കൊളത്തൂര്‍: സഹജീവികളുടെ സുഖദുഃഖങ്ങള്‍ അറിഞ്ഞു ജീവിക്കാന്‍ സാധിക്കുന്നതാണ് കൃതാര്ത്ഥതയെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. അദ്വൈതാശ്രമം സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കൊളത്തൂരില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന മംഗളാലയം ഭവനനിര്‍മാണ പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ അദ്ധ്യക്ഷഭാഷണം നടത്തുകയായിരുന്നു സ്വാമിജി.
വേദാന്തപഠനം, സനാതനധര്‍മ പഠനപദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, വിവിധ സേവാപ്രവര്‍ത്തനങ്ങളും അദ്വൈതാശ്രമം നടത്തുന്നു. അതിലൊന്നാണ് അര്‍ഹരായവര്‍ക്കു പാര്‍പ്പിടം നിര്മിച്ചുനല്കുന്നതിനുള്ള മംഗളാലയം പദ്ധതി. എല്ലാവരുടെയും സഹകരണത്തോടുകൂടിയാണ് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി പുരോഗമിച്ചത്. എല്ലാവരുടെയും സേവനത്തെ മാനിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് താക്കോല്‍ കൈമാറുന്ന ചടങ്ങു വളരെ കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി നടത്തിയതെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.
ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി സ്വാമിനി ശിവാനന്ദപുരി, ബാലുശ്ശേരി ഗ്രാമപഞ്ചായത്തംഗങ്ങളായ ഉമ മഠത്തില്‍, ബഷീര്‍, ബാലുശ്ശേരി സേവാഭാരതി പ്രതിനിധി അനീഷ് അമ്പാടി, ബെംഗലുരു സത്സംഗ് ഗ്രൂപ്പ് പ്രതിനിധി ഉണ്ണികൃഷ്ണന്, പ്രേംനാഥ് മംഗലശ്ശേരി, കണ്ണങ്കോട് വിവേകാനന്ദ സേവാസമിതി പ്രതിനിധി രാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: