തൃശൂര്‍: കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത, സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായര്‍ എന്നിവരെ പുറത്താക്കണമെന്ന് നാടകപ്രവര്‍ത്തകരുടെ സംഘടനയായ നാടക്. ഈ ആവശ്യം ഉന്നയിച്ച് നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. ആര്.എല്‍.വി. രാമകൃഷ്ണന് മോഹിനിയാട്ടം വേദി നല്‍കാത്ത പശ്ചാത്തലത്തില്‍ അക്കാദമിക്ക് മുന്പില് നാടക് ആരംഭിച്ച സമരം ഇന്ന് 23-ാം ദിവസത്തിലേക്ക്.
കല വളര്‍ത്താനും പരിപോഷിപ്പിക്കാനും ചുമതലയുള്ള അക്കാദമി കലാകാരന്മാരെ അപമാനിക്കുന്നത് നിത്യസംഭവമാണെന്ന് നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ഷൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അക്കാദമിയെ കലാവിരുദ്ധ ഇടമാക്കി മാറ്റിയ ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവരെ പുറത്താക്കണം. ചെയര്‍പേഴ്സന്റെ പേരില്‍ അക്കാദമി വെബ്സൈറ്റില്‍ ആര്.എല്‍.വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് വന്ന പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കുക, ചെയര്‍പേഴ്സന്റെ അറിവില്ലാതെ പ്രസ്താവന തയാറാക്കിയ ഉദ്യോഗസ്ഥനും അതിന് പ്രേരിപ്പിച്ച സെക്രട്ടറിക്കുമെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ബന്ധപ്പെട്ട അധികാരികള്‍ക്കെല്ലാം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും നാടക് ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഫയലില്‍ സ്വീകരിച്ചുവെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. സാംസ്ക്കാരികമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സാംസ്ക്കാരിക വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ചുമതലയേറ്റ നാള് മുതല്‍ കലാകാരന്മാരെ അവഹേളിക്കുന്ന സമീപനമാണ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് നാടക് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നാടകസംഘങ്ങളെ അപമാനിക്കുകയും അവരെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നത് സെക്രട്ടറിയുടെ വിനോദമാണ്.
സെക്രട്ടറിക്ക് ഉറക്കത്തിന് ഭംഗം വരുമെന്നതിനാല്‍ രാത്രി എട്ട് മണിക്ക് ശേഷം നാടകപരിശീലനം നടത്തുന്നതിനും അക്കാദമി പരിസരം വിട്ടുനല്‍കുന്നില്ല. ആര്‍ട്ടിസ്റ്റുകള്‍ക്കായി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്സ് നാടകക്കാര്‍ക്ക് വാടകയ്ക്ക് നല്കുന്നതില് വിമുഖത കാണിക്കുകയും അതേസമയം ഉദ്യോഗസ്ഥര്‍ സ്ഥിരതാമസം നടത്തുകയാണെന്നും ആരോപണമുണ്ട്.
സമരം തുടങ്ങി 22 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. വരും ദിവസങ്ങളില്‍ തുടര്‍സമരത്തിന്റെ അന്തിമരൂപമാകും. ജില്ലാ പ്രസിഡന്റ് കെ.ബി. ഹരി, ജില്ലാ സെക്രട്ടറി രാജേഷ് നാവത്ത്, നാടക സംവിധായകന് കെ.വി. ഗണേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: