കൊല്ലം: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുമ്പോഴും കടുത്ത ആശങ്കയില്‍ ഹൗസ്ബോട്ട് മേഖല. ലോക് ഡൗണ്‍ ആരംഭിച്ചതോടെ പ്രതിസന്ധിയാലായ ഹൗസ് ബോട്ട് ഉടമകളും തൊഴിലാളികളും സംസ്ഥാനത്തെ ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പുതുജീവന്‍ വയ്ക്കുമെന്ന പ്രതീക്ഷയിലാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സഞ്ചാരികളെ എല്ലായിടത്തും പ്രവേശിപ്പിക്കുന്നത്. അതിനാല്‍ വലിയ വിനോദസഞ്ചാര സംഘങ്ങളെ പരിഗണിക്കില്ല. നാലു മുതല്‍ പത്തുവരെ ആളുകളെ ശരീരോഷ്മാവ് ഉള്‍പ്പെടെ പരിശോധിച്ചശേഷം മാത്രമേ ബോട്ടുകളില്‍ പ്രവേശിപ്പിക്കൂ. ഇതിനാല്‍ കുടുംബമായി വരുന്ന സഞ്ചാരികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. രോഗവ്യാപനം വര്‍ദ്ധിച്ചു നില്ക്കുന്ന സാഹചര്യത്തില്‍ ആളുകളെ കണ്ടെത്താനുള്ള സൗകര്യം പരിഗണിച്ചാണ് ഈ തീരുമാനം.
വിനോദസഞ്ചാര മേഖല സ്തംഭിച്ചതോടെ വരുമാനമില്ലാതെ ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലായിരുന്നു ബോട്ടുടമകളും ഒപ്പം തൊഴിലാളികളും. പല ബോട്ടുകളും കൃത്യമായ സംരക്ഷണം ലഭിക്കാതെ നശിക്കുന്ന അവസ്ഥയിലുമായി. വെയിലും മഴയുമേറ്റ് ആറുമാസക്കാലമാണ് ബോട്ടുകള്‍ വെള്ളത്തില്‍ തന്നെ കിടന്നത്. തൊഴിലാളികളെ നണ്ടിര്ത്താന് പണമില്ലാത്തതിനാല്‍ ഇവ പൊടിതട്ടി വൃത്തിയാക്കിയിരുന്നതും ഉടമകള്‍ തന്നെ. കൊല്ലം ജില്ലയ്ക്കൊപ്പം ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു.
ഹില്‍ സ്റ്റേഷനുകള്‍, സാഹസിക വിനോദകേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തുറക്കുമ്പോള്‍ ബീച്ചുകള്‍ തുറക്കാന്‍ നവംബര്‍ ഒന്നുവരെ കാത്തിരിക്കണം. ടൂറിസം മേഖല ഉണരുന്നതോടെ ഹോംസ്റ്റേകളും സജീവമാകും. ഇതര സംസ്ഥാന സഞ്ചാരികളെയും വിദേശികളെയും നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പ്രവേശിപ്പിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: