തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ കല്ലുവച്ച നുണകള്‍ ഓരോന്നായി ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നു. സ്വര്‍ണക്കള്ളക്കടത്തിലെ വിവരങ്ങള്‍ വ്യക്തമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഇനിയും രക്ഷപ്പെടാനാവില്ല.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലെന്നും താനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമാണ് ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പിന്നീട് സ്വപ്‌നയെ അറിയാമെന്ന് മുഖ്യമന്ത്രി തിരുത്തി. എന്നാല്‍ നിരവധി തവണ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു എന്ന സ്വപ്‌നയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെ ആ വാദവും മുഖ്യമന്ത്രിയ്‌ക്ക് മാറ്റേണ്ടിവന്നു. ഒരു ഘട്ടത്തില്‍ പേരു പോലും പറയാന്‍ മടിച്ച മുഖ്യമന്ത്രി വിവാദ സ്ത്രീ എന്നാണ് പരാമര്‍ശിച്ചിരുന്നത്.
എം. ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ വച്ചായിരുന്നെന്ന് സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയും പിണറായി വിജയന് തിരിച്ചടിയായി. സ്‌പേസ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം പുറത്തുവന്നതും ആറ് തവണ ശിവശങ്കറിനൊപ്പം സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടുവെന്നതും ഇഡിയുടെ കുറ്റപത്രത്തിലൂടെ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ചിലപ്പോള്‍ സ്വപ്നയെ കണ്ടിരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കോണ്‍സുലേറ്റ് ജനറല്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്‌നയും കൂടെ വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പിന്നീട് വെളിപ്പെടുത്തി. എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കറെ ബന്ധപ്പെടാന്‍ താന്‍ ചുമതലപ്പെടുത്തിയോ എന്ന് ഓര്‍ക്കുന്നില്ലെന്നും എന്നാല്‍ ആരെ ബന്ധപ്പെടണം എന്ന് ചോദിച്ചപ്പോള്‍ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറെ ബന്ധപ്പെട്ടോളൂ എന്ന് സ്വാഭാവികമായും പറഞ്ഞിട്ടുണ്ടാകാം എന്നുമാണ് പിന്നീട് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. സ്വപ്‌നയയെയും ശിവശങ്കറിനെയും രക്ഷിക്കാന്‍ പലപ്പോഴായി മുഖ്യമന്ത്രി നിരത്തിയ കള്ളങ്ങള്‍ ശിവശങ്കറിന്റെ അറസ്റ്റോടെ തിരിഞ്ഞു കുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: