കല്‍പ്പറ്റ: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട മുന്നു കുടുംബങ്ങളും ഇന്ന് കഴിയുന്നത് വാടകമുറികളിലാണ്. ആഗസ്റ്റ് ഏഴിനാണ് ഇവരുടെ വീടുകള്‍ ഉരുള്‍ പൊട്ടലില്‍ തകര്‍ന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് പുതിയൊരു വീട് നല്കാന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വീട് വെക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ മൂന്ന് കുടുബങ്ങള്‍ക്കും വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ല.
ഉരുള്‍ പൊട്ടലില്‍ പ്രദേശവാസികളായ മഠത്തില്‍ വിജയന്, മുടക്കയില്‍ സുകുമാരന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. പാലത്തിന് സമീപമുള്ള രാജന്റെ വീട് പൂര്‍ണമായി നശിച്ചില്ലെങ്കിലും ഉപയോഗ ശൂന്യമായ രീതിയിലുമാണ്. 40 ലക്ഷം രൂപ മുടക്കി ലോണെടുത്തും വായ്പ വാങ്ങിയും പണിത വീട്ടില്‍ രാജനും കുടുംബവും താമസിച്ചത് വെറും രണ്ട് മാസവും 10 ദിവസവും മാത്രം. ഉരുള്‍ പൊട്ടലില്‍ ആളപായമൊന്നുമില്ലെങ്കിലും കിടപ്പാടം നഷ്ടപ്പെട്ട മൂന്ന് കുടുംബവും ഇപ്പോള്‍ ദുരിതത്തിലാണ്.
നല്‍കാമെന്ന് പറഞ്ഞ തുകയില്‍ ആറ് ലക്ഷം രൂപ സ്ഥലത്തിനും നാല് ലക്ഷം രൂപ വീടിനുമാണ്. എന്നാല്‍ ഈ കിട്ടുന്ന തുക സ്ഥലം വാങ്ങാന്‍ കൂടെ മതിയാകില്ലെന്നാണ് ഇവര്‍ പറയുന്നത്. രണ്ടര ലക്ഷം രൂപ വരെയാണ് സെന്റിന് ചോദിക്കുന്നത് എന്ന് വിജയന്റെ ഭാര്യ സബിത പറയുന്നു. ആദ്യം പൂത്തക്കൊല്ലിയില്‍ സ്ഥലം നല്‍കാമെന്ന് പറഞ്ഞെങ്കിലും അവിടെ സ്ഥലമില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. ബന്ധപ്പെട്ടവരില്‍ നിന്നും ഉടന്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ജില്ലാ കളക്ടറെ കണ്ട് പരാതി നല്‍കും എന്ന നിലപാടിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: