കേരളത്തില്‍ കൗമാരക്കാരായ കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യകളെ സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപി ആര്. ശ്രീലേഖയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ലോക്ഡൗണ്‍ കാലയളവില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു പാനല്‍ സംസ്ഥാനം രൂപീകരിച്ചത്. അവര്‍ നല്കിയ റിപ്പോര്‍ട്ട്പ്രകാരം 18 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ആത്മഹത്യാ നിരക്ക് ഈ വര്‍ഷം വര്‍ധിച്ചിരിക്കുന്നു. ഈ വര്‍ഷം സെപ്തംബര്‍ 30 വരെ 173 കുട്ടികള്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 142 ആയിരുന്നു. ഈ വര്‍ഷത്തെ കേസുകളില്‍ 154 കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാക്കിയുള്ളവര്‍ വിഷം കഴിക്കുകയോ സ്വയം തീകൊളുത്തുകയോ ചെയ്തു.
സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം പെണ്‍കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കൂടുതലാണ്. ആത്മഹത്യ ചെയ്ത കുട്ടികളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ സ്കൂളുകളിലും (48 ശതമാനം) സര്‍ക്കാര്‍ എയ്ഡഡ ്സ്കൂളുകളിലും (30 ശതമാനം) പഠിക്കുന്നവരാണ്. ആത്മഹത്യ ചെയ്ത 108 കുട്ടികള്‍ 15 മുതല്‍ 18 വയസ്സു വരെയുള്ളവരാണ്. അതില്‍ 66 ശതമാനം പെണ്‍കുട്ടികളും! കുട്ടികളിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്ക് ഏകീകൃതമായ ജീവിതശൈലിയും, മൊബൈല്‍ ഫോണുകളെയും ഇന്റര്‍നെറ്റിനെയും അമിതമായി ആശ്രയിക്കുന്നതും, മറ്റാളുകളുമായി ഇടപഴകാത്തതും കാരണമാണെന്നാണ് റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വസ്തുത ഭൂരിഭാഗം കേസുകളുടെയും കാരണങ്ങള്‍ ഇപ്പോഴും കുടുംബാംഗങ്ങള്‍ക്ക് അജ്ഞാതമാണ് എന്നുള്ളതാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലാണ് ആത്മഹത്യകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, കുട്ടികള്‍ക്കിടയിലെ ആത്മഹത്യക്ക് പിന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ കോവിഡ് ഉയര്‍ത്തുന്ന പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട്, നിയന്ത്രണങ്ങള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ വെല്ലുവിളികള്‍, മാതാപിതാക്കളുമായുള്ള സംഘട്ടനങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവയും ഉള്‍പ്പെടുന്നു. ഡിജിറ്റല്‍ ആസക്തി, അസ്വസ്ഥത, വിഷാദം, അക്കാദമിക് അന്തരീക്ഷം ഉള്‍പ്പടെയുള്ള ഭാവിയെക്കുറിച്ച് വ്യക്തതയില്ലായ്മ എന്നിവയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ആത്മഹത്യയില്‍ എത്താന്‍ കാരണമായതായി റിപ്പോര്‍ട്ട് പറയുന്നു. കുട്ടികള്‍ക്കിടയിലെ മാനസിക ക്ലേശങ്ങളുടെയും ആത്മഹത്യാ പ്രവണതയുടെയും മുന്നറിയിപ്പ് അടയാളങ്ങള്‍ തിരിച്ചറിയുന്നതിനും പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിനുമുള്ള ”മനഃശാസ്ത്രപരമായ പ്രഥമശുശ്രൂഷ” നടപടികളെക്കുറിച്ചു മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നു മനഃശാസ്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിലെ സ്ഥിതിവിവരക്കണക്കുകള്‍ മറ്റു കാരണങ്ങള്‍ കൊണ്ടു ഭയപ്പെടുത്തുന്നതാണ്.
ആത്മഹത്യ ചെയ്ത കുട്ടികളില്‍ 91 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനക്കാരായവരാണ്. മറ്റൊരു വസ്തുത ജീവിതം അവസാനിപ്പിച്ച അമ്പത് കുട്ടികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നവരാണ്. അവരില്‍ ഒരാള്‍ക്ക് രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡും ലഭിച്ചിരുന്നു. മറ്റൊരാള്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റും ആയിരുന്നു. വിദ്യാലയങ്ങളില്‍ ഇന്ന് നിലവിലുള്ള സംവിധാനം എല്ലായ്പ്പോഴും ദുര്‍ബ്ബലരായ കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും, മിടുക്കരായ കുട്ടികളുടെ പ്രശ്നങ്ങള്‍ ഒരിക്കലും പരിഗണിച്ചിട്ടില്ല. അക്കാദമിക്, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അവര്‍ മികവ് പുലര്‍ത്തിയെന്നത് കൊണ്ട് അവര്‍ എല്ലാ കാര്യങ്ങളിലും മികച്ചതാണെന്ന് കരുതുകയാണ് ഉണ്ടായത്. കേരളത്തില്‍ ലോക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്ത കുട്ടികളുടെ ചില ആത്മഹത്യകള്‍ മറ്റു ചിലകാരണങ്ങളിലേക്കും വെളിച്ചം വീശുന്നു. അച്ഛന്റെ മദ്യപാനമാണ് കുട്ടമ്പുഴയിലെ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെങ്കില്‍ അടിമാലി കുളമാംകുഴിയില്‍ വനവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന്റെ കാരണങ്ങള്‍ ഇപ്പോഴും ദുരൂഹമാണ്. സ്വന്തം അമ്മയുടെ ഭാഗത്തു നിന്നുണ്ടായ ശാരീരിക മര്‍ദ്ദനങ്ങളും മാനസിക പീഡനവും സഹിക്കാന്‍ കഴിയാതെയാണ് ആലപ്പുഴ കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ പത്തുവയസ്സുകാരി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ മലപ്പുറം തിരൂരങ്ങാടിയിലും വളാഞ്ചേരിയിലുമായി രണ്ടു പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ജീവിതത്തില്‍ ഏറ്റവും മനോഹരമായ കാലമാണ് ബാല്യവും കൗമാരവും. ഈ പ്രായത്തില്‍ അവര്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നുവെങ്കില്‍ അതിലൊരു വലിയ പങ്ക് മാതാപിതാക്കള്‍ക്കുണ്ട്. കൂട്ടുകാരോടു പോലും വിഷമം പങ്കുവെയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേദന ഉള്ളിലൊതുക്കാനാവാതെ അവര്‍ മരണം സ്വയംവരിച്ചെങ്കില്‍ നാം മറ്റാരെയാണ് പഴിക്കേണ്ടത്?
വ്യക്തിയുടെ ആരോഗ്യത്തിനും സാമൂഹ്യ, സാമ്പത്തിക, കുടുംബ ഭദ്രതയ്ക്കും ഹാനികരമാംവിധം മദ്യപിക്കുവാനുള്ള സാഹചര്യം ഒരുക്കുന്ന തരത്തിലുള്ള മദ്യനയമാണ് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുള്ളത്. നമ്മുടെ നാട്ടിലെ സാധാരണ കുടുംബങ്ങളിലെ ജീവിതാന്തരീക്ഷം താറുമാറാക്കുന്ന കാര്യത്തില്‍ ഈ മദ്യനയം വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക്, പ്രത്യേകിച്ചും അമ്മമാര്‍ക്ക്, പലപ്പോഴും ജീവിതത്തില്‍ നേരിടുന്ന വിഷമങ്ങളുടെയും പരാജയങ്ങളുടെയും പക തീര്‍ക്കുന്നത് തിരിച്ചു പ്രതികരിക്കാനാവാത്ത മക്കളെ ദേഹോപദ്രവം ഏല്‍പ്പിച്ചാണ്. അത്തരം സാഹചര്യങ്ങള്‍ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ നല്കുന്ന കൗണ്‍സിലിങ്ങിലൂടെ പുറത്തുവരുമ്പോഴും പരിഹാര നടപടികളൊന്നും എടുക്കാനാവാതെ അതേ വീട്ടിലേക്കു കുട്ടികളെ പറഞ്ഞയക്കേണ്ട ഗതികേടിലാണ് മനസ്സലിവുള്ള പല അധ്യാപകരും. ബാലാവാകാശ കമ്മീഷന് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുവെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം വിജയപ്രദമാണെന്നു ഇന്നും വ്യക്തമല്ല.
എളുപ്പം പണമുണ്ടാക്കാനുള്ള തത്രപ്പാടില്‍ ചെറുപ്പക്കാര്‍ മയക്കുമരുന്ന് വിതരണം തിരഞ്ഞെടുക്കുമ്പോള്‍ അതിന് കരുക്കളാക്കുന്നത് ചെറിയ കുട്ടികളെയാണ്. ആണ്-പെണ് വ്യത്യാസമില്ലാതെ ലഹരിയുടെ ഉപയോഗവും തല്‍ഫലമായി അകപ്പെട്ടുപോകുന്ന കെണികളും, ചിലപ്പോഴൊക്കെ മയക്കുമരുന്നിന്റെ അമിത ഉപയോഗവും, ആത്മഹത്യയിലേക്ക് കൗമാരക്കാരെ നയിക്കുന്ന മറ്റൊരു കാരണമാണ്. മക്കളെയോ ജീവിത പങ്കാളിയെയോ മറ്റു കുടുംബാംഗങ്ങളെയോ വേണ്ടവിധം പരിഗണിക്കാനോ, സ്നേഹിക്കാനോ, ഏതു പ്രതിസന്ധിയിലും ഒപ്പമുണ്ടാകുമെന്നു പറഞ്ഞു ചേര്‍ത്തുപിടിക്കാനോ സമയമില്ലാത്ത തരത്തില്‍ മൊബൈല്‍ ഫോണിലെ മായികലോകം നമ്മെ കീഴ്പ്പെടുത്തി. താന്‍ അകപ്പെട്ടുപോയ വിഷമസന്ധി മാതാപിതാക്കളുമായി പങ്കുവെക്കാനുള്ള ആത്മബന്ധം ഇല്ലാതെ വളരുന്ന മക്കള്‍ പ്രതിസന്ധികളെ നേരിടാനാവാതെ പകച്ചുപോകുമ്പോഴാണ് ആത്മഹത്യയെ അവലംബിക്കുന്നത്. മാതാപിതാക്കളും സഹോദരങ്ങളും കുട്ടികളുടെ അഭീഷ്ടങ്ങളും അനിഷ്ടങ്ങളും തിരിച്ചറിയാന്‍ കഴിവുള്ളവരായിരിക്കണം. വൈകാരിക പിന്തുണയും തങ്ങളെ പഴിക്കാതെ, കേള്‍ക്കാന്‍ തയ്യാറുള്ള ഒരാളെയുമാണ് അത്തരം ചിന്തകള്‍ തളര്‍ത്തുമ്പോള്‍ കുട്ടികള്‍ക്കാവശ്യം.
നമ്മള് ഓരോരുത്തരും നമുക്ക് ചുറ്റുമുള്ള കുട്ടികളെ കണ്ണുതുറന്നു നോക്കണം. അവരില്‍ എത്രപേര്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നു എന്നുകണ്ടെത്താന്‍ നമുക്കാവണം. അതിനായി വിദ്യാലയങ്ങളില്‍ കുട്ടികളെ പ്രൈമറിതലം മുതല്‍ ഒരു അധ്യയന വര്‍ഷത്തില്‍ രണ്ടോമൂന്നോ പ്രാവശ്യം കൗണ്‍സിലിങ്ങിന് വിധേയരാക്കണമെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ടുവരണം. അത്തരം കൗണ്‍സിലിങ്ങിലൂടെ അച്ഛനമ്മമാരില്‍ നിന്നുള്ള പെരുമാറ്റം മൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തിയാല്‍ മാതാപിതാക്കളെ സ്്കൂളില്‍ വിളിച്ചുവരുത്തി ഉപദേശിച്ചു വിടുന്നതിനപ്പുറം കുട്ടികള്‍ക്ക് വേണ്ടത്ര പരിരക്ഷ ഉറപ്പുവരുത്താന്‍ ഉതകുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ സജ്ജമാക്കാന്‍ കഴിയണം. കുട്ടികള്‍ പീഡനങ്ങള്‍ അനുഭവിക്കുന്നു എന്നു ബോധ്യപ്പെട്ട ഭവനങ്ങള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാന്‍ സ്കൂളില്‍ നിന്നും അധ്യാപരുടെ ഒരു സമിതി കൂടി ഉണ്ടാകുമ്പോള്‍ അത് കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അയല്കൂട്ടങ്ങള്, കുടുംബശ്രീ, ജനമൈത്രി പോലീസ്, വാര്ഡ്മെമ്പര്മാര്, ആശാവര്‍ക്കര്‍മാര്‍, പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചൈല്ഡ്ലൈന് എന്നീ സംവിധാനങ്ങള്‍ ഒത്തിണക്കി ഒരു ശൃംഖല ഉണ്ടാക്കുകയും അതത് പ്രദേശങ്ങളിലെ കുട്ടികളുടെ വളര്‍ച്ച
നിരീക്ഷിക്കാനുള്ള ഒരു സംവിധാനമുണ്ടാക്കാനുമായാല് അവര്‍ക്കു ചുറ്റും ഒരു സംരക്ഷണ വലയമൊരുക്കാന്‍ സമൂഹത്തിനാകും. ചീത്തകൂട്ടുകെട്ടുകളിലും കുറ്റകൃത്യങ്ങളിലും അകപ്പെടാതെ നമ്മുടെ കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരാനും ഒരുപരിധിവരെ അത്തരം സംവിധാനം കൊണ്ടു സാധിച്ചേക്കും.
കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താന്‍ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള ക്ലാസ്സുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഉണ്ടാകേണ്ടതും ആവശ്യമാണ്. വിദ്യാലയാന്തരീക്ഷം വിദ്യാര്‍ത്ഥി സൗഹൃദമാക്കാന്‍ അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ ഭാഗത്തു നിന്ന് തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അവധാനതയോടെ അതുകൈകാര്യം ചെയ്തു തെറ്റ് തിരുത്തുന്നതിനു പകരം അവര്‍ ഏതോ കുറ്റവാളികളാണെന്നു മുദ്രകുത്തുന്ന തരത്തിലുള്ള നിലപാടുകള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ ശ്രദ്ധിക്കണം. എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷാ ഫലങ്ങള്‍ വരുമ്പോഴുള്ള ആത്മഹത്യകള്‍, കുട്ടികള്‍ക്ക് ഒരിക്കല്‍ തോറ്റാലും ജയിച്ചു മുന്നേറാന്‍ വീണ്ടും അവസരങ്ങള്‍ ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുതിര്‍ന്നവര്‍ക്ക് വീഴ്ച പറ്റുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.
മാതാപിതാക്കള്‍ കുട്ടികളോട ്സുഹൃത്തുക്കളോടെന്ന പോലെ സംവദിക്കാനും സ്നേഹിക്കാനും അവര്‍ക്കൊപ്പമുണ്ട് എന്ന് ബോധ്യപ്പെടുത്താനും സാധിക്കണം. വിദ്യാലയങ്ങളില്‍ നിന്ന് ചെറുപ്രായത്തില്‍ കുട്ടികളെ കാഴ്ചബംഗ്ലാവും പോസ്റ്റ്ഓഫീസും മറ്റും സന്ദര്‍ശിക്കാന്‍ കൊണ്ടു പോകുന്ന കൂട്ടത്തില്‍ ചെറിയ ഗ്രൂപ്പുകളില്‍ കുട്ടികളുടെ കാന്‍സര്‍ വാര്‍ഡോ, പച്ചയായ ജീവിതങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയോ കൂടി കാണിച്ചു കൊടുക്കുക. ജീവന് നിലനിര്‍ത്താന്‍ വേണ്ടി പിടയുന്ന പിഞ്ചു കുഞ്ഞുങ്ങളെ അവര്‍ കാണട്ടെ. കൊട്ടാര സദൃശ്യമായ ഭവനങ്ങളും വൃത്തിയുള്ള സാഹചര്യങ്ങളുമുള്ള കുട്ടികള്‍ അടച്ചുറപ്പോ, മേല്‍ക്കൂരയോ പോലുയില്ലാത്ത ഭവനങ്ങളില്‍ ജീവിക്കുന്ന സമപ്രായക്കാരായ കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നും ചെറുപ്പത്തിലേ മനസ്സിലാക്കട്ടെ. ജീവന്റെ വില എന്തെന്നും, അസുഖങ്ങള്‍ ഇല്ലാതെ സര്വേശ്വരന് തങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു എന്നും അവര്‍ തിരിച്ചറിയട്ടെ. മത്സരങ്ങളുടെ ലോകത്ത് അയല്പക്കത്തെ പുറംമോടികളോട് താരതമ്യം ചെയ്തുമാത്രം ജീവിതത്തെ അളക്കാതെ തനിക്കുള്ളതിനെക്കുറിച്ച് ബോധമുള്ളവരും നന്ദിയുള്ളവരുമാകാനും എളിയ ജീവിതം മതി എന്നു തീരുമാനിച്ചു ഏതു സാഹചര്യത്തിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും പ്രാപ്തരായ, പരാതികളെ ഊതിവീര്‍പ്പിക്കാതെ പരിഹാരങ്ങള്‍ തേടാന്‍ മിടുക്കരായ ഒരു തലമുറയെ നമുക്ക് ഒത്തൊരുമിച്ച് വാര്‍ത്തെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: