കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് സംഘം അറസ്റ്റു ചെയ്തു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ ഇന്നു രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫിസില്‍ എത്തിച്ചിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് ആറു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് എന്നിവയാണ് കുറ്റം.ഇന്ന് പ്രത്യേക സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കും.ദല്‍ഹിയില്‍ കസ്റ്റംസ്, ഇ ഡി ഏജന്‍സികളുടെ തലവന്മാരുമായി കൂടിയാലോചന നടത്തിയ ശേഷമായിരുന്നു അറസ്റ്റിന് തീരുമാനിച്ചത്.
കേരളത്തിന്റെ ചരിത്രത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ് എം. ശിവശങ്കര്‍. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ഉടന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി എന്ന സുപ്രധാന സ്ഥാനത്തേക്ക് ശിവശങ്കറെ അവരോധിച്ചത് പിണറായിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു. സ്വര്‍ണക്കടത്തിന്റെ ആദ്യഘട്ടത്തില്‍ ശിവശങ്കറിന്റെ പേര് പ്രതി സ്ഥാനത്ത് ഉയര്‍ന്നു കേട്ടപ്പോള്‍ തന്റെ വിശ്വസ്തനെ ഏതുവിധേനയും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു പിണറായി.
എന്നാല്‍, കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കുകയും താനും കുടുങ്ങുമെന്ന് ഉറപ്പായതോടെയുമാണ് പിണറായി തന്റെ സെക്രട്ടറി സസ്പെന്‍ഡ് ചെയ്യാന്‍ തയാറായത്. ബിജെപി അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ത്തിയ എല്ലാ കാര്യങ്ങളും യാഥാര്‍ത്ഥ്യമാണെന്ന് തെളിയുന്നതാണ് ഇപ്പോള്‍ നടന്ന അറസ്റ്റ്. ശിവശങ്കരന് അറസ്റ്റിലായതോടെ മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.
updating..
പ്രതികരിക്കാൻ ഇവിടെ എഴുതുക: