തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശ്വസ്തനുമായ എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി പിണറായി വിജയന് എല്‍ഡിഎഫിനും സിപിഎമ്മിനും ബാധ്യതയാകുന്നു. ഇന്ത്യയിലെ അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പാര്‍ട്ടിക്ക് നാണക്കേടു വരുത്തിവച്ചതില്‍ അണികള്‍ മാത്രമല്ല നേതാക്കളും അമര്‍ഷത്തിലാണ്.
നിയമത്തിന്റെ കാര്‍ക്കശ്യവുമായി അധികാരത്തിലും അച്ചടക്കത്തിന്റെ വാളോങ്ങലുമായി പാര്‍ട്ടിയിലും അരങ്ങു വാഴുന്ന പിണറായി വിജയന് പാര്‍ട്ടി നിയമം അനുസരിച്ച് ഇപ്പോള്‍ ബ്രാഞ്ച് അംഗത്തിന്റെ സ്ഥാനത്ത് ഇരിക്കാന്‍ പോലും അര്‍ഹത ഇല്ലെന്നാണ് അണികള്‍ക്കിടയിലെ സംസാരം. എല്ലാവരെയും അച്ചടക്കം പഠിപ്പിക്കുന്ന പിണറായിക്ക് സ്വയം ചെയ്തു കൂട്ടുന്ന അച്ചടക്ക രാഹിത്യങ്ങള്‍ ബാധകമാകില്ലേയെന്ന ചോദ്യവും ഉയരുന്നു.
പിണറായി സിപിഎമ്മിന്റെ ഉന്നത സ്ഥാനത്തും അധികാരത്തിന്റെ പരമോന്നതിയിലും എത്തിയതു വിട്ടു വിഴ്ചയില്ലാത്ത നിലപാടുകളിലൂടെയായിരുന്നു. ആ ബിംബമാണ് തച്ചുടയുന്നത്. പാര്‍ട്ടിയിലെന്ന പോലെ മന്ത്രിസഭയിലും നിലപാടുകള്‍ കാര്‍ക്കശ്യമാക്കിയപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജനെ ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രി സ്ഥാനത്തു നിന്നും മാറ്റിവരെ നിര്‍ത്തി മിടുക്കു കാട്ടി. വിശുദ്ധനാണെന്ന് തെളിയിച്ച ശേഷമാണ് ജയരാജന് വീണ്ടും മന്ത്രിയായത്. എന്നാല്‍ ബന്ധുനിയമനത്തില്‍ മാത്രമല്ല അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനും നയതന്ത്രചട്ടങ്ങള് ലംഘിക്കുകയും ചെയ്ത പാര്‍ട്ടിക്കാരനല്ലാത്ത മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുകയും ചെയ്തു. ഇതേ ചൊല്ലി പാര്‍ട്ടിയില്‍ മുറുമുറുപ്പ് നടക്കുന്നതിനിടയിലാണ് ശിവശങ്കറിന്റെ അറസ്റ്റ്. ഘടക കക്ഷിയുടെ അശ്വാരസ്യവും ചെറുതല്ല. ഹണി ട്രാപ്പില്‍പെട്ട മന്ത്രി എ.കെ. ശശീന്ദ്രനെ രാജിവയ്പ്പിച്ചു. ശശീന്ദ്രനും താന്‍ വിശുദ്ധനാണെന്ന് തെളിയിച്ച ശേഷമാണ് മന്ത്രി സ്ഥാനം നല്‍കിയത്. കായല്‍ കൈയേറ്റത്തിന്റെ പേരില്‍ തോമസ് ചാണ്ടിയില്‍ നിന്ന് രാജി വാങ്ങിയതും പിണറായി ആയിരുന്നു.
പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ കണ്ണിലെ കരടായ നേതാക്കള്‍ക്കെതിരെ ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്തത് മുഖ്യമന്ത്രി ആയപ്പോള്‍ പിണറായി പകരം വീട്ടിയിരുന്നു. വി.എസ്. അച്യുതാനന്ദന് പദവിയൊന്നും നല്‍കാതെ കുറെ നാള് തൃശങ്കുവില്‍ നിര്‍ത്തി. വരുതിയില്‍ നില്‍ക്കാത്ത കണ്ണൂര്‍ ലോബിയെന്ന അപ്രഖ്യാപിത സിപിഎം പിന്‍സീറ്റ് ഡ്രൈവിങ്ങിനെ പിണറായി പുകച്ച് പുറത്ത് ചാടിച്ചു. ഭരണത്തില്‍ കണ്ണൂര്‍ ലോബി ഇടപെട്ടതാണ് കാരണം. തന്നെക്കാളും ഉയരുന്നുവെന്ന് മനസ്സിലാക്കിയ പി. ജയരാജനെ കണ്ണൂര്‍ ജില്ലാ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്പ്പിച്ച് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് തോല്‍പ്പിച്ചു. പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യങ്ങള്‍ നോക്കാന്‍ പറഞ്ഞുവിട്ട എം.വി. ജയരാജനെ ഓഫീസില്‍ നിന്നും മാറ്റി.
പോളിറ്റ് ബ്യൂറോ പോലും പിണറായിയുടെ വാക്കിന് അപ്പുറം പ്രവര്‍ത്തിക്കുന്നില്ല. ഇതിലൂടെ താനാണ് പാര്‍ട്ടിയെന്നും പിണറായി വരുത്തി തീര്‍ത്തു. ആരും ചോദിക്കാന്‍ ഇല്ലാത്ത ഈ അപ്രമാദിത്യമാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കിയതെന്ന് അണികള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ഐടി വ്യാപാരം മുതല്‍ സ്വര്‍ണക്കടത്തുകേസില്‍ വരെ പിണറായി ആരോപണ വിധേയനായപ്പോള്‍ തന്നെ പാര്‍ട്ടിയിലും സര്‍ക്കാരിലും അസ്വാരസ്യം ഉയര്‍ന്നിരുന്നു. അപ്പോഴും താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ഭൂതി മനസ്സിലിരിക്കട്ടെ എന്നായിരുന്നു പിണറായിയുടെ പ്രതികരണം. സാധാരണ പ്രവര്ത്തകന് ആണ് ഇത്തരം ആരോപണങ്ങളില്‍ പെട്ടിരുന്നെങ്കില്‍ ഇതിനു മുമ്പെ അച്ചടക്ക നടപടി എടുക്കുമായിരുന്നു. ഇപ്പോള്‍ ലാവ്ലിന് കേസുവരെ അണികള്‍ പറഞ്ഞു തുടങ്ങി. പാര്‍ട്ടി ഫണ്ടിലെ കോടികള്‍ ചെലവഴിച്ച് പിണറായിക്കു വേണ്ടി കേസ് പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന്. തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്നതിനാല്‍ അടിയന്തര നടപടികള്‍ വേണമെന്ന ആവശ്യത്തിന് പാര്‍ട്ടിയില്‍ ശക്തി പകരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: