അടിമാലി: അടിമാലി പഞ്ചായത്തിനു സമീപം നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍. മറ്റൊരാള്‍ ഓടി രക്ഷപെട്ടു. പണിക്കന്‍കുടി സ്വദേശി ആല്ബിന് ജോസഫ്(26) ആണ് അറസ്റ്റിലായത്. മുള്ളരിക്കുടി സ്വദേശി പാറശ്ശേരില്‍ രാജേഷ് രവീന്ദ്രനാണ് രക്ഷപെട്ടത്.
ഇന്നലെ രാവിലെ ഒമ്പതോടൈ എറണാകുളം ഭാഗത്ത് നിന്ന് വരുന്നയാള്‍ക്ക് കൈമാറാന്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവുമായി കാത്തുനില്‍ക്കുന്നതിനിടെയാണ് പ്രതി
പിടിയിലായത്. കമ്പത്ത് നിന്നും കാട്ടിലൂടെ തലച്ചുമടായി അതിര്‍ത്തി കടത്തിക്കൊണ്ടുവന്ന് 12,000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് കിലോഗ്രാമിന് 30,000 രൂപയ്ക്കാണ് വിറ്റിരുന്നത്.
ഒരു മാസത്തിലധികമായി ഇരുവരും എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇരുവരും നേരത്തേയും കഞ്ചാവ് കേസില്‍ പ്രതികളാണ്. രാജേഷ് രവീന്ദ്രന് എറണാകുളത്ത് പിടിയിലായി ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്.
ഓടി രക്ഷപ്പെട്ടയാളിനായി അന്വേഷണം വ്യാപിപ്പിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥരായ റ്റി.വി. സതീഷ്, കെ.എസ.് അസീസ്, സാന്റി തോമസ്, കെ.എസ്. മീരാന്‍, ഹാരിഷ് മൈതീന്‍, സച്ചു ശശി, ശരത് എസ്.പി. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: