ചെറുതോണി: ജില്ലാ ആസ്ഥാനത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നടപടിയില്ല. ഓടകളും വഴിയോരവും വിവിധ തരം മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. കൊറോണ ഉള്‍പ്പെടെ സാംക്രമിക രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ടൗണുകളിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പോലും മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ ഇതുവരെ തയാറാകുന്നില്ല. ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിലെ അധികൃതരാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്.
എന്നാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതെ തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണ്. മാലിന്യം നിക്ഷേപിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച വേസ്റ്റ് ബിന്നുകള്‍ പൂര്‍ണ്ണമായി തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. മുമ്പ് എല്ലാ ദിവസവും ക്യത്യമായി മാലിന്യം നീക്കം ചെയ്യുകയും ചെറുതോണി അണക്കെട്ടിന് സമീപത്ത് സ്ഥാപിച്ചിരുന്ന പ്ളാന്റില്‍ സംസ്കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മാസത്തില്‍ ഒരിക്കല്‍ പോലും മാലിന്യം നീക്കാന്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
ചെറുതോണി, തടിയമ്പാട്, കരിമ്പന്‍, പൈനാവ് എന്നീ കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ച് നടത്തി വന്നിരുന്ന പദ്ധതിയാണ് ഇപ്പോള്‍ നിലച്ചിരിക്കുന്നത്. കോളനികളില്‍ താമസിക്കുന്നവര്‍ സ്വന്തമായി പുരയിടമില്ലാത്തതിനാല് പ്രത്യേകം ഒരുക്കിയിരുന്ന വേസ്റ്റ് ബിന്നുകളിയാലിരുന്നു മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ഇവ തുരുമ്പെടുത്ത് നശിച്ചതോടെ വഴിയരികിലും ചെറുതോണി തോട്ടിലും ഓടകളിലും മാലിന്യം നിക്ഷേപിക്കേണ്ട ഗതികേടിലാണ്.
ചെറുതോണി-തൊടുപുഴ വഴിയില്‍ പെട്രോള്‍ പമ്പിനും സെന്‍ട്രല്‍ ജങ്ഷനും മധ്യഭാഗത്തായി വഴിയരികിലും ഓടകളിലും പ്ളാസ്റ്റിക്ക് ഉള്‍പ്പെടെ വിവിധ തരം മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിട്ടുണ്ട് .പഞ്ചായത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി കൂടാതെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളുമായി ചേര്‍ന്ന് എല്ലാ ദിവസം ടൗണ്‍ ശുചിയാക്കുന്ന പദ്ധതിയും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.
പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് അതാത് ദിവസങ്ങളില്‍ മാലിന്യം നീക്കം ചെയ്യണമെന്ന് വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: