നെന്മേനി: കൊറോണ പോസിറ്റീവായ വനവാസി യുവതിയുടെ കുഞ്ഞിനെ അവഗണിക്കുന്നതായി പരാതി. നെന്മേനി കൊന്നമ്പറ്റ കാട്ടുനായ്ക്ക കോളനിയിലെ രണ്ടു വയസ്സുകാരനെ ആണ് പോഷകാഹാരം പോലും നല്‍കാതെ ആരോഗ്യപ്രവര്‍ത്തകര്‍ അവഗണിക്കുന്നത്.
ആശാവര്‍ക്കര്‍മാര്‍ പാല്‍പ്പൊടി പോലും കുഞ്ഞിനു നല്‍കിയില്ലെന്നാണ് കോളനിക്കാര്‍ പറയുന്നത്. കുഞ്ഞിന്റെ അമ്മ കൊറോണ ചികിത്സയില്‍ ആയതോടെയാണ് ഇങ്ങനെ ഒരു അവസ്ഥ. പാല്‍പ്പൊടി ഇല്ലാത്തതിനാല്‍ കഞ്ഞിവെള്ളം ആണ് നല്‍കുന്നതെന്ന് കുഞ്ഞിന്റെ മുത്തശ്ശി പറയുന്നു. കുട്ടിയുടെ അമ്മ ജിജി കൊറോണ പോസിറ്റീവ് ആയതോടെ രണ്ടു വയസ്സുള്ള മകന് മുത്തശ്ശിയോടൊപ്പം ആണ് താമസിക്കുന്നത്.
ജിജി ഇപ്പോള്‍ കൊറോണ നെഗറ്റീവ് ആണെങ്കിലും കുറച്ചുനാള്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. മുലപ്പാലിന് പകരം പാല്‍പ്പൊടി നല്‍കിയായിരുന്നു മുത്തശ്ശി സുശീല കുഞ്ഞിന്റെ വിശപ്പ് അകറ്റിയിരുന്നത്. പാല്‍പ്പൊടി തീര്‍ന്നതിനെ തുടര്‍ന്ന് ആശാവര്‍ക്കര്‍മാരെ അറിയിച്ചു. പാല്‍പ്പൊടിക്ക് പൈസ നല്‍കണമെന്നായിരുന്നു ആശാവര്‍ക്കര്‍മാരുടെ മറുപടി. പൈസ ഇല്ലാത്തതിനാല്‍ തന്നെ പാല്‍പ്പൊടി നല്‍കിയില്ലെന്ന് കുഞ്ഞിന്റെ മുത്തശ്ശി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: