ഉന്നത സൈനിക-സാങ്കേതിക വിദ്യകളും, വ്യോമസേനാ ഭൂപടങ്ങളും ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങളും മറ്റും കൈമാറുന്നതിന് അമേരിക്കയും ഭാരതവും തമ്മില്‍ ഒപ്പുവച്ച ‘ബെക്ക’ എന്നറിയപ്പെടുന്ന ‘ബേസിക് എക്സ്ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന് എഗ്രിമെന്റ്’ പ്രതിരോധ രംഗത്തെ നിര്‍ണായക ചുവടുവയ്പ്പായാണ് നയതന്ത്ര വിദഗ്ദ്ധര്‍ കാണുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും, ഭാരത വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രതിരോധമന്ത്രി രാജ്നാഥ് സിങും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒപ്പുവച്ചിരിക്കുന്ന ഈ കരാര്‍ അമേരിക്കയെക്കാള്‍ ആവശ്യമുള്ളത് ഭാരതത്തിനാണ്. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ പ്രകോപനപരമായ നീക്കങ്ങളാണ് അമേരിക്കയെ ഇതിന് പ്രേരിപ്പിച്ചതെങ്കില്‍, സാമ്രാജ്യത്വ വികസന മോഹം മുന്‍നിര്‍ത്തി അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന സൈനിക ഭീഷണിയാണ് ഭാരതത്തിന്റെ തീരുമാനത്തിനു പിന്നില്‍. തെക്കന്‍ ചൈനാക്കടല്‍ സ്വന്തം അധീനതയിലാക്കാന്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ക്ക് തടയിട്ട് ജപ്പാനും ആസ്ട്രേലിയയും ഭാരതവും ചേര്‍ന്ന് രൂപംനല്കിയിട്ടുള്ള ‘ക്വാഡ്’ സഖ്യത്തിനുശേഷമുള്ള ഭാരതത്തിന്റെ തന്ത്രപരമായ കരുനീക്കമാണ് അമേരിക്കയുമായി സൈനിക സഹകരണം വര്‍ധിപ്പിക്കാനുള്ള തീരുമാനം. ക്വാഡ് സഖ്യത്തിനും അമേരിക്കയുടെ അനുഭാവവും പിന്തുണയുമുണ്ട്.
കമ്യൂണിസ്റ്റ് ചൈനയുടെ ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ സ്വഭാവം അമേരിക്ക പൂര്‍ണമായും തിരിച്ചറിയുന്നു. വ്യാപാരമേഖലയിലുള്‍പ്പെടെ ചൈനയുടെ പല നടപടികളെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണകൂടം തുറന്നെതിര്‍ക്കുകയാണ്. ഭാരതത്തിനെതിരെ ചൈന ഉയര്‍ത്തുന്ന കടന്നാക്രമണ ഭീഷണിയെ അമേരിക്ക നിരന്തരം ചൂണ്ടിക്കാട്ടുന്നുണ്ട്. ‘ബെക്ക’ കരാറിലൊപ്പിടാന്‍ ഭാരതത്തിലെത്തിയ മൈക്ക് പോംപിയോ തന്നെ അതിനിശിതമായ വിമര്‍ശനമാണ് ചൈനക്കെതിരെ നടത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിഷ്ഠുര വാഴ്ചയെ പ്രതിരോധിക്കാന്‍ ജനാധിപത്യ രാജ്യങ്ങളായ അമേരിക്കയ്ക്കും ഭാരതത്തിനും കഴിയുമെന്ന് പോംപിയോ അഭിപ്രായപ്പെടുകയുണ്ടായി. ഇക്കാര്യത്തില്‍ ഭാരതത്തിന്റെ പങ്കാളിയായിരിക്കും അമേരിക്കയെന്ന് അസന്ദിഗ്ധമായി പോംപിയോ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈന നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുമ്പോഴാണ് ഭാരതത്തിനുള്ള അമേരിക്കയുടെ പിന്തുണ പോംപിയോ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനീസ് ഏകാധിപതി ഷി ജിങ് പിങ്ങിന്റെ പേരെടുത്തു പറഞ്ഞുകൊണ്ട്, ആ രാജ്യത്തെ ഭീഷണി പ്രാദേശിക തലത്തിലോ മേഖലയിലോ ഒതുങ്ങുന്നതല്ലെന്നും, ആഗോളതലത്തിലുള്ളതാണെന്നും പോംപിയോ വിമര്‍ശിച്ചത് ഭാരതത്തിന്റെ നിലപാടുകളെ പൂര്‍ണമായും ശരിയവയ്ക്കുന്നു.
അമേരിക്കയുമായുള്ള പുതിയ സൈനിക കരാര്‍ ഭാരതത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും ചൈനയ്ക്കെതിരാണെന്ന സത്യം മറച്ചുവയ്ക്കേണ്ട കാര്യമില്ല. ഇതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിനും ഇടതുപാര്‍ട്ടികള്‍ക്കും ‘ബെക്ക’ കരാര്‍ രുചിക്കില്ല. തങ്ങളെ അധികാരത്തിനു പുറത്തുനിര്‍ത്തുന്ന മോദി ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ ചൈനയുടെ പക്ഷം പിടിക്കുകയാണല്ലോ കോണ്‍ഗ്രസ്സ്. ചൈനയെ പിതൃഭൂമിയായി കാണുകയും, ആ രാജ്യത്തിന്റെ കടന്നാക്രമണങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന ഇടതുപാര്‍ട്ടികള്‍ മോദി സര്‍ക്കാര്‍, ഭാരതത്തെ അമേരിക്കയുടെ സാമന്ത രാജ്യമാക്കി മാറ്റുകയാണെന്ന് വിമര്‍ശിച്ചിരിക്കുന്നു! എന്നോ കാലഹരണപ്പെട്ട ചേരിചേരാ നയത്തിന്റെ തടവുകാരായി കഴിയുന്ന ഇക്കൂട്ടര്‍ സ്വന്തം രാഷ്ട്രത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുകയോ മാനിക്കുകയോ ചെയ്യുന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള യക്ഷിക്കഥകള്‍ പറഞ്ഞുണ്ടാക്കി ഭാരതത്തിന്റെ സുരക്ഷയെ അവഗണിക്കുന്നവരെ ജനങ്ങള്‍ക്കു മുന്പില് തുറന്നുകാണിക്കണം. ഭാരതത്തിന്റെ മുഖ്യശത്രു ചൈനയാണ്. ഈ വിപത്തിനെ നേരിടാന്‍ അമേരിക്കയെപ്പോലൊരു മിത്രം നമുക്കില്ല. 1962 ല്‍ അത് തെളിഞ്ഞതാണ്. മേഖലയിലെ തങ്ങളുടെ ആധിപത്യത്തിന് തിരിച്ചടി നേരിടുമെന്ന് മനസ്സിലാക്കി ഭാരതത്തിന്റെ മുന്നേറ്റം തടയാന്‍ സര്‍വതന്ത്രങ്ങളും പയറ്റുന്ന ചൈനയെ ചെറുക്കാന്‍ അമേരിക്ക നമ്മുടെ ഉറ്റമിത്രമായിരിക്കും. ഈ മൈത്രി കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: