പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് നവംബര്‍ 16ന് തുടക്കം. നവംബര്‍ 15ന് വൈകിട്ട് ക്ഷേത്രനട തുറക്കും. അയ്യപ്പഭക്തര്‍ കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവ നിര്‍ബന്ധമായും കരുതണം. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാകും ഇത്തവണ തീര്‍ത്ഥാടനം.
സന്നിധാനത്തേക്ക് പ്രവേശനം വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ മാത്രം. ആഴ്ചയിലെ ആദ്യ അഞ്ച് ദിവസങ്ങളില്‍ 1000 വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 വീതവും ഭക്തര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളില്‍ 5000 വീതം ഭക്തരെ പ്രവേശിപ്പിക്കു. ഭക്തര്‍ 24 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെയും വരുന്ന ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും പരിശോധനയ്ക്ക് സംവിധാനമൊരുക്കും. ഡ്യൂട്ടിക്കെത്തുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
ചെറിയ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പ്രവേശനമുണ്ടാകും. ഭക്തരെ പമ്പയില്‍ ഇറക്കിയശേഷം വാഹനങ്ങള്‍ തിരികെ നിലയ്ക്കലെത്തി പാര്‍ക്ക് ചെയ്യണം. പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കില്ല. പമ്പാ നദിയില്‍ സ്നാനവും അനുവദിക്കില്ല. പകരം പ്രത്യേക ഷവറുകള്‍ ക്രമീകരിക്കും. നിലയ്ക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അന്നദാനം ഒരുക്കും. പമ്പയിലും സന്നിധാനത്തും വിരിവയ്ക്കാനും താമസത്തിനുമുള്ള സൗകര്യമുണ്ടാകില്ല. ദര്‍ശനം പൂര്‍ത്തിയാക്കി ഭക്തര്‍ പമ്പയിലേക്ക് മടങ്ങണം. നിലയ്ക്കലില്‍ അയ്യപ്പന്മാര്ക്ക് ചെറിയ തോതില്‍ വിരിവയ്ക്കാന്‍ സൗകര്യം നല്‍കും.
പമ്പയില്‍ നിന്ന് മലകയറേണ്ടതും ഇറങ്ങേണ്ടതും സ്വമിഅയ്യപ്പന്‍ റോഡ് വഴിയാണ്. നെയ്യഭിഷേകം നടത്താനുള്ള സംവിധാനവും ഇക്കുറിയില്ല. പകരം ഭക്തര്‍ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച് അഭിഷേകത്തിനായി കൊണ്ടുപോകും. ആടിയ ശിഷ്ടം നെയ്യും മറ്റ് പ്രസാദങ്ങളും പ്രത്യേക കൗണ്ടറുകള്‍ വഴി ലഭ്യമാക്കും. അപ്പം, അരവണ പ്രസാദ വിതരണത്തിനും
സൗകര്യമൊരുക്കും. ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ നിര്‍ബന്ധമായി മാസ്കും കൈയുറകളും ധരിക്കണം. സാമൂഹികഅകലം പാലിച്ച് ദര്‍ശനം നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: