഇന്ത്യയുടെ ഭാഗം ആകണം. രാജാവല്ല, ജനങ്ങളാണ് സ്വന്തം ഭാവി തീരുമാനിക്കേണ്ടത് എന്ന് ഇന്ത്യ ജൂനാഗഡിന്റെ കാര്യത്തില്‍ വാദിച്ചാല്‍, അതേവാദത്തില് കശ്മീര്‍ പിടിച്ചെടുക്കാമെന്ന ജിന്നയുടെ ബു്ദ്ധിയായിരുന്നു പിന്നി്ല്. സോമനാഥ് ക്ഷേത്രം പാക്കിസ്ഥാനിലാകുന്നത് ഗുജറാത്തിയായ പട്ടേല്‍ സമ്മതിക്കുമോ. പട്ടാളത്തെ വിട്ട് ജുനഗഡ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. പട്ടാളം വരുന്നു എന്ന വിവരം കിട്ടിയ ഉടനെ, രാജാവ് സകല ജംഗമസ്വത്തുക്കളോടും കൂടി രായ്ക്കുരാമാനം പാക്കിസ്ഥാനിലേക്കു കടന്നു.
ജൂനാഗഡില്‍ പൊതുജന ഹിതപരിശോധന നടന്നു. രണ്ടുലക്ഷത്തില്പരം വോട്ടര്‍മാരില്‍ ആകെ 91 പേര് മാത്രമാണ് പാക്കിസ്ഥാനില്‍ ചേരണം എന്ന അഭിപ്രായപ്പെട്ടത്. ജൂനാഗഡിന്റെ കാര്യത്തില്‍ പാക്കിസ്ഥാന് കാണിച്ച കുതന്ത്രം പട്ടേലിനെ ചൊടിപ്പിച്ചു. കശ്മീരില്‍ തന്റെ നയം കടുപ്പിച്ചു. ഹിന്ദുഭൂരിപക്ഷം വസിക്കുന്ന ജൂനാഗഡില്‍ മുസ്ലിം രാജാവിന് കാര്യങ്ങള്‍ തീരുമാനിക്കാമെങ്കില്‍, മുസ്ലിം ഭൂരിപക്ഷം ഭരിക്കുന്ന കശ്മീരിലെ കാര്യങ്ങള്‍ ഹരിസിംഗിനും തീരുമാനിക്കാം എന്നായി പട്ടേല്‍. ജൂനാഗഡില്‍ ഒരു നയം, കാശ്മീരില്‍ മറ്റൊരു നയം എന്ന പാക്കിസ്ഥാന്റെ ഇരട്ടത്താപ്പിനെ പട്ടേല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ തുറന്നുകാട്ടി. ഹരിസിംഗ് ഇന്ത്യയില്‍ ലയിക്കാന്‍ തീരുമാനിച്ചതോടെ കാശ്മീര്‍ ഇന്ത്യയുടെ ഭാഗവുമായി.
സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് അന്നത്തെ ഇന്ത്യന്‍ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ 1947 നവംബര്‍ 3 ന് പ്രഖ്യാപനം നടത്തിയതിനു പിന്നില്‍ ജൂനാഗഡ് അനുഭവം പ്രേരണയായി. ഈ നാടിന്, കേവലം രാഷ്ട്രീയ പുനസംഘടന മാത്രം പോരാ, ഇതിന്റെ മുറിപ്പെട്ട സംസ്കാരത്തെ അതിന്റെ സത്തയോളം ഉത്തേജിപ്പിച്ച് നൂറ്റാണ്ടുകളായി അനുഭവിച്ച അടിമത്തത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ദുരവസ്ഥകളില്‍ നിന്ന് അതിനെ ഉണര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സര്‍ദാര്‍ പട്ടേലിന് ബോധ്യമുണ്ടായിരുന്നു.
സോമനാഥ ക്ഷേത്രം കഴിഞ്ഞ കാലങ്ങളില്‍ പല തവണ നശിപ്പിക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇക്കുറി ജീര്‍ണതകളില്‍ നിന്നുള്ള അതിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇന്ത്യയുടെ തന്നെ പുനരുദ്ധാനത്തിന്റെ പ്രതീകമാകുമെന്നാണ് പട്ടേല്‍ ചിന്തിച്ചത്. ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവെ അന്നത്തെ പ്രസിഡന്റ് ഡോ.രാജേന്ദ്ര പ്രസാദ് പറഞ്ഞു: ‘സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന ദിവസം ഈ അടിസ്ഥാന ശിലയില്‍ ഉയരുന്നത് പ്രൗഢമായ ഒരുസൗധം മാത്രമല്ല, ഇന്ത്യയുടെ പുരോഗതിയുടെ സമുച്ചയം കൂടിയായിരിക്കും. കാരണം പുരാതന സോമനാഥ ക്ഷേത്രം അതിന്റെ യഥാര്‍ത്ഥ പ്രതീകമായിരുന്നല്ലോ. എന്നും സോമനാഥ ക്ഷേത്രം സൂചിപ്പിക്കുന്നത് പുനര്‍ നിര്‍മ്മാണത്തിന്റെ ശക്തിയാണ്. അത് നശീകരണ ശക്തിയെക്കാള്‍ ഉന്നതമാണ്.’.
സിവില്‍ സര്‍വീസിന് ഉരുക്കുചട്ട
ഉപപ്രധാനമന്ത്രി എന്ന നിലയില്‍ ആഭ്യന്തരം, സംസ്ഥാനങ്ങള്‍, വാര്‍ത്താവിതരണ പ്രക്ഷേപണം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് പട്ടേല്‍ വഹിച്ചിരുന്നത്. വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാനിലേയ്ക്ക് സ്ഥലം മാറ്റപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥ ഭരണസംവിധാനത്തെ പുനക്രമീകരിച്ചു. മികച്ച അഖിലേന്ത്യ സര്‍വീസ് ഇല്ലെങ്കില്‍ ഒരിക്കലും ഏകീകൃത ഇന്ത്യ ഉണ്ടാകില്ല എന്ന് പട്ടേലിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കും മുമ്പെ അദ്ദേഹം ഇന്ത്യന്‍ സിവില്‍സര്‍വീസ് എന്ന ഉരുക്കു ചട്ടക്കൂടില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു.
അഖിലേന്ത്യാ ഭരണ സര്‍വീസ് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്യുമ്പോള്‍ പട്ടേല്‍ പറഞ്ഞു.’ഇതുവരെ ഇന്ത്യയിലെ സിവില്‍ സര്‍വീസ് ‘ഇന്ത്യന്‍’ ആയിരുന്നില്ല, അതിന് ‘സിവില്‍’ സ്വഭാവവുമുണ്ടായിരുന്നില്ല, ‘സര്‍വീസ്’ പോലും ചെയ്തിരുന്നുമില്ല. ആ സാഹചര്യം മാറ്റണം ഇന്ത്യയുടെ ഭരണ സര്‍വീസിനെ സുതാര്യവും സത്യസന്ധവുമാക്കി അതിന്റെ അഭിമാനം വര്‍ധിപ്പിക്കണം. ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുന്നതിന് അതു ചെയ്യേണ്ടതുണ്ട്’. ഇന്ത്യയുടെ ഭരണ സര്‍വീസിന് ഉരുക്കുചട്ട ഉണ്ടായത് സര്‍ദാറിന്റെ പ്രചോദനത്തില്‍ നിന്നാണ്.രാജ്യത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്താണ് സര്‍ദാര്‍ പട്ടേല്‍ ആഭ്യന്തര മന്ത്രിയായത്. രാജ്യത്തിന്റെ സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ഉത്തരവാദിത്തവും ക്രമസമാധാനപാലനം ഉറപ്പാക്കാനുള്ള ദൗത്യവും അദ്ദേഹത്തില്‍ ചെന്നുചേര്‍ന്നു. ആ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ നിന്ന് അദ്ദേഹം രാജ്യത്തെ പുറത്തെത്തിക്കുകയും നമ്മുടെ ആധുനിക പൊലീസ് സേനയ്ക്ക് ഒരു അടിത്തറ ഉണ്ടാക്കുകയും ചെയ്തു.
പ്രതിമകള്‍ ഒഴികെ എല്ലാം കടത്തി
അധികാരം വിട്ടു പോകുമ്പോള്‍ ഇവിടെ നിന്നു കൊണ്ടു പോകാവുന്നതെല്ലാം ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടു പോയിരുന്നു. പട്ടേലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘പ്രതിമകള്‍ ഒഴികെ എല്ലാം’. അന്നത്തെ ഇന്ത്യയുടെ സാമ്പത്തിക വെല്ലുവിളികളോട് പട്ടേല്‍ പുലര്‍ത്തിയ സമീപനത്തിന് രാഷ്ട്ര നിര്‍മ്മാതാവയി ചരിത്രത്തില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുണ്ട്.
സ്വാശ്രയമായിരുന്നു അദ്ദേഹത്തിന്റെ സാമ്പത്തിക തത്വശാസ്ത്രത്തിലെ മുഖ്യ സിദ്ധാന്തം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്ന തന്റെ ഉദ്ദേശ്യം സര്‍ദാര്‍ പട്ടേല്‍ പ്രഖ്യാപിച്ചതിങ്ങനെ ‘ദീര്‍ഘകാലം നാം അനുഭവിച്ച അടിമത്തവും അടുത്ത കാലത്ത് ഉണ്ടായ യുദ്ധവും നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ജീവരക്തം വറ്റിച്ചുകളഞ്ഞു. ഇപ്പോള്‍ നാം അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. സമ്പദ്വ്യവസ്ഥയെ നാം തന്നെ പുനരുജ്ജീവിപ്പിക്കണം, പുതു രക്തം തുള്ളി തുള്ളിയായി പകരണം.’
സോഷ്യലിസത്തിനു വേണ്ടി മുഴക്കിയ മുദ്രാവാക്യങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചില്ല. ആദ്യം ഇന്ത്യ സാമ്പത്തികമായി പുരോഗമിക്കട്ടെ, സമ്പത്ത് എന്തു ചെയ്യണമെന്നും എങ്ങിനെ പങ്കിടണം എന്നും മറ്റുമുള്ള ചര്‍ച്ചകള്‍ അതിനു ശേഷം മതി എന്നായിരുന്നു നിലപാട്. ദേശസാത്ക്കരണത്തെ പൂര്‍ണമായും തള്ളി. വ്യവസായം സംരക്ഷിക്കേണ്ടത് വ്യാപാര സമൂഹമാണ്. ആസൂത്രണത്തിലും വിശ്വസിച്ചിരുന്നില്ല. സാമ്പത്തിക മേഖലയിലെ കുറുക്കു വഴികളും, താല്‍ക്കാലിക സമാശ്വാസ നടപടികളും, കൃത്രിമമായ വില കുറയ്ക്കലുകളും നിക്ഷേപ പ്രോത്സാഹനവും സ്വീകാര്യമായിരുന്നില്ല.
ഇന്ത്യന്‍ നാഗരികതയുടെ പുനര്‍ നിര്‍മ്മണത്തില്‍ ധീരോദാത്ത പങ്കുവഹിച്ച, സ്നേഹം, കഴിവ്, ദീര്‍ഘവീക്ഷണം, ആത്മീയത, ധൈര്യം, ശേഷി, ദൃഢചിത്തത എന്നിവയുടെ ആള് രൂപമായിരുന്ന സര്‍ദാര്‍ പട്ടേലിനെകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ‘കൗടില്യന്റെ നയതന്ത്രജ്ഞതയുടെയും ശിവജി മഹാരാജിന്റെ ധീരതയുടെയും മിശ്രണമായിരുന്നു സര്‍ദാര്‍ പട്ടേല്‍. പട്ടേല്‍ ഇന്ത്യയെ ഏകോപിപ്പിച്ചതു നിമിത്തമാണ് ഇപ്പോള്‍ സാമ്പത്തികവും തന്ത്രപ്രധാനവുമായ വന്‍ ശക്തിയായി മാറാന്‍ ഇന്ത്യക്ക് സാധിച്ചത്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്ന ഉരുക്കുമനുഷ്യനെ ശരിയായി അടയാളപ്പെടുത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: