കൊല്ലം: കോര്‍പ്പറേഷനിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇടതുമുന്നണിയില്‍ തീരുമാനം അടുത്തയാഴ്ചയുണ്ടാകും. മുന്നണിക്ക് നേതൃത്വം നല്കുന്ന സിപിഎം 35 സീറ്റിലും രണ്ടാമത്തെ കക്ഷിയായ സിപിഐ 17 സീറ്റിലുമാണ് കഴിഞ്ഞ തവണവരെ മത്സരിച്ചത്. പുതുതായി മുന്നണിയിലെത്തിയ മൂന്നുകക്ഷികളും ആനുപാതികമായ സീറ്റുകള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയതോടെ സ്വന്തം സീറ്റുകളില്‍ പരമാവധി ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ വിയര്‍ക്കുകയാണ് സിപിഎമ്മും സിപിഐയും.
കേരളകോണ്‍ഗ്രസ് ബി, ജനതാദള്‍, ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ക്ക് ഒരുസീറ്റുവീതം കഴിഞ്ഞതവണ മത്സരിക്കാന്‍ നല്‍കിയിരുന്നു. ഇതില്‍ ഫോര്‍വേഡ് ബ്ലോക്കിന് കഴിഞ്ഞതവണ ആദ്യമായാണ് മത്സരിക്കാന്‍ സീറ്റുകൊടുത്തത്. പാര്‍ട്ടിയാകട്ടെ ജയിച്ചുമില്ല. ഈ പാര്‍ട്ടി ഇപ്പോള്‍ യുഡിഎഫില്‍ ചേക്കേറിയ സാഹചര്യത്തില്‍ അവരുടെ സീറ്റ് പുതുതായി വന്നിരിക്കുന്ന ഐഎന്‍എലിന് കൊടുക്കാനാണ് സിപിഎം ആലോചിക്കുന്നത്. എന്നാല്‍ ഇതോടൊപ്പം കേരളകോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം, കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ നയിക്കുന്ന ആര്‍എസ്പി എല്‍ എന്നിവരും സീറ്റിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ഘടകകക്ഷികളുടെ സമ്മര്‍ദ്ദം അതിജീവിക്കാനും സീറ്റ് വിഭജന ഫോര്‍മുല കണ്ടെത്താനുമായി സിപിഎമ്മും സിപിഐയും ഉഭയകക്ഷിചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ തവണ പുതുതായി രൂപംകൊണ്ട മതിലില്‍ ഡിവിഷനില്‍ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടിയിരുന്നു. അതിനാല്‍ ഇവിടെ യുഡിഎഫ് അനായാസ വിജയം നേടി. ഈ വീഴ്ച ആവര്‍ത്തിക്കരുതെന്ന കര്‍ശനനിലപാടും ഉഭയകക്ഷി ചര്‍ച്ചയില്‍ അജണ്ടയാണ്.
നിലവില്‍ നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത, എന്നാല്‍ മുന്നണിയിലുള്ള എല്‍ജെഡി, ജെഎസ്എസ്, ജനാധിപത്യകേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സ്കറിയാ വിഭാഗം എന്നിവരെ പരിഗണിക്കില്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്. 2000ല്‍ കൊല്ലം കോര്പ്പറേഷന് നിലവില്‍വന്ന ശേഷം തുടര്‍ച്ചയായി ഇടതുഭരണമാണ്. മുനിസിപ്പാലിറ്റിയായിരുന്നപ്പോള്‍ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ് ഫലത്തില്‍ നിഷ്പ്രഭരാണ്. സംസ്ഥാനഭരണത്തിന്റെ പിന്തുണയോടെ വീണ്ടും അധികാരത്തിലെത്താമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: