കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി നഗരത്തില്‍ നിര്‍മ്മിച്ച ഓവര്‍ബ്രിഡ്ജ് കം എസ്‌കലേറ്ററിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് നടക്കും. രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കാന്‍ ഉതകുന്ന തരത്തിലാണ് എസ്‌കലേറ്ററും ലിഫ്റ്റും നടപ്പാലവും നിര്‍മ്മിച്ചിരിക്കുന്നത്.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.35 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. ഇതില്‍ 50% കേന്ദ്രസര്‍ക്കാരും 30% സംസ്ഥാനവും ശേഷിക്കുന്ന തുക കോഴിക്കോട് കോര്‍പറേഷനുമാണ് വഹിച്ചത്. സംസ്ഥാനത്ത് ഒരു പൊതുറോഡില്‍ ഒരുങ്ങുന്ന ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണ് ഇത്. ചൈനയില്‍ നിന്ന് എത്തിച്ച എസ്‌കലേറ്ററുകള്‍ വിജയദശമി ദിവസം പ്രവര്‍ത്തിപ്പിച്ചിരുന്നു.
ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിനരികില്‍ നിന്ന് ഓവര്‍ബ്രിഡ്ജ് കം എസ്‌കലേറ്ററില്‍ കയറി പുതിയസ്റ്റാന്റിലേക്കെത്താം. പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ബസ് പുറത്തേക്ക് വരുന്ന വഴിയായതിനാല്‍ തിരക്കേറിയ ഭാഗമാണിത്. മുമ്പ് ഇവിടെ യുണ്ടായിരുന്ന നടപ്പാലം ഉപയോഗശൂന്യമായതോടെ നശിക്കുകയും തുടര്‍ന്ന് പൊളിച്ചു മാറ്റുകയുമായിരുന്നു. നടപ്പാലത്തിന് മൂന്ന് മീറ്റര്‍ വീതിയും 25.37മീറ്റര്‍ നീളവുമുണ്ട്. ഒരേസമയം 13 പേര്‍ക്ക് ലിഫ്റ്റിലും മണിക്കൂറില്‍ 11,700 പേര്‍ക്ക് എസ്‌കലേറ്ററിലും നടപ്പാലത്തില്‍ ഒരേസമയം 300 പേര്‍ക്കും കയറാം. നടപ്പാലത്തിന്റെ മേല്‍ക്കൂരയില്‍ ഷീറ്റും പാലത്തിന്റെ ഭിത്തികളില്‍ ഗ്ലാസുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
റോഡിന്റെ വീതിയേറിയ ഭാഗത്ത് പാര്‍ക്കിങിന് സൗകര്യവുമൊരുക്കും. നടപ്പാലത്തിനടിയില്‍ ഇരുവശത്തുമായി 1140 ചതുരശ്ര അടി സ്ഥലം വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കും. രാജാജി റോഡില്‍ പഴയ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ മാറ്റി പകരം പുതിയ ഡിവൈഡറുകള്‍ സ്ഥാപിക്കുന്ന ജോലിയും ഇരുവശങ്ങളിലും നടപ്പാതകളുടെ കൈവരികളുടെനവീകരണവും അവസാനഘട്ടത്തിലാണ്.
2019 ഫെബ്രുവരിയിലാണ് നടപ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2020 ജൂണ്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനായിരുന്നു ലക്ഷ്യം. മാര്‍ച്ച് അവസാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചു. കോവിഡ് കാരണം ചൈനയില്‍ നിന്ന് എസ്‌കലേറ്റര്‍ എത്താന്‍ ആറുമാസത്തോളം വൈകി. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനാണ് പദ്ധതി നിര്‍വഹണച്ചുമതല. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം നടത്തുന്നത്. മൂന്ന് വര്‍ഷത്തെ പരിപാലനമടക്കമാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക