ആത്മ സാക്ഷാത്കാരത്തിനായി ജനങ്ങള്‍ ഒഴുകിയെത്തുന്ന ജ്ഞാന നഗരമായ കാശി. ശ്രീകൃഷ്ണന്‍ പിറന്നുവീണ മഥുര. ഉണ്ണിക്കണ്ണന്‍ ലീലകളാടിത്തീര്‍ത്ത വൃന്ദാവനം. മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ ജന്മത്താല്‍ പവിത്രമായിത്തീര്‍ന്ന അയോധ്യ.. ഭാരതത്തിന്റെയും ഹൈന്ദവ സംസ്‌കൃതിയുടെയും ഹൃദയമാണ് ഉത്തര്‍ പ്രദേശ്. ഹിമവാന്റെ മടിത്തട്ടിലെ പുണ്യഭൂമി. രാഷ്‌ട്രീയ ഭാരതത്തിന്റെ ശക്തികേന്ദ്രം. എണ്‍പത് ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനം കേന്ദ്ര ഭരണത്തിന്റെ പടിവാതിലായും വിശേഷിപ്പിക്കപ്പെടാറുണ്ട്.
ദല്‍ഹിയിലെ പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനും മറ്റുമായി പല തവണ അവിടേക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ രണ്ടു യാത്രകളും വേറിട്ടു നില്‍ക്കുന്നു. രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തോട് അനുബന്ധിച്ചും പിന്നെ, തര്‍ക്കമന്ദിരം തകര്‍ത്തത് സംബന്ധിച്ച ഗൂഢാലോചന കേസ് വിധി റിപ്പോര്‍ട്ട് ചെയ്യാനും.
ഏറെ വ്യത്യസ്തവും മനസ്സില്‍ ആവേശവും ആത്മാഭിമാനവും നിറക്കുന്നതുമായിരുന്നു രണ്ടു യാത്രകളും. പ്രതിബന്ധങ്ങളും ഏറെയുണ്ടായിരുന്നു. കൊറോണ മഹാമാരി രാജ്യത്തിന്റെ സ്വാഭാവികമായ മുന്നോട്ടുപോക്കിനെ തകിടംമറിച്ച ദിനങ്ങള്‍. വിശേഷിച്ചും ദല്‍ഹിയില്‍, മഹാമാരി അതിന്റെ ആയുധങ്ങളത്രയും പുറത്തെടുത്ത് ആടിത്തിമിര്‍ക്കുകയായിരുന്നു. നിരവധി പത്രപ്രവര്‍ത്തന സുഹൃത്തുക്കള്‍ യാത്ര ഒഴിവാക്കി. പക്ഷേ എന്റെ മനസ്സ് അതിന് അനുവദിച്ചില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സമുജ്ജ്വലമായ ചരിത്ര മുഹൂര്‍ത്തതിന് സാക്ഷിയാവാനുള്ള അവസരം എല്ലാത്തരം ആശങ്കകളും കഴുകിക്കളഞ്ഞു.
മനസ്സില്‍ രാമമന്ത്രം മാത്രം
രാജ്യതലസ്ഥാനത്തുനിന്നും അയോദ്ധ്യയിലേക്ക് 675 കിലോമീറ്റര്‍ അകലമാണുള്ളത്. നിരന്തര സംഘര്‍ഷങ്ങള്‍, രഥയാത്രകള്‍, നിയമ പോരാട്ടങ്ങള്‍..എല്ലാം ഒരിക്കല്‍ക്കൂടി ഓര്‍മ്മയിലെത്തി. ഫൈസാബാദ് നഗരം പിന്നിട്ടതോടെ രാമഭൂമിയിലേക്ക് സ്വാഗതം ചെയ്തുള്ള കമാനങ്ങള്‍ ദൃശ്യമായി. മനസ്സില്‍ അയോധ്യ മാത്രമായി. ഹൃദയത്തില്‍ രാമമന്ത്രം നിറഞ്ഞു. അധിനിവേശകാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട അടിമത്തത്തിന്റെ അടയാളം പേറിയുള്ള ഒരു ജനതയുടെ അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഇതാ അവസാനിച്ചിരിക്കുന്നു. അഭിനവ രാവണന്മാരെ നിഗ്രഹിച്ച് രാമക്ഷേത്രം ഉയരുകയാണ്. ആ സുദിനങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങി കാത്തിരിക്കുകയാണ് അയോദ്ധ്യയും ഭാരതവും.
മതഭേദമില്ലാതെ വീടുകള്‍ക്കും കടകള്‍ക്കും മുകളില്‍ കാവിക്കൊടികള്‍ പാറിക്കളിക്കുന്നു. നഗരം പുഷപ്ങ്ങളാല്‍ അലങ്കരിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഒപ്പം ശ്രീരാമന്റെ ഐതിഹാസിക ജീവിതയാത്ര വിവരിക്കുന്ന ചുവര്‍ചിത്രങ്ങളും. രാമമന്ത്രം ഇവിടെ ഉച്ചസ്ഥായിയിലായി.
ഒരു കാര്യം ശ്രദ്ധിക്കാതിരിക്കാനായില്ല. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ആദ്യം അയോധ്യയിലെത്തിയത്. നിരാശയായിരുന്നു ഫലം. അന്ന് കണ്ട കാഴ്ചകള്‍ എക്കാലവും മനസ്സിനെ വേട്ടയാടുന്നതായിരുന്നു. ഭാരതത്തിന്റെ വികാരമായി ശ്രീരാമന്‍ ജനമനസ്സുകളില്‍ കുടികൊള്ളുമ്പോഴും അഭിമാനിക്കാവുന്ന ഒന്നും അവിടെയുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് കൂരയ്‌ക്കുള്ളിലെ രാമവിഗ്രഹം. കൂട്ടത്തോടെ ഭിക്ഷ യാചിക്കാനെത്തുന്ന കുട്ടികള്‍. ഇപ്പോള്‍ നിലംപതിക്കുമെന്ന് തോന്നിക്കുന്ന കെട്ടിടങ്ങള്‍. ഇടിഞ്ഞുപൊളിഞ്ഞ റോഡുകള്‍. രാത്രിയില്‍ ഇരുട്ടില്‍ മുങ്ങുന്ന, പുറമ്പോക്കില്‍ തള്ളപ്പെട്ട നഗരം.
ത്രേതായുഗത്തിന്റെ ധന്യതയിലേക്ക്
ഏറെ മാറിയിരിക്കുന്നു രാമന്റെ ഭൂമി. തീര്‍ത്ഥാടന കേന്ദ്രത്തിന് അനുയോജ്യമായി അയോധ്യയെ യോഗി സര്‍ക്കാര്‍ പരിവര്‍ത്തനം ചെയ്തുകഴിഞ്ഞു. അന്നത്തെ അയോധ്യയാണോ ഇതെന്ന് ആശ്ചര്യപ്പെടുത്തുന്ന മാറ്റം.
രാമഭക്തനായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെയാണ് ഉത്തര്‍ പ്രദേശില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. അത് അയോധ്യയിലും പ്രതിഫലിച്ചു. സരയൂ നദിക്കരയിലെ കാടുപിടിച്ച് കിടന്നിരുന്ന ഘാട്ടുകള്‍ ഇന്നു പഴങ്കഥയായി. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ദീപാവലി ആഘോഷം ഇപ്പോള്‍ ഇവിടെയാണ് നടക്കുന്നത്. വിനോദ സഞ്ചാരികള്‍ നഗരത്തിലേക്ക് ഒഴുകുന്നു. നുറ്റാണ്ടുകള്‍ പഴക്കമുള്ള കേട്ടിടങ്ങള്‍ മിനുക്കു പണി നടത്തി ആകര്‍ഷകമാക്കി. കെട്ടിടങ്ങളെല്ലാം ദീപപ്രഭയിലാണ്. അന്താരാഷ്‌ട്ര വിമാനത്താവളവും പുതിയ റയില്‍വേ സ്റ്റേഷനും ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. രാമക്ഷേത്രം ഉയരുമ്പാള്‍ രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായി അയോധ്യയെ മാറ്റുകയാണ് ലക്ഷ്യം.
ചിരാതുകള്‍ നിറഞ്ഞ രാംകി പടിയിലൂടെ നടക്കുമ്പോള്‍ വാല്‍മീകി രാമായണത്തിലെ അയോധ്യാ വര്‍ണന മനസ്സിലൂടെ കടന്നുപോയി. 12 യോജന നീളവും മൂന്ന് യോജന വീതിയുമുള്ള ഈ പട്ടണത്തിലെ രാജവീഥികള്‍ പ്രതിദിനം നിര്‍മലമാക്കി, ജലം തളിച്ചു പൂക്കള്‍ വിതറുക പതിവായിരുന്നു. ദേവേന്ദ്രന്‍ സ്വര്‍ഗത്തില്‍ എന്ന പോലെ മഹാരാജാ ദശരഥന്‍ ഈ രാജ്യത്തെ ഭരിച്ചു. കമാനത്തോടുകൂടിയ വാതിലുകള്‍, വിസ്തൃത രാജവീഥികള്‍, വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ വ്യാപാരികള്‍, മനോഹരമായ ഉദ്യാനങ്ങള്‍, ഉത്തമ മനുഷ്യര്‍… അമരാവതിക്ക് തുല്യമാണ് അയോധ്യ എന്നാണ് വാല്‍മീകിയുടെ വിവരണം. ഇന്നിപ്പോള്‍, ത്രേതായുഗത്തിലെ ആ ധന്യതയിലേക്ക് അയോധ്യ മടങ്ങുകയാണ്. രാമക്ഷേത്രം ഉയരുന്നതോടെ ഐശ്വര്യത്തിന്റെ ദിനങ്ങളാണ് ഈ പുരാതന നഗരത്തെ കാത്തിരിക്കുന്നത്.
മാറി മറിയുന്ന ജനജീവിതം
നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ദശരഥന്റെ സമാധിപീഠം കേരളത്തിലെ ഉള്‍ഗ്രാമങ്ങളുടെ പ്രതീതി പകരും. വെള്ളം കയറിക്കിടക്കുന്ന നെല്‍പ്പാടത്തിന് ഓരത്തായി ഒരു ക്ഷേത്രം. ഭഗവാന്‍ ശ്രീരാമന്‍ 14 വര്‍ഷത്തെ വനവാസം അനുഷ്ഠിക്കുമ്പോഴാണ് ദശരഥന്റെ വിയോഗം. തുടര്‍ന്ന് ഭരതന്‍ അദ്ദേഹത്തിന്റെ സംസ്‌കാരം ഇവിടെ നടത്തിയന്നാണ് വിശ്വാസം. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ ആവേശത്തിലാണ് പ്രധാന പൂജാരി നൃത്യ ഗോപാല്‍. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് പരിസമാപ്തിയാകുന്നത്. അയോധ്യയുടെ ഇനിയുള്ള ദിവസങ്ങള്‍ സന്തോഷത്തിന്റേതാകും, അദ്ദേഹം ഉറച്ചുപറഞ്ഞു.
76 പടികള്‍ കടന്നുവേണം ഹനുമാന്‍ഘടി ക്ഷേത്രത്തിലെത്താന്‍. ഒരു കോട്ടയ്‌ക്ക് മുകളിലാണ് ക്ഷേത്രം. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ പ്രധാന പൂജാരി മഹന്ത് മധുപന്‍ ദാസ് ശബരിമല പ്രക്ഷോഭത്തെക്കുറിച്ചാണ് ചോദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയാണ് ക്ഷേത്ര നി
ര്‍മാണത്തിന് വഴിവച്ചതെന്ന് മഹന്ത് പറയുന്നു. യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അയോധ്യയില്‍ അടിസ്ഥാന സൗകര്യവികസനം നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിക്ക് ശേഷം പ്രധാനമന്ത്രി പദത്തില്‍ സംന്യാസവര്യനായ യോഗി എത്തുമെന്നാണ് പ്രവചനം. തുടര്‍ന്ന് അദ്ദേഹം കോട്ടക്ക് മുകളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്നാല്‍ നഗരത്തിന്റെ നാല് വശങ്ങളും കാണാം. ശ്രീരാമദാസനായ ഹനുമാന്‍ ഈ കോട്ടയ്‌ക്ക് മുകളിലിരുന്ന് നഗരം സംരക്ഷിക്കുന്നുവെന്നാണ് വിശ്വാസം. ഇടുങ്ങിയ വഴികള്‍. ഇതിന്റെ ഓരങ്ങളില്‍ മഹാക്ഷേത്രങ്ങളും മഠങ്ങളും. അതാണ് അയോധ്യ. ക്ഷേത്രത്തിലേക്കുള്ള പൂജാദ്രവ്യങ്ങള്‍ വില്‍പ്പന നടത്തി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നവരാണ് ഏറെയും. ക്ഷേത്ര നിര്‍മാണം യാഥാര്‍ത്ഥ്യമാകുന്നതിന്റെ ആവേശം കച്ചവടക്കാരിലും പ്രകടമാണ്. ലക്ഷക്കണക്കിന് ഭക്തരാണ് ദിവസേന ഇവിടെ എത്താന്‍ പോകുന്നത്. ജനങ്ങളുടെ ജീവിതം ഇനി മാറിമറിയും.
അന്‍സാരി സംതൃപ്തനാണ്
ഭൂമി പൂജയ്‌ക്കുള്ള ആദ്യ ക്ഷണക്കത്ത് രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസറ്റ് അയച്ചത് കേസിലെ മുസ്ലിം കക്ഷിയായ ഇഖ്ബാല്‍ അന്‍സാരിക്കായിരുന്നല്ലോ. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഒരു കോളനിയിലാണ് അന്‍സാരിയുടെ വീട്. സംതൃപ്തനാണ് അന്‍സാരി. ”അയോധ്യ ധര്‍മ്മഭൂമിയാണ്. ക്ഷേത്ര നിര്‍മ്മാണത്തെ ഇവിടുത്തെ മുസ്ലിം സമൂഹം സ്വാഗതം ചെയ്യുന്നുണ്ട്. കോടതി വിധിയോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു.” അന്‍സാരി നിറഞ്ഞ പുഞ്ചിരിയോടെ വിവരിച്ചു. ഭാരതത്തിന്റെ മതേതര പ്രതീകമായി അയോധ്യ മാറുമെന്നാണ് അന്‍സാരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
അയോധ്യയില്‍നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ധാനിപുര്‍ഗ്രാമത്തിലാണ് മസ്ജിദ് പണിയുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം യുപി സര്‍ക്കാര്‍ ഇതിനായി അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് കൈമാറിക്കഴിഞ്ഞു. ഇവിടെവച്ചാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബബുലു ഖാനെ കണ്ടുമുട്ടിയത്. ”ക്ഷേത്രം ഉയരണമെന്നാണ് മുസ്ലിം സമൂഹം ആഗ്രഹിക്കുന്നത്. നഗരത്തിന്റെ മുഖം മാറും. അയോധ്യയില്‍ കുറച്ച് മുസ്ലിങ്ങള്‍ മാത്രമാണുള്ളത്. അവിടെ പള്ളി നിര്‍മ്മിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ല” അദ്ദേഹം വിവരിച്ചു.
വിഎച്ച്പി ദേശീയ ഉപാധ്യക്ഷനും അയോധ്യ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസറ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത്ത് റായിയെ, കര്‍സേവപുരത്ത് വിഎച്ച്പി കാര്യാലയത്തില്‍ വെച്ച് കാണാനായി. അയോധ്യ പ്രക്ഷോഭം മുന്നില്‍നിന്നു നയിച്ച അശോക് സിംഗാള്‍ ജീവിതത്തോട് വിടപറയുമ്പോള്‍ മുഴുവന്‍ ഉത്തരവാദിത്വവും ഏല്‍പ്പിച്ചത് ചമ്പത്ത് റായിയെ ആയിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി സ്വയം സമര്‍പ്പിച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്. ഭഗവാന്റെ ആഗ്രഹപ്രകാരം ക്ഷേത്ര നിര്‍മാണം നടക്കുന്നുവെന്നായിരുന്നു ചമ്പത്ത് റായിയുടെ ആദ്യ പ്രതികരണം. ”1947ലെ സ്വാതന്ത്ര്യദിനത്തോളം പ്രാധാന്യമുണ്ട് ശിലാന്യാസിന്. അയോധ്യ സ്വതന്ത്രമാവുകയാണ്” അദ്ദേഹം വികാരാധീനനായി പറഞ്ഞു. ശിലാന്യാസ ദിവസം കേരളത്തില്‍ പലയിടത്തും ഇടത് സര്‍ക്കാര്‍ വൈദ്യുതി മുടക്കിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ അവിടെ കൂട്ടച്ചിരി പടര്‍ന്നു. വരുന്ന തെരഞ്ഞടുപ്പില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടയെന്നായിരുന്നു ചമ്പത്ത് റായിയുടെ മറുപടി.
ആയിരക്കണക്കിന് കര്‍സേവകരുടെ ചോരയാല്‍ ചുവന്ന കഥപറയുന്ന സരയു, ഇന്നു പ്രസന്നവതിയായിരിക്കുന്നു; രാമന്റെ മുഖത്തെ മായാത്ത പുഞ്ചിരിപോലെ. ഇന്നത്തെ അയോദ്ധ്യയുടെ മനസിന്റെ പ്രതിരൂപമാണവള്‍. ശാന്തതയുടെ ആവരണമിട്ട ദൃഢനിശ്ചയമാണ് ആ മനസ്സില്‍. വിവിധ ഘാട്ടുകളില്‍ എല്ലാ ദിവസവും സരയു ആരതിയുണ്ട്.
ആധുനിക ഭാരതത്തിന്റെ പ്രതീകം
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകന്‍ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാര്‍, രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ , വിഎച്ച്പി നേതാക്കളായ അശോക് സിംഗാള്‍, ആചാര്യ ഗിരിരാജ് കിഷോര്‍ എന്നിവര്‍ക്ക് ഒപ്പം നരേന്ദ്ര മോദിയുടെയും യോഗിയുടെയും ചിത്രങ്ങള്‍ നദീതീരത്ത് നിരന്നുനില്‍ക്കുന്നു. ഇവരുടെ ദീര്‍ഘവീക്ഷണവും കഠിനപ്രയത്‌നവുമാണ് അയോധ്യയെ സ്വതന്ത്രമാക്കുന്നതെന്ന സന്ദേശം പുതുതലമുറക്ക് പകര്‍ന്നുനല്‍കുകയാണ്.
രാവണനിഗ്രഹം കഴിഞ്ഞ് ജാനകിമാതാവിനൊപ്പം ശ്രീരാമന്‍, പിറന്ന മണ്ണില്‍ മടങ്ങിയെത്തിയ സുദിനം. ശ്രീരാമ മന്ത്രം മുഴക്കിയും ദീപങ്ങള്‍ തെളിയിച്ചും രാമനെ വരവേറ്റു. ഭൂമിപൂജദിനത്തേയും അയോധ്യവാസികള്‍ ദീപാവലിയെന്നാണ് വിശേഷിപ്പിച്ചത്. അധര്‍മത്തിന് മേലുള്ള ധര്‍മ്മത്തിന്റെ വിജയമാണല്ലോ ദീപാവലി. ഭൂമി പൂജയില്‍ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന് രാമഭക്തര്‍ അയോധ്യയിലേക്ക് തിരിച്ചിരുന്നു. പക്ഷെ കൊറോണയുടെയും സുരക്ഷയുടെയും പശ്ചാത്തലത്തില്‍ ഫൈസാബാദില്‍നിന്ന് അയോധ്യയിലേക്കുള്ള പ്രധാന റോഡുകള്‍ നേരത്തെ തന്നെ അടച്ചിരുന്നതിനാല്‍ പുറത്തുനിന്നാര്‍ക്കും നഗരത്തിലേക്ക് പ്രവേശിക്കാനായില്ല. അല്ലായിരുന്നെങ്കില്‍ അയോധ്യ ലക്ഷക്കണക്കിന് രാമഭക്തരെക്കൊണ്ട് അന്ന് നിറയുമായിരുന്നു. ആ ആവേശം അയോദ്ധ്യയുടെ മനസ്സില്‍ നിന്നു മാഞ്ഞിരുന്നില്ല.
ഹ്യദയങ്ങള്‍ രാമമയമായ പുണ്യനിമിഷം. ഈ സ്വപ്നസാക്ഷാല്‍ക്കാരത്തിനായി ജീവത്യാഗം ചെയതവര്‍ ഓര്‍മയില്‍ നിറഞ്ഞു. സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ കടമെടുത്താല്‍ എല്ലാ ക്ഷേത്രങ്ങളുടെയും ആശയങ്ങളുടെയും പുനര്‍ സംയോജനമാണ് അയോധ്യ.
അയോധ്യയെന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം യുദ്ധമില്ലാത്ത ഭൂമി എന്നാണ്. യുദ്ധം അവസാനിച്ച അയോധ്യ ആധുനിക ഭാരതത്തിന്റെ പ്രതീകമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. 2023ല്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കും. ആ മഹത്തായ ചടങ്ങിന് സാക്ഷിയാകാന്‍ കഴിയണമെന്ന പ്രാര്‍ത്ഥന ശ്രീരാമ ഭഗവാന്റെ പാദങ്ങളില്‍ അര്‍പ്പിച്ചാണ് പുണ്യനഗരിയോട് യാത്ര പറഞ്ഞത്.
ഗൗതം അനന്തനാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: