ചെറുതോണി: വാത്തിക്കുടിയില്‍ 70 ലക്ഷം ചെലവില്‍ നിര്‍മ്മിച്ച പഞ്ചായത്ത് റോഡ് ആറുമാസത്തിനുള്ളില്‍ തകര്‍ന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാര്‍ഡിലാണ് ഈ ക്രമക്കേട് നടന്നത്.
മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഉപ്പുതോട് ആര്യപ്പള്ളിപ്പടി റോഡാണ് കരാറുകാരന് ബില്ലുമാറിയ അടുത്ത ദിവസങ്ങളില്‍ തന്നെ പണി പൂര്‍ത്തീകരിച്ച മുഴുവന്‍ ഭാഗവും പൊളിഞ്ഞു പോയത്. കാലങ്ങളായി നാട്ടുകാര്‍ ഉപയോഗിക്കുന്ന റോഡിന്റെ
നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് 70 ലക്ഷം നീക്കി വച്ച് നിര്‍മ്മാണം നടത്തിയത്. പഴയ റോഡ് ആയതിനാല്‍ മണ്‍വേലകള്‍ കാര്യമായി ഉണ്ടായില്ല. 400 മീറ്റര്‍ ദൂരം മാത്രമാണ് റോഡ് ടാര്‍ ചെയ്തത്. 20 മീറ്ററും 30 മീറ്ററും വീതം ഓരോ കരിങ്കല്‍ കെട്ടുകളും 25 മീറ്റര്‍ കോണ്‍ക്രീറ്റ് ഭിത്തിയുമാണ് നിര്‍മ്മിച്ചത്. ആറുമാസം പോലുമെത്തുന്നതിന് മുന്നേ റോഡ് പൂര്‍ണ്ണമായി തകര്‍ന്ന് നാട്ടുകാര്‍ക്ക് നടക്കുവാന്‍ പോലും കഴിയാതായി.
വേണ്ടത്ര അളവില്‍ മെറ്റലും ടാറും ഉപയോഗിക്കാതെ നിരുത്തരവാദപരമായും കരാറുകാരന് ഒത്താശ ചെയ്യുംവിധത്തിലും നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് റോഡ് തകരാന്‍ ഇടയായതെന്നാണ് പരാതി. വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന്റെയും കൂട്ടുകച്ചവത്തെ തുടര്‍ന്ന് റോഡില്‍ മുടക്കാതെ ഭൂരിഭാഗം തുകയും തട്ടിയെടുത്തതായാണ് നാട്ടുകാരുടെ ആരോപണം.
സമീപത്തു തന്നെ പണികള്‍ പുരോഗമിക്കുന്ന കരിമ്പന്‍ മുരിക്കാശ്ശേരി പ്രധാന പാതയില്‍ ഒരു കിലോമീറ്റര്‍ ദൂരം ബിഎം ആന്റ് ബിസി നിലവാരത്തില്‍ പണിയുന്നതിന് ഒരു കോടി മാത്രമാണ് എസ്റ്റിമേറ്റ് തുക.
ഈ സാഹചര്യത്തില്‍ ഒരു പഞ്ചായത്ത് റോഡ് മൂന്ന് മീറ്റര്‍ വീതിയില്‍ 400 മീറ്റര്‍ ടാര്‍ ചെയ്തതിനും എഴുപത് മീറ്ററോളം കെട്ടുന്നതിനുമായി 70 ലക്ഷം ചെലവഴിച്ചതായി കണക്കുണ്ടാക്കി തുക തട്ടിയെടുത്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്കും വിജിലന്‍സ് കോടതിയിലും പരാതി കൊടുക്കുവാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: