ശ്ലോകം 246
നേദംനേദം കല്പിതത്ത്വാന്ന സത്യം
രജ്ജൗദൃഷ്ടവ്യാളവത് സ്വപ്‌നവച്ച
ഇത്ഥം ദൃശ്യം സാധു യുക്ത്യാ വ്യപോഹ്യ
ജ്ഞേയഃ പശ്ചാദേകഭാവസ്തയോര്‍യഃ
സ്ഥൂല പ്രപഞ്ചവും സൂക്ഷ്മ പ്രപഞ്ചവും ഇല്ല. കയറില്‍ പാമ്പിനെ കാണും പോലെയും സ്വപ്‌നം പോലെയും വെറും മനസ്സിന്റെ കല്‍പ്പനകളാണ്. ഇങ്ങനെ യുക്തിവിചാരം ചെയ്ത് ദൃശ്യപ്രപഞ്ചത്തെ പൂര്‍ണമായും തള്ളിക്കളയണം. പിന്നെ ജീവന്റെയും ഈശ്വരന്റെയും ഏകഭാവത്തെഅറിയണം.
കാരണമായ മായയും കാര്യമായ പഞ്ചകോശങ്ങളും കല്പിതങ്ങളാണ്. അതിനാല്‍ അവ സത്യമല്ല. അസത്യമായവയെ ശ്രുതിക്കനുസരിച്ച് ചിന്തിച്ച് യുക്തി കൊണ്ട് തള്ളിക്കളയണം. അപ്പോള്‍ ഏകമായത് മാത്രം അവശേഷിക്കും.
ഈശ്വര ഉപാധിയായ മായയേയും ഉപാധിയായ പഞ്ചകോശത്തേയും പ്രത്യേകം നിഷേധിക്കാനായി ബൃഹദാരണ്യകോപനിഷത്തില്‍ നേദം.. നേദം എന്ന് രണ്ട് തവണ പറയുന്നു. നേദം എന്നാല്‍ ഇതല്ല ഇതല്ല എന്നര്‍ത്ഥം. ന ഇദം എന്നതാണ് ഒരുമിച്ച് ചേര്‍ത്ത് നേദം എന്ന് പറയുന്നത്. ഇങ്ങനെ പറയുന്നത് ഉപനിഷത്തിന്റെ ശൈലിയാണ്.
ഞാന്‍ ദേഹമല്ല, ദേഹം എന്റേതാണ്. ഞാന്‍ മനസ്സല്ല, മനസ്സ് എന്റേതാണ്. മനസ്സിന്റെ കല്പനമൂലം ഉണ്ടെന്ന് തോന്നുന്ന വസ്തുക്കള്‍ക്ക് സത്യത്വമില്ല. ശ്രുതി അങ്ങനെ പറയുന്നതും യുക്തിയ്‌ക്ക് നിരക്കുന്നതുമാണ്.ജഗത്തിന് സത്യത്വമുണ്ട് എന്ന് വന്നാല്‍ അത് എക്കാലത്തും നമുക്ക് അനുഭവമാകേണ്ടിയിരുന്നു. എന്നാല്‍ അങ്ങനെ ഒരിക്കലും സംഭവിക്കുന്നില്ല.ശരീരം, മനസ്സ്, ബുദ്ധി എന്നിവയ്‌ക്കും എല്ലായ്‌പോഴും ഉണ്മയില്ല. സുഷുപ്തിയില്‍ അവ മൂന്നും പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ അവ സത്യമല്ല.
ഉണ്ടെന്ന് തോന്നിക്കുന്നത് മിഥ്യയാണ്. അവ മുമ്പ് ഇല്ലാത്തതും ഇനി ഇല്ലാതാകാന്‍ പോകുന്നതുമാകും. നാം ഈ ലോകത്ത് കാണുന്നതെല്ലാം അത്തരത്തിലുള്ളവയാണ്.
ശരീരവും മനസ്സും ബുദ്ധിയും ആത്മാവല്ല എന്നതിന് ശ്രുതിയും യുക്തിയും പ്രമാണമാണ്. അവയ്‌ക്ക് എന്നും നിലനില്‍പ്പില്ല. അവ സത്യമല്ല. കയറില്‍ പാമ്പിനെ കാണും പോലെയും സ്വപ്‌നം പോലെയും മനസ്സിന്റെ വെറും കല്പന മാത്രമാണ്. ഇക്കാര്യം യുക്തിവിചാരം ചെയ്താല്‍ ബോധ്യപ്പെടും. കയറും പാമ്പും എന്നതിലൂടെ ബാഹ്യലോകത്തെ മിഥ്യാത്വവും സ്വപ്‌നത്തിലൂടെ ആന്തരിക ലോകമിഥ്യാത്വവും വ്യക്തമാക്കുന്നു.
യുക്തിവിചാരത്തിലൂടെ അകത്തേയും പുറത്തേയും ജഗത്തിന്റെ പ്രതീതിയെ സാധകന്‍ ഇല്ലാതാക്കണം. വിഷയവികാരവിചാരങ്ങളെ ശരീരമനോബുദ്ധികളിലൂടെ അനുഭവിച്ച താന്‍ തന്നെയാണ് അവയ്‌ക്കൊക്കെ ആധാരമായ ബ്രഹ്മം എന്ന് അനുഭവമാകണം. അത് തന്നെ ജീവനും ഈശ്വരനും ആധാരമായ ഏക സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: