കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് ഹൈക്കോടതി. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്.
കേസില്‍ അറസ്റ്റിലാകുന്നത് ഒഴിവാകുന്നതിനുള്ള പിടിവള്ളിയാണ് ഇപ്പോള്‍ ശിവശങ്കറിന് നഷ്ടമായത്. അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അന്വേഷണ ഏജന്‍സികള്‍കള്‍ക്ക് ശിവശങ്കറിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാവുന്നതാണ്.
സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിരുന്നു.
എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടില്‍ പങ്കില്ലെന്നും തന്നെ ജയിലിലടക്കാന്‍ ആണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നുമാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അറിയിച്ചിരുന്നത്.
അതേസമയം ശിവശങ്കര്‍ നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് കടുത്ത നടുവ് വേദനയുണ്ടെന്നും കുറച്ചു ദിവസം കൂടി ചികിത്സ തുടരേണ്ടതുണ്ടെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: