ന്യൂദല്‍ഹി : വിശ്വസ്തനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുത്തതില്‍ പിണറായി മുഖ്യമന്ത്രിപദം രാജിവെച്ചൊഴിയണമന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന്. സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ നാണക്കേടിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെച്ച് സിപിഎമ്മിലെ മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തതോടെ അന്വേഷണ ഏജന്‍സികള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഇതോടെ വ്യക്തമായി. ഇതുവരെ സ്വര്‍ണക്കടത്തില്‍ നേരിട്ടു പങ്കുള്ളവരെയാണ് പിടികൂടിയത്. ഇനി അതിനു സഹായിച്ചവരിലേക്കെത്തുകയാണെന്നും മുരളീധരന് പറഞ്ഞു.
കേരള സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും എല്ലാം അതിശക്തമായ പ്രതിരോധത്തെയും അന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. കേസിന്റെ തെളിവുകള്‍ നശിപ്പിക്കാനും അട്ടിമറിക്കാനുമുളള ശ്രമങ്ങളെ ചെറുത്തുതോല്പിച്ചുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ നിര്‍ണായകമായ ഒരു ഘട്ടത്തിലെത്തിയിരിക്കുകയാണ്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നേരിട്ട് പങ്കാളിയായിട്ടുള്ളവരില് നിന്ന് ശിവശങ്കറിലേക്ക് വരെ അന്വേഷണം എത്തി. കേസില്‍ ഉന്നതര്‍ക്കുള്ള പങ്കാളിത്തം പുറത്തുവരുന്നതിന്റെ തുടക്കമായിട്ടാണ് ഇതിനെ കാണുന്നത്. അന്വേഷണം ശിവശങ്കറില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന കാര്യമാണെന്ന് ബി.ജെ.പി. കരുതുന്നില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: